എസ് രൂപിമ (ജനറല്‍സെക്രട്ടറി, മലയാള ഐക്യവേദി)

മലയാളമെന്ന ഭാഷകൊണ്ടുകൂടിയാണ് കേരളമെന്ന ദേശം സങ്കല്പ്പിക്കപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ സാംസ്കാരിക – രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഊന്നൽ ഒരുപരിധിവരെ ഭാഷാപരമായ അസ്ഥിത്വത്തെ സാമൂഹിക മുന്നേറ്റത്തിന്റെ കേന്ദ്രത്തിൽ ഉറപ്പിക്കുന്നതിലാണ് ശ്രദ്ധവച്ചത്. വിദ്യാഭ്യാസത്തിനും ഭരണത്തിനും ആരാധനയ്ക്കും തൊഴിൽ നേടുന്നതിനും അടിസ്ഥാനമാകുന്ന ഒരു മാതൃഭാഷാമണ്ഡലത്തെയാണ് നവോത്ഥാന ചർച്ചകൾ രൂപപ്പെടുത്തിയതെന്ന് കാണാം. ഈ ഭാഷാവബോധവും ഭാഷാവകാശബോധവും സ്വീകാര്യത നേടിയതുകൊണ്ടുകൂടിയാണ് ജാതി-മത-വർണ-വർഗ്ഗ സങ്കല്പങ്ങളുടെ വൈവിധ്യങ്ങളെ ഭാഷകൊണ്ട് ദേശത്തോട് കൂട്ടിയിണക്കാനായത്. ഇതുതന്നെയാണ് ഇന്ത്യ എന്ന ഫെഡറൽ സംവിധാനത്തിനുള്ളിലേക്ക് വിവിധ ഭാഷാദേശീയതകളുടെ സമന്വയത്തെ സാധ്യമാക്കുകയും വൈവിധ്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുതന്നെ ഇന്ത്യ എന്ന ആശയത്തോട് ചേരാൻ വിവിധ ദേശങ്ങളെ പ്രാപ്തമാക്കുകയും ചെയ്തത്.

ഹിന്ദുത്വശക്തികൾ ഈ ഫെഡറൽ സങ്കല്പത്തെ തകർക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയിൽ ഏകഭാഷാവാദം മുന്നോട്ടുവയ്ക്കുന്നത്. ഹിന്ദുത്വവാദ ആശയങ്ങൾ യൂണിയൻ ഗവൺമെന്റിനെ നയിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദി ആധിപത്യം ഉറപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ ഇതിനു തെളിവാണ്. അത് ഭരണതലത്തിലുള്ള ഇടപെടലായി മാത്രം കണ്ടുകൂടാ. അധികാരമേറ്റതിന് തൊട്ടു പിറ്റേദിവസം സർക്കാർ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും അവരുടെ സാമൂഹ്യമാധ്യമപോസ്റ്റുകൾ ഹിന്ദിയിലെഴുതണമെന്ന് നിഷ്ക്കർഷിച്ചതു മുതൽ (മാധ്യമം, 2017ഏപ്രിൽ 29) തപാലാപ്പീസുകളുടെ ഫോമുകളുൾപ്പെടെ ഹിന്ദിയിലേക്ക് മാറ്റുന്നതു വരെ ഇതിന്റെ തുടർച്ചയാണ്. നിത്യത്തൊഴിലുകാരുടെയും കർഷകരുടെയും ചെറിയ സമ്പാദ്യപദ്ധതികളുൾപ്പെടെ നിലനില്ക്കുന്ന താപാൽ ഓഫീസുകളിൽ അഹിന്ദി സംസ്ഥാനങ്ങളിൽ അടിസ്ഥാനവിഭാഗത്തിലെ ജനങ്ങൾക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. തൊഴിൽപരീക്ഷകളിലും ഇന്റർവ്യൂകളിലും സർക്കാർ വകുപ്പുകളിലും ഹിന്ദി മാധ്യമത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതിനു പുറമേയാണ് നിത്യജീവിത വിനിമയങ്ങളിലും ഹിന്ദിയിലൂന്നിയ ഏകഭാഷാവാദം ശക്തമാകുന്നത്. തമിഴ് നാട്ടിലെ ഡി എം കെ നേതാവ് സ്റ്റാലിൻ, ബംഗാളിലെ തൃണമൂൽ നേതാവ് സൌഗതറോയ്, കർണാടകയിലെ ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ആന്ധ്രയിലെ ലോക് സത്ത നേതാവ് ജയപ്രകാശ നാരായൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കോണുകളിൽ നിന്നുയരുന്ന പ്രതിരോധങ്ങൾ ഏകഭാഷാവാദത്തിനെതിരെയുള്ള അതിശക്തമായ സ്വരങ്ങളായി എണ്ണപ്പെടേണ്ടതുണ്ട്. കേരളം എന്ന ദേശസ്വത്വത്തെ പ്രതിരോധാത്മകമായി മുന്നോട്ടുവയ്ക്കുന്നതിൽ ഈ പശ്ചാത്തലം കൂടി പ്രവർത്തിക്കേണ്ടതാണ്.

ഭരണഘടനാപരമായ അവകാശങ്ങൾ മലയാളത്തോടൊപ്പം കേരളത്തിലെ ന്യൂനപക്ഷഭാഷകൾക്കും നൽകിക്കൊണ്ടാണ് ഭരണഭാഷ മലയാളമെന്ന് ഉറപ്പിക്കപ്പെടുന്നത്. സംസ്ഥാനരൂപീകരണഘട്ടത്തിൽ കോമാട്ടിൽ അച്യുതമേനോന്റെ സമിതിയുൾപ്പെടെ ഭരണതലത്തിൽ നടന്ന ഇടപെടലുകളുടെയും മലയാളി ദേശീയതയെ മുന്നോട്ടുവയ്ക്കുന്ന ഇ എം എസ്സിന്റെ ശ്രമങ്ങളുൾപ്പെടുന്ന ജനകീയസമരങ്ങളുടെയും ഭാഗമായി തുടങ്ങിവെയ്ക്കപ്പെട്ട സമ്മർദ്ദങ്ങളാണ് ഭരണഭാഷ മലയാളമെന്ന 2015-ലെ പ്രഖ്യാപനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഈ പ്രഖ്യാപനത്തിന് അടിവരയിട്ടുകൊണ്ട് മറ്റൊരു ഉത്തരവും 2017-ൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നിരിക്കുമ്പോഴും, ഭരണഭാഷ മലയാളമാക്കുന്നതിന്റെ പ്രായോഗിക പദ്ധതിയിൽ സമഗ്രമായൊരു ഭാഷാനയം ഇനിയും കേരളത്തിൽ രൂപപ്പെടേണ്ടതുണ്ട്.

ഭരണഭാഷ മലയാളമാക്കുന്നത് ഭരണസംവിധാനങ്ങൾക്കുള്ളിൽ മാത്രം സങ്കല്പ്പിക്കേണ്ട ഒരു പദ്ധതിയല്ല. മറിച്ച് ഭാഷയുടെ ഇതരവ്യവഹാരങ്ങളിൽ കൂടി വ്യാപിച്ചു നിൽക്കുന്ന ഒന്നാണത്. സ്ഥാപനങ്ങളിലെ വ്യവഹാരഭാഷ മലയാളമാക്കുന്നതോടെ നടപ്പിൽ വരുന്ന ഒന്നായിട്ടല്ല ഭരണഭാഷാസങ്കല്പ്പത്തെ മനസ്സിലാക്കേണ്ടത്. ഭരണഭാഷാനയത്തിന്റെ തുടർച്ചയിൽ വിദ്യാഭ്യാസത്തിന്റേയും തൊഴിൽ പരീക്ഷകളുടേയും മാധ്യമം മലയാളമാക്കുന്നതിനും മലയാളത്തിലൂടെ ഉപജീവന-അതിജീവന സാധ്യതയുറപ്പുനല്കുന്നതിനും ഭരണസംവിധാനങ്ങൾക്കാകണം. വിദ്യാഭ്യാസ മാധ്യമായി മലയാളവും കന്നടവും തമിഴും നിയമപരമായി അംഗീകരിക്കപ്പെടുന്ന ഈ സംസ്ഥാനത്ത് ഭരണനിർവ്വഹണത്തിനുവേണ്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ആ ഭാഷകൾ പുറന്തള്ളപ്പെടുന്നതിന്റെ യുക്തി എന്താണ്? ജനങ്ങളുടെ ഭാഷയിൽ ഭരണതലത്തിൽ ഉദ്യോഗസ്ഥരെ രൂപപ്പെടാൻ അവസരം നല്കുന്നതിൽ ഈ ഭാഷകളെ പ്രയോഗതലത്തിൽ അംഗീകരിക്കുന്ന നിലയിൽ ഭരണനിർവ്വഹണ സംവിധാനം മാറണം. ഭരണഭാഷയും പഠനമാധ്യമവും തൊഴിൽ പരീക്ഷാമാധ്യമവും തമ്മിലുള്ള ബന്ധത്തെ തിരിച്ചറിഞ്ഞല്ല കേരളത്തിലെ ഭാഷാസൂത്രണചർച്ചകൾ മുന്നോട്ടുപോകുന്നത്.

നിലവിലുള്ള സംവിധാനത്തിനുള്ളിൽ നിലനില്ക്കുന്ന നയപരമായ പരിമിതി ഭാഷാവകാശപരമായ ജനാധിപത്യധ്വംസനമാണ് സൃഷ്ടിക്കുന്നത്. കേരളത്തിൽ ഒന്നാംഭാഷ ഉത്തരവ് നിലനില്ക്കെത്തന്നെ കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ യാഥാർത്ഥ്യം എന്താണ്? മാതൃഭാഷാമാധ്യമപഠനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ഒന്നാംഭാഷാ ഉത്തരവ് അട്ടിമറിക്കപ്പെടുകയും ചെയ്യുന്നത് പരിശോധിക്കപ്പെടുന്നുണ്ടോ? കേരളത്തിലെ ഹയർസെക്കന്ററിയിൽ മാതൃഭാഷാമാധ്യമപഠനത്തിനായി തയ്യാറാക്കപ്പെട്ട പാഠപുസ്തകങ്ങൾക്ക് എന്തുസംഭവിച്ചു? കേരളത്തിൽ എഞ്ചിനീയറിംഗ് പഠനം ഭരണഭാഷാമാധ്യമത്തിലാക്കുന്നതിൽ നിന്ന് പിന്തിരിയുന്നതെന്തുകൊണ്ടാണ്? 2012 ൽ രൂപപ്പെട്ട് 12 വർഷങ്ങൾക്ക് ശേഷവും മലയാളസർവ്വകലാശാല വൈജ്ഞാനികപ്രവർത്തനങ്ങളിൽ എത്രകണ്ട് മുന്നോട്ടുപോയി? നിലവിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന തൊഴിൽപരീക്ഷകളിൽ മാതൃഭാഷാപഠനം നിർബന്ധമാണെന്ന് വരുന്നതോടെ അതിനെ മറികടക്കാൻ ‘പച്ചമലയാളം’ പോലെ ഒറ്റവർഷകോഴ്സുകൾക്ക് അംഗീകാരം നല്കിക്കൊണ്ട് പഴുതുകളുണ്ടാക്കുന്നതും കേരളത്തിലാണ്.

നിലനില്ക്കുന്ന സംവിധാനത്തിനുള്ളിലെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതെയാണ് ഉന്നതവിദ്യാഭ്യാസമേഖലയിലെ പരിഷ്ക്കരണ ചർച്ചകൾ നടക്കുന്നത്. യൂണിയൻ ഗവൺമെന്റിന്റെ എൻ ഇ പി വിദ്യാഭ്യാസത്തിന്റെ സ്വകാര്യ-കമ്പോളവത്ക്കരണത്തെ പിന്തുണയ്ക്കുന്ന അതേ മാതൃകയെ പിന്തുടരാൻ ശ്രമിക്കുകയാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസപരിഷ്ക്കരണവും ചെയ്യുന്നത്. കമ്പോളയുക്തിയ്ക്ക് പൂർണമായി കീഴടങ്ങുകയും, മാർക്കറ്റിനു വേണ്ടത് മാത്രമുല്പ്പാദിപ്പിക്കുന്നതായി വിദ്യാഭ്യാസലക്ഷ്യത്തെ ചുരുക്കിക്കാണുകയും ചെയ്യുന്ന പ്രയോജനവാദ സങ്കല്പത്തിലേക്ക് കേരളമോഡൽ ചെന്നെത്തിക്കൂടാ. ഭാഷാവിഷയങ്ങളുടെ പഠനാവസരത്തെ പരിമിതപ്പെടുത്തുക, നൈപുണിവികസനം മാത്രമായി ഭാഷാ-സാഹിത്യപഠനത്തെ ചുരുക്കുക, ശാസ്ത്ര-സാമൂഹ്യശാസ്ത്രപഠനത്തെയും ഗവേഷണത്തെയും കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് വിധേയപ്പെടുത്തുക ഇങ്ങനെയുള്ളവയാണ് നടപ്പിലാക്കപ്പെടുന്നത്. സൌന്ദര്യാത്മകവിദ്യാഭ്യാസം, ശാസ്ത്രാവബോധം, മാനുഷികത, സാമൂഹ്യനീതി, ജനാധിപത്യം, മതേതരത്വം എന്നിങ്ങനെ വിദ്യാഭ്യാസപ്രക്രിയ വികസിപ്പിക്കേണ്ട മാനവികസങ്കല്പ്പത്തെ ഒറ്റുകൊടുക്കുന്നതാവും ഈ പരിഷ്ക്കരണങ്ങളുടെ ഫലം. കേരളത്തിലെ യുവാക്കളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്കിനെ തടയാൻ കോർപ്പറേറ്റ് ശക്തികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയല്ല വേണ്ടത്. മലയാളത്തെ ആഗോളവിജ്ഞാനത്തിലേക്ക് കൊരുത്തുവയ്ക്കുകയും വൈജ്ഞാനികസംവാദങ്ങൾക്ക് വാതിൽതുറക്കുകയുമാണ് വേണ്ടത്.

കോളനിവിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനപ്രമാണം അതതുനാട്ടു ഭാഷകളിൽ തന്നെയുള്ള ഭരണക്രമം എന്നതായിരുന്നു. അടിസ്ഥാനപരമായി എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുക എന്നതായിരുന്ന ഇതിന്റെ ലക്ഷ്യം. അടിസ്ഥാന വിഭാഗങ്ങളെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ജാതിവ്യവസ്ഥ ഉയർന്നതരം ജോലികളിൽ നിന്ന് അകറ്റിനിർത്തുകയായിരുന്നു. അതിന്റെ തുടർച്ചയെന്നോണം കൊളോണിയൽ ഭരണം തദ്ദേശീയരെ അധികാരപരിധിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. ഒരു ജനത നീണ്ടകാലത്തെ സമരഫലമായാണ് തൊഴിലെടുക്കാനുള്ള, തൊഴിൽ എന്ന അടിസ്ഥാന വിഭവം കൈയ്യാളാനുള്ള അവകാശവും അധികാരവും നേടിയെടുക്കുന്നത്. നീണ്ട പോരാട്ടങ്ങൾക്കൊടുവിലും വിഭവവിനിമയത്തിൽ പങ്കുകാരാകാതെ പോകുന്ന വലിയൊരു വിഭാഗം ജനത സൃഷ്ടിക്കുന്നതാണ് നിലവിലെ ഭരണഭാഷാനയം. നവകേരള സങ്കല്പത്തിന്റെ പുതിയ പശ്ചാത്തലത്തിൽ ഇത് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കേരളമെന്ന ഉപദേശീയതയെ അതിന്റെ പ്രതിരോധാത്മക മൂല്യത്തിൽ നിലനിർത്തുന്നതിനും ഇന്ത്യൻ സാഹചര്യത്തിൽ പുനരവതരിപ്പിക്കുന്നതിനും രാഷ്ട്രീയ രംഗത്ത് നടക്കുന്ന ശ്രമങ്ങൾക്ക് പുതിയ കാഴ്ചവട്ടം രൂപപ്പെടുത്തുന്നതിന് നമ്മുടെ പോരാട്ടങ്ങൾ തുടരുക തന്നെ വേണം.