ഭരണഭാഷ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റ് നടത്തണം : മലയാള ഐക്യവേദി

1956 ൽ കേരളം രൂപീകരിക്കുകയും 1969ൽ ഭരണഭാഷാ നിയമം വരികയും 2015ൽ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തെങ്കിലും, സർക്കാർ ഉത്തരവുകളും വിജ്ഞാപനങ്ങളും ബോർഡുകളും ഇന്നും ഇംഗ്ലീഷിൽ തുടരുന്ന സാഹചര്യത്തിൽ ഇന്നുവരെ നടന്ന ഭരണഭാഷാ പ്രവർത്തനങ്ങൾ ഭാഷാപ്രവർത്തകരെക്കൂടിച്ചേർത്ത് സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്ന് മലയാള ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ പ്രതിമാസ നടപടിക്കുറിപ്പ് പോലും 2024 സപ്തംബർ മുതൽ ഇംഗ്ലീഷിലേക്ക് മടങ്ങിപ്പോയ സാഹചര്യവും കീഴ്ക്കോടതി ഭാഷ ഇനിയും മലയാളമാവാത്ത സാഹചര്യവും സമ്മേളനത്തിൽ ചർച്ചയായി. വിക്കിപീഡിയയുടെ ഭാഷാസാങ്കേതിക് വിഭാഗം പ്രിൻസിപ്പൽ സോഫ്ട്വെയർ എഞ്ചിനിയറായ സന്തോഷ് തോട്ടിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാങ്കേതികതയുമായി ചേർന്നു മാത്രമാണ് ഭാഷയ്ക്ക് വികസിക്കാൻ സാധിക്കൂ എന്നും അല്ലെങ്കിൽ വീട്ടിൽ മാത്രം ഉപയോഗിക്കാവുന്ന ഭാഷയായി ഭാഷകൾ മുരടിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോളണികളായിരുന്ന രാജ്യങ്ങളിലെ ഭാഷകൾക്കെല്ലാം ഉണ്ടായിരുന്ന വിനാശഭീഷണിയിൽനിന്ന് കുറച്ചു ഭാഷകളെങ്കിലും ഭാഷാസാങ്കേതികതയുടെ വികാസത്തോടെ രക്ഷപ്പെട്ടിട്ടുണ്ട്. മലയാളം അക്കൂട്ടത്തിൽ ഒന്നാണെന്നും എങ്കിലും നാം പരമ്പരാഗതമായ വ്യാകരണ സങ്കല്പത്തിൽ നിന്നും ഭാഷയെ സംബന്ധിക്കുന്ന യാഥാസ്ഥിതികബോധത്തിൽനിന്നും രക്ഷപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024 ലെ ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരം നേടിയ ഡോ. സീമ ജെറോമിനെ ഐക്യമലയാള പ്രസ്ഥാനം ജന. സെക്രട്ടറി ഹരിദാസൻ ആദരിച്ചു.

ജില്ലാ പ്രസിഡണ്ട് വൈഷ്ണവി. വി അധ്യക്ഷയായ ചടങ്ങിൽ എസ് എൻ സന്ധ്യ, ആർ ഗോപകുമാർ ഉണ്ണിത്താൻ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് “ജനാധിപത്യത്തിൻ്റെ ഭാഷ” എന്ന വിഷയത്തിൽ ഡോ. സീമ ജെറോം, ഡോ. എം.വി തോമസ്, ആർ നന്ദകുമാർ , സതീഷ് കിടാരക്കുഴി, ഡോ. പ്രവീൺരാജ്, ഡോ. ആർ.പി ശിവകുമാർ എന്നിവർ സംസാരിച്ചു. സംഘടനാ സമ്മേളനത്തിൽ ഡോ. ടോ മാത്യു (സംസ്ഥാന കൺവീനർ, മലയാള ഐക്യവേദി) നയരേഖ അവതരിപ്പിച്ചു. സജു കോച്ചേരി, സരിത വി, പവിത്ര എം.വി എന്നിവർ സംസാരിച്ചു. മലയാള ഐക്യവേദി ജില്ലാ ഭാരവാഹികളായി വിനോദ്കുമാർ വി (പ്രസിഡൻ്റ്) സതീന്ദ്രൻ പന്തലക്കോട് ( വൈ. പ്രസിഡണ്ട്) വൈഷ്ണവി. വി (സെക്രട്ടറി) സരിത എസ് (ജോ. സെക്രട്ടറി) പവിത്ര എം.വി (കൺവീനർ) മണിയമ്മ വി.ആർ (ജോ. കൺവീനർ) സെൻസൺ എൻ.വി (ഖജാൻചി) എന്നിവരെയും വിദ്യാർത്ഥി മലയാള വേദി ജില്ലാ കൺവീനറായി ഹരിശ്രീറാമാം എച്ച് നെയും ജോ.കൺവീനറായി ആതിര. വിയെയും തിരഞ്ഞെടുത്തു.
.