മാവേലി സ്റ്റോറുകൾ ഒരു അടയാളമാണ്. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾ അവരുടെ നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ കയറിയിറങ്ങുന്ന സ്ഥലം! മാവേലി സ്റ്റോറുകൾ എന്ന പേരിൽ തന്നെ, ഉള്ളവനും ഇല്ലാത്തവനുമെന്ന വിഭജനം ഇല്ലാതാക്കാനുള്ള, സമൂഹത്തിൽ അടിത്തട്ടിലെ മനുഷ്യർക്കും സമൃദ്ധിയെ വാഗ്ദാനം ചെയ്യുന്ന ഒരാലോചനയുണ്ട്. മാവേലി സ്റ്റോറുകളിൽ ചെല്ലുന്ന 90 ശതമാനം മനുഷ്യരും സംസാരിക്കുന്നതും അവര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതും മലയാളമായിരിക്കും. അവരുടെ മാതൃഭാഷ മാത്രം! ഇംഗ്ലീഷ് മാത്രമറിയുന്ന ആളുകള്‍ എന്തായാലും അതില്‍ ഒരു ശതമാനം പോലും ഉണ്ടാകില്ല. അവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ആയിരിക്കും ഷോപ്പിംഗ്‌ എന്ന ലഹരി ആസ്വദിക്കുന്നത്.

എന്നാൽ മാവേലി സ്റ്റോറുകളിൽ കൊടുക്കുന്ന ബില്ലുകൾ ഇംഗ്ലീഷിലാണ് ഇപ്പോഴും അച്ചടിക്കുന്നത് എന്നത് മലയാളിയുടെ ഒരു ചര്‍ച്ചാവിഷയമേയല്ല. എന്തുകൊണ്ടാണ് മലയാളത്തിൽ ബില്ലുകൾ നൽകാൻ കഴിയാത്തത്? അപ്പോൾ സാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടറിന്റെയും ഭാഷയിലാകും വിദഗ്ധരായ ഉദ്യോഗസ്ഥർ സംസാരിക്കുക. അത് കമ്പ്യൂട്ടറിന്റെയോ പ്രിന്ററുകളുടെയോ മറ്റ് സാങ്കേതിക ഉപകരണങ്ങളുടെയോ വിഷയമല്ല എന്നും, ഇത്തരം വകുപ്പുകളെ ഭരിക്കുന്ന ഉന്നതരായ ഉദ്യോഗസ്ഥരുടെ തലച്ചോറിൽ സെറ്റ് ചെയ്തുവെച്ച സോഫ്റ്റ്‌വെയറുകളുടെ കുഴപ്പമാണെന്നും ആലോചിച്ചാൽ നമുക്ക് മനസ്സിലാകും. എ ടി എമ്മു കളിൽ പോലും മലയാളത്തിൽ നിർദ്ദേശങ്ങളും പ്രിന്റുകളും ഇന്ന് ലഭിക്കുന്ന ഒരു കാലത്താണ് ഈ പറയുന്നത് എന്നോര്‍ക്കണം.

മാവേലി സ്റ്റോറുകളിലെ ബില്ലുകൾ മലയാളത്തിൽ നൽകാതിരിക്കുന്നത് കേവലം സാങ്കേതിക കാരണങ്ങളാലല്ല. നിങ്ങൾക്ക് മനസ്സിലാകാത്ത ഒരു സംവിധാനമാണ് നിങ്ങളുടെ മുകളിലുള്ളത് എന്ന് ജനതയുടെ നേര്‍ക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണത്. അതിൽ അധികാരത്തിന്റെ വെള്ളിക്കോലാണ് തെളിഞ്ഞുനില്‍ക്കുന്നത്. ജീരകത്തിനും കടുകിനും മല്ലിക്കും പകരം ക്യുമിനെന്നും മസ്റ്റാഡെന്നും കൊറിയാണ്ടറെന്നും ഇംഗ്ലീഷില്‍ അച്ചടിച്ചു കൊടുത്തിട്ട് എന്തുകാര്യമാണ്. അതെന്താണെന്ന് അറിയാത്ത മനുഷ്യരാണ് കേരളത്തിലെ ബഹുഭൂരിപക്ഷവും. മല്ലിക്കും ജീരകത്തിനും വെളുത്തുള്ളിക്കും വില കൂടിയോ കുറഞ്ഞോ എന്നറിയാന്‍ ഇംഗ്ലീഷില്‍ അച്ചടിച്ച ഈ കടലാസുകൊണ്ട് യാതൊരു കാര്യവുമില്ല. വാങ്ങിയ ചെറുപയറിന്റെ വില ഇത്രയും കൂടുതലാണോ എന്നറിയാതെ നാളെ അതാണോ കഞ്ഞിക്ക് കറിയുണ്ടാക്കേണ്ടത് എന്നവര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല. അത് മാവേലി സ്റ്റോറില്‍ നിന്നും ലഭിച്ച ബില്ല് നോക്കി അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം. സാക്ഷരതാ യജ്ഞം വിലയുള്ളതാവുന്നത് അപ്പോള്‍ കൂടിയാണ്. ഇംഗ്ലീഷിൽ ബില്ലുകള്‍ കൊടുക്കുന്നതിന്റെ അര്‍ത്ഥം അവയുടെ വിലക്കയറ്റം അവരറിയേണ്ട എന്നുതന്നെയാണ്.

ഇച്ഛാശക്തിയുള്ള ഭരണാധികാരികളുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് പരിഹരിക്കാവുന്ന സോഫ്റ്റ്‌വെയർ /ഹാർഡ്‌വെയർ പ്രശ്നം മാത്രമേ ഇവിടങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾക്കുള്ളൂ. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെയും അവരെ നിയന്ത്രിക്കുന്ന പുതിയ ഭരണാധികാരികളുടെയും മസ്തിഷ്കത്തിലും മനസ്സിലും സംഭവിച്ച വൈദേശിക അടിമത്വത്തിന്റെ വൈറസ്സുകളെ ഇല്ലാതാക്കുക എളുപ്പമല്ല. അതിന് അവരെ മലയാളത്തില്‍ വോട്ട് ചെയ്തു വിജയിപ്പിച്ച, മലയാളം മാത്രമറിയുന്ന മനുഷ്യർ വിരല്‍ ചൂണ്ടി ഇതവസാനിപ്പിച്ചേ മതിയാകൂ എന്ന് ഒറ്റസ്വരത്തിൽ പറഞ്ഞാൽ മാത്രം മതി. അതവർ പറയില്ല എന്ന ഉറപ്പിലാണ് ഇന്നും മാവേലി സ്റ്റോറുകളുടെ ബില്ലുകൾ ഇംഗ്ലീഷിൽ നൽകാൻ ഭരണാധികാരികൾക്ക് ധൈര്യമുണ്ടാകുന്നത്.

മാതൃഭാഷാ വരാചരണമെന്ന പ്രഹസനം നടത്തുന്ന സമയത്തെങ്കിലും, ആത്മാർത്ഥതയുള്ള ഒരാളെങ്കിലും ആ ഭരണാധികാരികളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ, അവർ ഈ നെറികേടിനെ അവരുടെ മന്ത്രിസഭായോഗങ്ങളിലായാലും പാർട്ടിമീറ്റിങ്ങുകളിലായാലും ഉച്ചത്തിൽ ചോദ്യംചെയ്യാന്‍ ധൈര്യം കാട്ടണം. മലയാളം അവരില്‍ നിന്ന് ഇന്നതാവശ്യപ്പെടുന്നുണ്ട്.

പി . പ്രേമചന്ദ്രൻ