കെ. ഹരികുമാര്‍
പ്രസിഡന്റ്, മലയാള ഐക്യവേദി

മലയാള ഐക്യവേദിയുടെ പതിമൂന്നാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം എറണാകുളം കറുകുറ്റി അസീസിയില്‍ 2024 ജനുവരി 20, 21 തീയതികളില്‍ വിവിധ പരിപാടികളോടെ ചേര്‍ന്നു. മാതൃഭാഷാസമരങ്ങള്‍ക്ക് ഓരോ കാലത്തും ആളായും തുണയായും തെരുവിലിറങ്ങിയും ക്ലാസെടുത്തും പ്രചരണത്തിനിറങ്ങിയും സമരം ചെയ്‍തും കൂടെ നിന്ന എല്ലാവരെയും ഓര്‍ക്കുകയും മണ്‍മറഞ്ഞ ഭാഷാപ്രവര്‍ത്തകര്‍ക്കെല്ലാം മലയാള ഐക്യവേദിയുടെ സ്‍നേഹവും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു.

ലോകം കോളനികാലത്തെ ഭാഷാധിനിവേശത്തില്‍ നിന്ന് സാങ്കേതിക വിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും സഹായത്തോടെ മാതൃഭാഷകളിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകളാണ് തെളിയുന്നത്. സിവില്‍ സര്‍വീസിലും കേന്ദ്രതൊഴില്‍, പ്രവേശന പരീക്ഷകളിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് ഇടം ലഭിച്ചുവെന്നതാണ് ഇക്കാലയളവിലെ ഏറ്റവും പ്രധാന വാര്‍ത്ത.

ഒന്നാംഭാഷ ഉത്തരവ്, സമഗ്രമലയാള നിയമം, മാതൃഭാഷാവകാശജാഥ, മലയാളപഠനനിയമം, സ്‍കൂള്‍തലത്തില്‍ മലയാളം പഠിച്ചില്ലെങ്കിലും അധ്യാപകരാകാമെന്ന വിവാദ ഉത്തരവിനെതിരെ, കെ എ എസ് ഉള്‍പ്പെടെ ബിരുദം യോഗ്യതയായ പിഎസ്‍സി പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ ലഭിക്കല്‍, പ്രൈമറി അധ്യാപക പരീക്ഷയില്‍ ഒഴിവാക്കിയ മലയാളം ചോദ്യങ്ങള്‍ തിരിച്ചെത്തിക്കല്‍, ശാസ്‍ത്രപാഠപുസ്‍തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കല്‍, ബിരുദപുനസ്സംഘടനയിലെ ഭാഷാവിവേചനം, ഹയര്‍സെക്കന്‍ഡറി ക്ലാസ് മുറിയിലെ മലയാളം കുട്ടികള്‍ നേരിടുന്ന വിവേചനം, ഔദ്യോഗിക ഭാഷ, കോടതിഭാഷ എന്നിവിടങ്ങളിലെ ഭാഷാവിവേചനം തുടങ്ങി ഒന്നര പതിറ്റാണ്ട് സമരകാലത്തെ പ്രധാന സംഭവങ്ങള്‍ കേരളചരിത്രത്തിന്റെ ഭാഗമായി.

എഴുത്തുകാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, വക്കീലന്മാര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, എന്‍ജിനീയര്‍മാര്‍, ശാസ്‍ത്രമെഴുത്തുകാര്‍, വാര്‍ത്താമാധ്യമങ്ങള്‍, ബഹുജന, പുരോഗമന പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധതരം ജനങ്ങള്‍ മാതൃഭാഷയ്‍ക്കായി ഒന്നു ചേരുന്നിടമായി മലയാള ഐക്യവേദിയുടെ കൂടിചേരലുകള്‍ മാറി. ഇന്ന് കേരളത്തിലുടനീളം മലയാളത്തിനു വേണ്ടി ചോദിക്കാനും പറയാനും ആളെയുണ്ടാക്കി എന്നതാണ് ചുരുക്കം.

എന്നാല്‍ മറുഭാഗത്ത് ഉത്തരവുകളും നയങ്ങളും പുതിയ സമീപനങ്ങളുമെല്ലാം മാതൃഭാഷകള്‍ വീണ്ടും കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നു എന്ന് ആവശ്യപ്പെടുന്ന കാഴ്‍ചകളാണുള്ളത്. ബിരുദപുനസ്സംഘടനയില്‍ മലയാളമുള്‍പ്പെടെയുള്ള ഭാഷകള്‍ പുറന്തള്ളാന്‍ പോകുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ ക്ലാസ് മുറിയില്‍ നിന്നു തുടങ്ങുന്ന മാതൃഭാഷാവിവേചനം അധ്യാപക തസ്‍തികകളിലേക്കും വ്യാപിക്കുന്ന കാഴ്‍ചയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. ലക്ഷദ്വീപില്‍ മലയാളമാധ്യമത്തില്‍ പഠനം നടത്തിയ ദ്വീപ് നിവാസികളെ ഒറ്റ ഉത്തരവിലൂടെ ഇംഗ്ലീഷ് മീഡിയം സിബിഎസ്‍ഇ സിലബസിലേക്കാക്കി. ചെറുത്ത് നില്‍പ്പുകള്‍ ദുര്‍ബലമാകുന്ന കാഴ്‍ചകളാണ് ഈ വിഷയത്തില്‍ കണ്ടത്. മലയാളം ഭാഷയായി പഠിപ്പിക്കാത്ത പട്ടാമ്പി പെരുമുടിയൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മലയാളമാധ്യമത്തെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഴിവാക്കിയപ്പോഴും തുടര്‍ന്ന നിശബ്ദതയാണ് ലക്ഷദ്വീപിലും കണ്ടത്.

കറുകുറ്റി സമ്മേളനം
മലയാള ഐക്യവേദി പതിമൂന്നാം സമ്മേളനം എറണാകുളം കറുകുറ്റിയില്‍ കവി പി. എന്‍. ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്‍തു. മലയാള ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രൂപിമ അധ്യക്ഷയായി. ഈ വര്‍ഷത്തെ മുദ്രാവാക്യമായ മാതൃഭാഷാപഠനം സാമൂഹിക ഐക്യത്തിന് എന്ന വിഷയം‍ ഡോ. പി. പവിത്രന്‍ അവതരിപ്പിച്ചു. സംഘടന രേഖ പി. പ്രേമചന്ദ്രന്‍, പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കെ. ഹരികുമാര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഐക്യമലയാളപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി കെ. ഹരിദാസന്‍, പ്രസിഡന്റ് ആര്‍ നന്ദകുമാര്‍, ഭാഷാധ്യാപക ഏകോപനസമിതി പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, മലയാള ഐക്യവേദി സംസ്ഥാന സമിതി അംഗങ്ങളായ പി.വി. രമേശന്‍, ഡോ സി.ആദര്‍ശ്, എം.വി. പ്രദീപന്‍, എം.വി. വിദ്യ എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്‍തു. സംസ്ഥാന പ്രസിഡ‍ന്റ് കെ. ഹരികുമാര്‍ അധ്യക്ഷനായി. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, വിദ്യാര്‍ത്ഥി മലയാളവേദി സംസ്ഥാന പ്രസിഡന്റ് പി. ശ്രുതി, സെക്രട്ടറി കെ. ജിത്തു, ഐക്യവേദി ജോ. സെക്രട്ടറി അനൂപ് വളാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരന്മാരായ സുരേഷ് മുട്ടത്തി, വിഷ്ണു കോന്നൂര്‍, പി. പ്രേമചന്ദ്രന്‍, ജിബു മേലൂര്‍, വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മാതൃഭാഷചിത്രസദസില്‍ പങ്കെടുത്തു.

സമ്മേളന കാലത്ത് ഏറ്റെടുത്ത സമരങ്ങള്‍

കോട്ടയം സമ്മേളനത്തിനു തൊട്ട് പുറകെയാണ് 2018 ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‍കൂള്‍തലത്തില്‍ മലയാളം പഠിച്ചില്ലെങ്കിലും പ്രൈമറി അധ്യാപകരാവാമെന്ന ഉത്തരവ് പിന്‍വലിച്ചതും ബഹു. കേരള ഹൈക്കോടതി മലയാളത്തില്‍ വിധിപകര്‍പ്പ് നല്‍കി കീഴ്‍കോടതികള്‍ക്ക് മാതൃകയായതും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനത്തും ബിരുദപുനസ്സംഘടന നടക്കുകയാണ്. ബിരുദപുനസ്സംഘടനയില്‍ ഭാഷാവിഷയങ്ങള്‍ക്ക് മാരകമായ പരിക്കേല്‍ക്കാനിടയുണ്ട് എന്നറിഞ്ഞതോടെ ഈ വിഷയത്തില്‍ അഭിപ്രായ രൂപീകരണത്തിനു പറ്റുന്ന പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. 2023 ഒക്ടോബര്‍ 21 ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. കെ. കെ. ദാമോദരന്‍ മാഷിന്റെ പ്രഭാഷണം ഓണ്‍ലൈനിലും ഇതേ തുടര്‍ന്ന് നവംബര്‍ 11ന് തൃശൂര്‍ മലയാളപഠന ഗവേഷണ കേന്ദ്രത്തില്‍ ഡോ. എച്ച്.കെ. സന്തോഷ്, ഡോ. പ്രദീപ് കുമാര്‍ എന്നിവരുടെ പ്രഭാഷണങ്ങളടങ്ങിയ സെമിനാറും സംഘടിപ്പിച്ചു.

ഹയര്‍സെക്കന്‍ഡറിയിലെ‍ ശാസ്‍ത്രപാഠപുസ്‍തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരണമെന്നാവശ്യപ്പെട്ട് നടത്തിയ പോസ്റ്റ്കാര്‍ഡ് സമരവും ധര്‍ണയും തുടര്‍ന്ന് നടന്ന വിവര്‍ത്തന ശില്‍പശാലയുമെല്ലാം കഴിഞ്ഞും പുസ്‍തകം കൈയിലെത്തിയിട്ടില്ല. ഈ വിഷയം ഉന്നയിച്ച് മലപ്പുറം ആര്‍‍ഡിഡിക്കും തിരുവനന്തപുരം ആര്‍ഡിഡിക്കും കത്ത് കൊടുക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നയത്തിനെതിരെ നടത്തിയ സമരപ്രചരണങ്ങളുമെല്ലാം തുടരുകയാണ്.

പ്രൈമറി അധ്യാപകരാവാന്‍ മലയാളം ഭാഷയായി പഠിച്ചിരിക്കണം എന്ന ഉത്തരവ് വീണ്ടും കൊണ്ടുവരാനും കോവിഡ് കാലത്തെ നമ്മുടെ സമരങ്ങള്‍ക്കായിട്ടുണ്ട്. ഇരുപതിലേറെ വര്‍ഷമായി പ്രൈമറി അധ്യാപക നിയമനത്തിനായി കേരള പി എസ് സി നടത്തുന്ന പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒരു വിഷയമെന്ന നിലയില്‍ നിന്നും വെട്ടിമാറ്റിയത്, നമ്മുടെ സമരത്താല്‍ പുനസ്ഥാപിക്കുകയും പത്തുശതമാനം ചോദ്യങ്ങള്‍ മലയാളത്തില്‍ നിന്ന് ഉള്‍പ്പെടുത്താന്‍ തീരുമാനമെടുക്കുകയും ആയത് പ്രാബല്യത്തില്‍ വരുകയുമുണ്ടായി. ഹയര്‍സെക്കന്‍ഡറിയില്‍ മലയാളം ജൂനിയര്‍ അധ്യാപക തസ്‍തികകള്‍ വെട്ടിച്ചുരുക്കുകയും ക്ലാസ് മുറിയില്‍ നേരിടുന്ന വിവേചനവുമെല്ലാം ഉയര്‍ത്തി പ്രചരണവും വകുപ്പിന് കത്തും നല്‍കുകയുണ്ടായി. പിഎസ്‍സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തു.

കേരളസര്‍ക്കാരിന്റെ നവകേരളസദസ്സില്‍ നാം ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ എല്ലാം ഉന്നയിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതികള്‍ കൊടുക്കുകയുണ്ടായി.

ജില്ലാതല പ്രവര്‍ത്തനങ്ങള്‍

കാസര്‍കോട്
മലയാള ഐക്യവേദി കാസര്‍കോട് ജില്ലാ സമ്മേളനം ജില്ലാ ലൈബ്രറി ഹാളിൽ നടന്നു. സെക്രട്ടറി രാമകൃഷ്ണൻ മോനാച്ച സ്വാഗതം പറഞ്ഞു. കെ.വി. മണികണ്ഠദാസ് സംഘടനാ രേഖയും പദ്മനാഭൻ ബ്ലാത്തൂർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നാരായണൻ.പി, കെ. എം. ബാലകൃഷ്ണൻ, സുമിത്ര എസ്, മധു പ്രശാന്ത്, മോഹനൻ മാങ്ങാട്, പുഷ്പാകരൻ ബെണ്ടിച്ചാൽ, കെ.പി.എസ് വിദ്യാനഗർ, റഹീം ചൂരി, അരവിന്ദൻ ബേക്കൽ, വി.ഇ. ഉണ്ണികൃഷ്ണൻ, ഡോ. വിനോദ് കുമാർ പെരുമ്പള എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികള്‍ – രാമകൃഷ്ണന്‍ മോനാച്ച (പ്രസിഡന്റ്), സുമിത്ര എസ്. (വൈസ് പ്രസിഡന്റ്), പുഷ്പാകരൻ ബെണ്ടിച്ചാൽ (സെക്രട്ടറി), കെ.പി.എസ്. വിദ്യാനഗര്‍ (ജോ. സെക്രട്ടറി).

വയനാട്
വിജ്ഞാനസമൂഹനിർമ്മിതി മാതൃഭാഷയിൽ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസമത്സരത്തില്‍
അമയ റോസ് ബേബി, സനിക അന്ന സണ്ണി, രോഷ്നി ആർ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മാതൃഭാഷാ വാരാചരണത്തോടനുബന്ധിച്ച് മലയാള ഐക്യവേദിയുടെയും വിദ്യാർത്ഥി മലയാളവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ഭാഷയുടെ വർത്തമാനം’ എന്ന പേരിൽ 2023 ഫെബ്രുവരി 28ന് മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജിൽ വച്ച് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. മലയാള ഐക്യവേദി വയനാട് ജില്ലാ നിർവാഹക സമിതി അംഗം പ്രൊഫസർ പി. സി. രാമൻകുട്ടി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി അഭിജിത്ത് കെ. എ., കോ-ഓപ്പറേറ്റീവ് കോളേജ് അധ്യാപകരായ വർഗീസ് കെ. ജെ., ഷാജി യു. പി., വിദ്യാർത്ഥി മലയാളവേദി ചെയർപേഴ്സൺ കുമാരി അശ്വതി രാജു, വിദ്യാർത്ഥി മലയാളവേദി ജില്ലാ കൺവീനർ അഫ്സൽ ശാഹിദ് എന്നിവർ സംസാരിച്ചു.

വയനാട് ജില്ലയിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റ വച്ച് നവംബർ 23ന് നടന്ന നവകേരള സദസ്സ് പരിപാടിയിൽ വച്ച് മലയാള ഐക്യവേദിയുടെ പേരിൽ കത്ത് നൽകി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘ഭാഷയും സാഹിത്യവും’ എന്ന പേരിൽ സംസ്ഥാനതല ഓൺലൈൻ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.

ജില്ലാ സമ്മേളനം 2024 ജനുവരി 16ന് കൽപ്പറ്റയിലെ സിജി ഹാളിൽ സാഹിത്യകാരൻ ബാലൻ വേങ്ങര ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. താജ് മൻസൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഭിജിത്ത് കെ. എ., വിദ്യാർത്ഥി മലയാളവേദി ജില്ലാ സെക്രട്ടറി ജിലിൻ ജോയി, ജില്ലാ കൺവീനർ ബാവ കെ. പാലുകുന്ന്, സി. കെ. പവിത്രൻ, പി. കെ. ജയചന്ദ്രൻ, എം. ദേവകുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനപ്പതിപ്പിന്റെ പ്രകാശനം വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി എം. ദേവകുമാർ ജിലിൻ ജോയിയ്ക്ക് നൽകി നിർവഹിച്ചു.

ജില്ലാ ഭാരവാഹികൾ – ശിവൻ പള്ളിപ്പാട് (പ്രസിഡന്റ്), സി. കെ. പവിത്രൻ (വൈസ് പ്രസിഡന്റ്), അഭിജിത്ത്. കെ. എ. (സെക്രട്ടറി), പി. കെ. ജയചന്ദ്രൻ (ജോ. സെക്രട്ടറി), ബാവ കെ. പാലുകുന്ന് (കൺവീനർ), പി. കെ. ഷാഹിന (ട്രഷറർ).
വിദ്യാർത്ഥി മലയാളവേദി ഭാരവാഹികൾ – ജിലിൻ ജോയി (ചെയർപേഴ്സൺ), അമൃത ജ്യോതി എം. എം. (സെക്രട്ടറി), അഫ്സൽ ശാഹിദ് (കൺവീനർ), മേബൽ (ട്രഷറർ).

കോഴിക്കോട്
മലയാള ഐക്യവേദിയുടെ കോഴിക്കോട് ജില്ലാ സമ്മേളനം 11-01-2024 വ്യാഴാഴ്ച ജിവിഎച്ച്എസ്എസ് നടക്കാവിൽ വെച്ച് ഡോ. കെ എം ഭരതൻ ഉദ്ഘാടനം ചെയ്തു. മാതൃഭാഷാ പഠനം സാമൂഹിക ഐക്യത്തിന് വേണ്ടിയാണെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളഐക്യവേദി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സതീശ് കുമാർ സി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.സുഭാഷ് കുമാർ സ്വാഗതം പറഞ്ഞു. മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് സി അരവിന്ദൻ, ജിവിഎച്ച്എസ്എസ് നടക്കാവ് പ്രിൻസിപ്പാൾ സചിത്രൻ കെ എന്നിവർ ആശംസ പറഞ്ഞു. പ്രദീപൻ എം വി സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികൾ – സതീശ് കുമാർ സി കെ(പ്രസിഡന്റ്), പത്മനാഭൻ കെ(വൈസ് പ്രസിഡന്റ്), എൻ. വി പ്രദീപൻ(കൺവീനർ), മിഥുൻ ഗോപി. സി(സെക്രട്ടറി), അതുല്യ കെ എം(ജോ. സെക്രട്ടറി). അംഗങ്ങൾ – ആർ ഷിജു, അരവിന്ദൻ സി, എ.സുഭാഷ് കുമാർ, എം വി പ്രദീപൻ, എൻ വി പ്രദീപൻ, ഡോ. പി സുരേഷ്, അഭിലാഷ് തിരുവോത്ത്, മോഹനൻ ചേനോളി, രാധിക പി കെ, ഷാഹിദ് ഊരള്ളൂർ, സലാം കല്ലായി, ജോബിഷ് വി കെ, ദേവേശൻ പേരൂർ, ഓണിൽ രവീന്ദ്രൻ, എ വി സുധാകരൻ, ഓംകാരനാഥൻ, ദാസൻ മാസ്റ്റർ.
വിദ്യാർത്ഥിവേദി ഭാരവാഹികൾ – അർച്ചന വിനോദ്(പ്രസിഡന്റ്), അഭിനന്ദ് കൃഷ്ണ (സെക്രട്ടറി), അർപ്പണ എസ് ആർ (ജോയിന്റ് സെക്രട്ടറി).

തിരുവനന്തപുരം
മലയാള ഐക്യവേദി തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് ജനുവരി 17ന് നടന്നു. സമ്മേളനത്തിന്റെ തുടക്കത്തിൽ ‘മാതൃഭാഷാപഠനം സാമൂഹിക ഐക്യത്തിന്’ എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയാണ് നടത്തിയത്. കവിയും അധ്യാപകനും ജില്ലാ പ്രസിഡന്റും കൂടിയായ ഡി.യേശുദാസ് വിഷയത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിക്കൂടി മാതൃഭാഷാസംരക്ഷണത്തെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ലാഭാരവാഹികള്‍ – പ്രസിഡന്റ് – വൈഷ്ണവി വി., സെക്രട്ടറി – ഡി. യേശുദാസ്, ട്രഷറര്‍ – പവിത്ര.

കണ്ണൂര്‍
മലയാള ഐക്യവേദി, വിദ്യാർത്ഥി മലയാളവേദി കണ്ണൂർ ജില്ലാ സമ്മേളനം ഓൺലൈനായി ചേർന്നു. നാൽപതോളം പേർ പങ്കെടുത്ത യോഗത്തിൽ ജില്ലാ സെക്രട്ടറി എം. കലേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം പി.പ്രേമചന്ദ്രൻ മുഖ്യഭാഷണം നടത്തി. തുടർന്ന് മലയാള ഐക്യവേദി ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട മാതൃഭാഷാ പ്രശ്നങ്ങളെ സംബന്ധിച്ച് വിപുലമായ ചർച്ചയും നടന്നു. ബിരുദതല വിദ്യാഭ്യാസത്തിൽ നടക്കുന്ന പുനഃസംഘടനയിൽ ഭാഷാ വിഷയങ്ങൾക്ക് പൊതുവിലും മാതൃഭാഷയ്ക്ക് സവിശേഷമായും സംഭവിക്കുന്ന ഗുരുതരമായ പരുക്കുകളെയും ഹയർസെക്കണ്ടറി തലത്തിലുള്ള മാതൃഭാഷാവഗണനയെയും ശ്രദ്ധയിൽ കൊണ്ടുവരുന്ന ആലോചനകൾ മലയാള ഐക്യവേദി ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സിന്ധു എ. നന്ദി പറഞ്ഞു.
ജില്ലാ ഭാരവാഹികള്‍ – പ്രസിഡന്റ്: എ.വി.പവിത്രൻ, സെക്രട്ടറി: കലേഷ് മാണിയാടൻ, ട്രഷറര്‍: എ.സിന്ധു.

തൃശൂര്‍
മലയാള ഐക്യവേദി തൃശ്ശൂർ ജില്ലാസമ്മേളനം 2024 ജനുവരി 6 ശനിയാഴ്ച ശ്രീ കേരളവർമ്മ കോളേജിൽ വച്ചു നടന്നു. ശാസ്ത്ര സാഹിത്യകാരനും സാഹിത്യ വിമർശകനുമായ വി.വിജയകുമാർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജ്ഞാനത്തിനും ശാസ്ത്രപ്രചരണത്തിനും മാതൃഭാഷ തന്നെ ഉപയോഗപ്പെടുത്തണമെന്നും വിജ്ഞാനസമൂഹത്തിന്റെയും ശാസ്ത്രാവബോധത്തിന്റെയും നിർമിതിയിൽ മാതൃഭാഷാമാധ്യമ ബോധനം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിലെ മലയാളപഠനത്തെ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും ബിരുദ പുനസ്സംഘാടനത്തിലെ ആശങ്കകൾ പരിഹരിച്ച് സുതാര്യമാക്കുക എന്ന ആവശ്യമുന്നയിച്ചും ജില്ലാസമ്മേളനത്തിൽ പ്രമേയങ്ങൾ പാസാക്കി. മലയാള ഐക്യവേദി ജില്ലാസെക്രട്ടറി ഡോ. എസ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സജീവ് എൻ യു, ഡോ. ആദർശ് സി, ഡോ. രാജേഷ് എം ആർ, സുരേഷ് മൂക്കന്നൂർ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികൾ – പ്രസിഡന്റ് : ഡോ. രാജേഷ് എം.ആർ, സെക്രട്ടറി : ഡോ. ആദർശ് സി
കൺവീനർ : സജീവ് എൻ. യു, ട്രഷറർ : പഞ്ചമി ജയശങ്കർ.
വിദ്യാർത്ഥി മലയാളവേദി ഭാരവാഹികൾ – പ്രസിഡന്റ് : പഞ്ചമി ജയശങ്കർ, സെക്രട്ടറി : ഫാത്തിമ സ്വല്ഹ,
കൺവീനർ : സുജിത, ട്രഷറർ: വിഷ്ണു പ്രശാന്തൻ.

മലപ്പുറം
മലയാള ഐക്യവേദി മലപ്പുറം ജില്ലാ സമ്മേളനം 2024 ജനുവരി 13 ന് തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്നു. മലയാള സർവ്വകലാശാല രജിസ്ട്രാർ ഡോ.കെ.എം.ഭരതൻ “ജ്ഞാനസമൂഹവും മാതൃഭാഷയും”എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്‍തു സംസാരിച്ചു. ഡോ.പി.പവിത്രൻ ആമുഖഭാഷണം നടത്തി. പി.ടി.സെയ്‌ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.എം.ഫാമിദ, ജില്ലാസെക്രട്ടറി ബാബു.എസ്, സി.ടി.സലാഹുദ്ദീൻ,കെ.പി.നൗഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ ഭാരവാഹികൾ – പി.ടി.സെയ്‌ഫുദ്ദീൻ (പ്രസിഡൻറ്), എസ്.ബാബു (സെക്രട്ടറി),കെ.ജിത്തു (കൺവീനർ),കെ.എം.ഫാമിദ (ഖജാൻജി).
വിദ്യാർത്ഥി മലയാളവേദി ഭാരവാഹികൾ – കെ.ആശ്രയ (പ്രസിഡന്റ്),കെ.അപർണ (സെക്രട്ടറി), പി. വിപിൻ കുമാർ (കൺവീനർ).

പാലക്കാട്
മലയാള ഐക്യവേദിയുടെയും വിദ്യാര്‍ത്ഥി മലയാളവേദിയുടെ പാലക്കാട് ജില്ലാ സമ്മേളനം ഗവ. വിക്‍ടോറിയ കോളേജ് ഒ.വി. വിജയന്‍ സ്‍മാരക ഹാളില്‍ നടന്നു. കവി പി. രാമന്‍ ഉദ്ഘാടനം ചെയ്‍തു. ജില്ലാ സെക്രട്ടറി വി. വിപിന്‍, സംസ്ഥാന സെക്രട്ടറി കെ. ഹരികുമാര്‍, സമിതി അംഗം എം. രാജന്‍, എം. മണികണ്ഠന്‍, ശ്രുതി പി. വൈഷ്‍ണവി വി., ആര്‍. നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി 21 ലോക മാതൃഭാഷാവാരാചരണത്തിന്റെ ഭാഗമായി കൊടുന്തിരപ്പുള്ളി എലഗന്‍റ് ആര്‍ട്സ്&സയന്‍സ് കോളേജില്‍ വച്ച് നടന്ന മാതൃഭാഷാ സെമിനാറില്‍ സംസ്ഥാന സെക്രട്ടറി കെ. ഹരികുമാര്‍, വിക്ടോറിയ കോളേജ് മലയാള വിഭാഗവും വിദ്യാര്‍ത്ഥി മലയാളവേദിയും സംയുക്തമായി സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണത്തില്‍ വിദ്യാര്‍ത്ഥി മലയാളവേദി സംസ്ഥാന ജോയിന്‍റ് കണ്‍വീനര്‍ വിദ്യ എം.വി, ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് മലയാള വിഭാഗവും വിദ്യാര്‍ത്ഥി മലയാളവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണത്തില്‍ മലയാള ഐക്യവേദി പാലക്കാട് ജില്ലാ ട്രഷറര്‍ പി.ശ്രുതി, പൂടൂര്‍ എ.കെ.ജി വായനശാലയില്‍ നടന്ന മാതൃഭാഷാ ദിനാചരണത്തില്‍ മലയാള ഐക്യവേദി ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയലളിത ടീച്ചര്‍ എന്നിവര്‍ മാതൃഭാഷാ സന്ദേശം നല്‍കി.
പട്ടാമ്പി പെരുമുടിയൂര്‍ ഓറിയന്റല്‍ സ്‍കൂളില്‍ മലയാളം പഠിക്കാനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് 2023 ജൂലൈ 20 ന് പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മലയാള പഠനം നിയമം നടപ്പാക്കണം,ഹയര്‍സെക്കന്‍ററിയില്‍ ഭാഷാതസ്തികകള്‍ വെട്ടികുറച്ച നടപടി പിന്‍വലിക്കുക,ബിരുദ പുനഃസംഘടനയില്‍ ഭാഷാ പഠനം ഒഴിവാക്കാനുള്ള ശ്രമം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നവകേരള സദസ്സില്‍ പരാതികള്‍ നല്‍കി.
ജില്ലാ ഭാരവാഹികള്‍ – എം. മണികണ്ഠന്‍ (പ്രസിഡന്റ്), കെ.എം. ശ്രീജിത്ത് (സെക്രട്ടറി), ഐശ്വര്യ എന്‍.വി. (കണ്‍വീനര്‍).

2024 ലെ മലയാള ഐക്യവേദി സംസ്ഥാന ഭാരവാഹികള്‍
മലയാള ഐക്യവേദി – കെ. ഹരികുമാര്‍‍ – (പ്രസി‍ഡന്റ്), എം.വി. വിദ്യ, പി.വി. രമേശന്‍‍ (വൈസ് പ്രസിഡന്റ്), എസ്. രൂപിമ‍ – (ജന.സെക്രട്ടറി), അനൂപ് വളാഞ്ചേരി, സി.കെ. സതീശ്കുമാര്‍‍ (ജോ. സെക്രട്ടറി), ടോം മാത്യു (കണ്‍വീനര്‍), അനില്‍ പവിത്രേശ്വരം, സിന്ധു എ. (ജോ. കണ്‍വീനര്‍), കെ.എം. ഫാമിദ (ട്രഷറര്‍), പി. പ്രേമചന്ദ്രന്‍ (മാതൃഭാഷ പത്രാധിപര്‍).

വിദ്യാര്‍ത്ഥി മലയാളവേദി – ശ്രുതി പി. (ചെയര്‍പഴ്‍സന്‍), ജസ്റ്റിന്‍ പി. ജെയിംസ്, റോഷിത ആര്‍. (വൈസ് ചെയര്‍പഴ്‍സന്‍), ജിത്തു കെ. (സെക്രട്ടറി), അതുല്യ കെ.എം, ഷിഹാസ് പി.എസ്. (ജോ. സെക്രട്ടറി), മിഷല്‍ മരിയ ജോണ്‍സണ്‍ (കണ്‍വീനര്‍), വിസ്‍മയ പി. (ജോ. കണ്‍വീനര്‍), അഫ്‍സല്‍ ശാഹിദ് (ട്രഷറര്‍).

ഭാരവാഹികള്‍ ഉള്‍പ്പെടെ 72 പേരടങ്ങുന്ന സെക്രട്ടറിതല സമിതിയും 141 പേരടങ്ങുന്ന പ്രവര്‍ത്തക സമിതിയും ഭരണഭാഷാവേദി, സ്‍കൂള്‍തല മലയാളവേദി, സര്‍വകലാശാലതല മലയാളവേദി, ജനകീയ വികസനവേദി, മലയാള വിവരസാങ്കേതിക വേദി, മലയാള വിജ്ഞാനവേദി എന്നീ ആറ് ഉപസമിതികളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

നിയമം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്കും മലയാളത്തില്‍ പരീക്ഷാചോദ്യങ്ങള്‍ ലഭ്യമാക്കല്‍, വിധിപകര്‍പ്പുകള്‍ കീഴ്‍കോടതികളും മാതൃഭാഷയിലും ലഭ്യമാക്കല്‍, ഔദ്യോഗികതലത്തില്‍ മലയാളം സാര്‍വത്രികമാക്കാനുള്ള നടപടികള്‍, എന്‍ജിനീയറിങ്ങടക്കമുള്ള ഉന്നതവിദ്യാഭ്യാസ പഠനം മലയാളത്തില്‍ സാധ്യമാക്കല്‍, മലയാള സര്‍വകലാശാലയ്‍ക്ക് നല്‍കേണ്ടിയിരുന്ന നൂറ് കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍, വയനാട്ടില്‍ മലയാളം ബിരുദപഠനത്തിന് സൗകര്യമൊരുക്കല്‍, മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക് സ്‍കോളര്‍ഷിപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കല്‍, ഇ ഗവേണ്‍സില്‍ മലയാളത്തിന്റെ സ്ഥാനം ഉറപ്പിക്കല്‍‍ തുടങ്ങി നിരവധി ഭാഷാസംബന്ധിയായ വിഷയങ്ങള്‍ ദിവസേന തെളിഞ്ഞ് വരുകയാണ്. സ്വാതന്ത്ര്യം നേടിയ രാഷ്‍ട്രത്തിലെ പൗരര്‍ക്ക് അവരുടെ ഭാഷയില്‍ എല്ലാജീവിതാവശ്യങ്ങളും നേടാനുള്ള അവസരസമത്വത്തിനുള്ള പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. മാതൃഭാഷയ്‍ക്ക് വേണ്ടിയുള്ള സമരം ഭാഷാസമരമല്ല, സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയാണെന്നോര്‍മിപ്പിച്ച് ഏവര്‍ക്കും ലോകമാതൃഭാഷാദിനാശംസകള്‍ നേരുന്നു.