തീരുമാനം അകലങ്ങളിലേക്ക് നയിക്കാനുള്ള ഒരു വഴി ‘ചർച്ചചെയ്തു കൊണ്ടേയിരിക്കുക’യാണ് എന്നതും ‘കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കാം എന്നതും മലയാളി പാരമ്പര്യമായി അറിഞ്ഞുവെച്ച തന്ത്രങ്ങളാണ്. അങ്ങനെയാണ് അരനൂറ്റാണ്ടിനുമുമ്പ് കുരുത്ത ഒരു ആശയം മലയാളഭാഷാസ്നേഹം, ഉദ്യോഗസ്ഥപ്രഭുത്വം, രാഷ്ട്രീയകൗശലം എന്നിവയിൽ തട്ടിത്തടഞ്ഞ് ഇപ്പോൾ ‘മലയാളഭാഷാനിയമ’ത്തിനുള്ള ബില്ലിന്റെ രൂപത്തിൽ നിയമസഭയിലെത്തിയത്.

ഭാഷാസംസ്ഥാനത്തിന്റെ ഭാഗമായി രൂപവത്കൃതമായ കേരളത്തിലെ പ്രഥമവും പ്രധാനവുമായ ഭാഷ മലയാളമായിരിക്കണം എന്നത് തർക്കമറ്റ സംഗതിയാണ്. ഭരണഭാഷ, കോടതിഭാഷ, ബോധനമാധ്യമം എന്നിവ മലയാളമായിരിക്കണം എന്നത് പരമപ്രധാനവുമാണ്. എന്നാൽ അവ എത്രത്തോളം , എങ്ങനെ എന്നീ കാര്യങ്ങളാണ് തർക്കവിഷയം.

സ്വീകരിച്ച ആശയലോകത്തിന്റെ പ്രതികാത്മകരൂപമാണ് ഏതു ഭാഷയും. മലയാളിയുടെ ആശയലോകം എന്താണോ അതാണ് ഭാഷയിലൂടെ പ്രകാശിക്കപ്പെടുന്നത്. ജീവിതവ്യവസ്ഥയുടെ വ്യാകരണം തന്നെയായിരിക്കും ഭാഷയുടെ വ്യാകരണവും. തന്റേടത്തോടെ ജീവിതത്തിൽ സംഭവിക്കുന്ന ഏതുക്രിയയുടെയും ഉത്തരവാദിത്വം ദൈവത്തിനോ മറ്റുവല്ലതിനുമോ വിട്ടുകൊടുക്കാതെ ‘ക്രിയയുണ്ടെങ്കിൽ കർത്താവുമുണ്ട്’ എന്നതരത്തിലുള്ള ലോകവീക്ഷണമുള്ള ജനതയ്ക്കേ കർത്തരിപ്രയോഗത്തിൽ ഉറച്ചുനിൽക്കാനാവൂ. കർമണിപ്രയോഗം അവർക്ക് അന്യമായിരിക്കും. മൂലദ്രാവിഡഭാഷയുടെ തുടർച്ചയെന്നോണം മലയാളം ആ സവിശേഷത സംസ്കൃതികരണ കാലഘട്ടംവരെ സൂക്ഷിച്ചിരുന്നു. പിന്നീടാണ് ‘പെടുക’ എന്ന അനുപ്രയോഗത്തിൽ പെട്ടുപോയത്. ഇന്ന് ‘മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യപ്പെടും’ എന്ന് പറയുന്നതിലോ കേൾക്കുന്നതിലോ നമുക്ക് അസ്വാഭാവികത തോന്നാറില്ല. ധാരാളിത്തവും പൊങ്ങച്ചവുമില്ലാതെ ആവശ്യത്തിനുമാത്രം ഉപഭോഗം ചെയ്യുന്ന ഒരു ജനതയുടെ ഭാഷ സാമ്പത്തിക അച്ചടക്കം (Economic) ഉള്ളതായിരിക്കും; അത്യാവശ്യമില്ലാതെ വാക്കുകളോ പ്രത്യയങ്ങളോ ശബ്ദങ്ങളോ ഉപയോഗിക്കുകയില്ല. അത്തരം സ്വഭാവമുള്ള ഭാഷയാണ് മലയാളം. അത് മെല്ലെ ധാരാളിത്തത്തിലേക്കും പൊ ങ്ങച്ചത്തിലേക്കും ഇന്ന് നീങ്ങുന്നതായി കാണാം.

കേരളത്തിലെ 97 ശതമാനത്തിലേറെ ആളുകൾ സംസാരിക്കുകയും ജീവിതാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ഭാഷയാണ് മലയാളം. എന്നാൽ തമിഴ്, കന്നഡ, തുളു, കൊങ്കിണി തുടങ്ങിയ ഭാഷാന്യൂനപക്ഷങ്ങളും കേരളത്തിലുണ്ട്. കൂടാതെ, പട്ടികയിൽപ്പെടുത്തിയ 36 ആദിവാസികൾ സംസാരിക്കുന്ന വേറെയും ഭാഷകളുണ്ട്. ഭാഷാശാസ്ത്ര ത്തിന്റെ നിയമമനുസരിച്ച് അവയിൽ പലതും വ്യത്യസ്തഭാഷകളുടെ ഭാഷാഭേദങ്ങളായി പരിഗണിക്കാമെങ്കിലും അവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ഭാഷതന്നെയാണ്. ഇന്നും ഓരോ ഗോത്രത്തിൽപ്പെട്ടവരും പരസ്പരം സംസാരിക്കുമ്പോൾ അവരുടെ ഭാഷതന്നെയാണ് ഉപയോഗിക്കുന്നത്. മലയാളത്തിന്റെ അധിനിവേശംകൊണ്ട് അവ വളരെയേറെ മാറിപ്പോയിരിക്കുന്നു എന്നത് മറ്റൊരു കാര്യം.

ഇവയൊക്കെ അപകടഭീഷണി നേരിടുന്ന ഭാഷകളോ ഭാഷാഭേദങ്ങളോ (Endangered Languages) ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. അവയുടെ സംരക്ഷണത്തിനുവേണ്ടി കോടികളാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നമ്മുടെ സർവകലാശാലകളും (കേരള സർവകലാശാലയും കാസർകോട്ടുള്ള കേന്ദ്രസർവകലാശാലയും) ഈ പ്രവർത്തനത്തിനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അറിഞ്ഞിടത്തോളം അത്തരം ഭാഷകളെ കണ്ടെത്തുകയും അവ സമാഹരിച്ച് രേഖാലയങ്ങളിൽ സൂക്ഷിക്കുകയും അവയെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്യുന്നതിനപ്പുറം ആ ഭാഷകളെ എങ്ങനെ ജീവൽഭാഷയായി നിലനിർത്താം എന്നതൊന്നും ഈ പദ്ധതികളുടെ ആലോചനാവിഷയമേ അല്ല.

36 ആദിവാസിസമൂഹങ്ങളാണുള്ളത്. 2011- ലെ സെൻസസ് പ്രകാരം അവരുടെ ജനസംഖ്യ 4,84,839 ആണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനത്തോളംവരും ഇത്. കേരളത്തിലെ യഥാർഥ ന്യൂനപക്ഷം (ഭാഷാന്യൂനപക്ഷം മാത്രമല്ല) ഇവരാണെന്നത് ഭരണഘടനയുണ്ടാക്കുന്ന കാലത്തുതന്നെ നിരാകരിക്കപ്പെട്ട കാര്യമാണ്. എത്ര ചെറിയ ന്യൂനപക്ഷമാണെങ്കിലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. അതുകൊണ്ടാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്: ‘ഏറ്റവും താഴെത്തട്ടിലുള്ള ഒരാളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിവേണം ഏതുതീരുമാനവും എടുക്കാൻ.’

ഈയൊരു ചുറ്റുപാടിൽ ‘ മലയാള ഭാഷാനിയമ’ത്തിൽ ആദിവാസിഭാഷകൾക്കുള്ള പരിഗണന എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ദേശീയധാരയിൽ ലയിപ്പിക്കാനുള്ളതാണ് ആദിവാസിസമൂഹം എന്ന് നാം നേരത്തെ തിരുമാനിച്ചതാണ്. ആ രീതിയിലുള്ള വികസനപ്രവർത്തനമാണ് ‘ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്നരീതിയിൽ ആദിവാസികൾക്ക് അവരുടെ ജീവിതവും സംസ്‌കാരവും നഷ്ടപ്പെടാനിടയാക്കിയത്. ഇനി, മരണത്തോട് മല്ലടിച്ചുകൊണ്ട് ദീർഘശ്വാസം വലിക്കുന്ന അവരുടെ ഭാഷകളുണ്ട്. സ്വന്തമായ സംസ്കാരമില്ലാത്തവർക്ക് എന്തിനാണ് സ്വന്തമായ ഭാഷ എന്ന് വളരെ ലാഘവത്തോടെ ചോദിക്കാം. അതാണ് പരോക്ഷമായി അവരോട് ചോദിച്ചുകൊണ്ടിരിക്കുന്നതും.

ഏതൊരു ഭാഷയെയും നിലനിർത്താനുള്ള വഴി വ്യവഹാരത്തിനുള്ള വാതിൽ തുറന്നുകൊടുക്കുക എന്നുള്ളതാണ്. നാം അവരുടെ സംസ്‌കാരം കശക്കിയെറിഞ്ഞില്ലായിരുന്നെങ്കിൽ അവർ സ്വയം വ്യവഹാര ഭാഷയായി അതിനെ പൊലിപ്പിച്ചെടുത്തേനെ. ഇന്നത്തെ അവസ്ഥയിൽ പരാശ്രയത്തിൽ ജീവിക്കുന്ന അവർക്ക് അവരുടെ ഭാഷ നിലനിർത്തണമെങ്കിൽ പരാശ്രയം കൂടിയേ തീരൂ.

ആർക്കും തകർക്കാനാവാത്തനിലയിൽ ശക്തമാണ് മലയാളഭാഷയുടെ നിലനില്പ്. അതിന്റെ വ്യവഹാര മേഖല വിപുലപ്പെടുത്തി അതിനെ കുറേക്കൂടി ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് മലയാളഭാഷാനിയമം. അത് കൂടുതൽ ശക്തിപ്പെടുന്നതോടെ ആദിവാസിഭാഷകൾ ഊർദ്ധശ്വാസം വലിക്കും എന്നത് തീർച്ച. ആദിവാസിസമൂഹങ്ങളുടെ ആത്മവിശ്വാസത്തെ ബലപ്പെടുത്തുന്നരീതിയിൽ അവരുടെ ഭാഷകളുടെ നിലനില്പ് ഉറപ്പുവരുത്താൻ ജനാധിപത്യബോധമുള്ള ഒരു സമൂഹം എന്നനിലയ്ക്ക് നമുക്ക് ബാധ്യതയുണ്ട്. അതിന് ഈ ബില്ലിൽ എന്ത് വ്യവസ്ഥയാണുള്ളത്? ജനാധിപത്യത്തിനകത്തുതന്നെ ഫാസിസത്തിന് ഒളിയിടങ്ങളുണ്ട്. അത്തരം ഫാസിസം പരോക്ഷമായിട്ടാണു പ്രവർത്തിക്കുക എന്ന് മാത്രം.

ആദിവാസിസമൂഹത്തോടുള്ള ജനാധിപത്യസമൂഹത്തിന്റെ സമീപനം അത്തരത്തിലുള്ള ഒരു ഫാസിസ്റ്റ് പ്രവർത്തനമാണ്. കേരളത്തിന് പൊതുവായ ഒരു ഭാഷാനിയമം ഉണ്ടാവുമ്പോൾ ആദിവാസി ഭാഷയുടെ കാര്യത്തിൽ മൗനമവലംബിക്കുന്നത് പരോക്ഷമായ ഫാസിസം തന്നെയാണ്. ഒരു ജനതയ്ക്ക് മാതൃഭാഷയിൽ സംസാരിക്കാൻ മാത്രമല്ല, ഭരണകൂടത്തോട് സംസാരിക്കാനും അവകാശമുണ്ട്. മാതൃഭാഷയിലൂടെ അധികാരത്തിൽ ഇടപെടാൻ സാധിക്കുകയും വേണം.

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ എന്നനിലയിൽ മലയാളം പഠിക്കുമ്പോഴും പ്രൈമറിക്ലാസുകളിലെങ്കിലും മാതൃഭാഷയിൽ പഠിക്കാനുള്ള അവസരമുണ്ടായിരിക്കണം. ഇവയൊന്നും നടപ്പാക്കുന്നത് സാധിക്കാത്ത കാര്യമല്ല. അതിനുള്ള ഇച്ഛാശക്തിവേണമെന്നുമാത്രം. കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ നിമിഷങ്ങൾക്കുള്ളിൽ ഭാഷാന്തരം നടത്താൻ പ്രയാസമൊന്നുമില്ല. ഭരണഭാഷ മലയാളമായിരിക്കെത്തന്നെ ആദിവാസി മാതൃഭാഷയിൽ സമർപ്പിക്കുന്ന ഏത് നിവേദനവും മലയാളത്തിലാക്കിത്തീർക്കാൻ നിമിഷങ്ങൾ മതി. നടപടികൾക്കുശേഷം മറുപടിയും അതുപോലെ അവരുടെ മാതൃഭാഷയിൽത്തന്നെ നൽകുകയും ചെയ്യാം.

പ്രൈമറി വിദ്യാഭ്യാസം മാതൃഭാഷയിലാവണം എന്നുള്ളത് ലോകമെമ്പാടും സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. അത് ആദിവാസികൾക്ക് നിഷേധിക്കുന്നതിനുള്ള ഏത് ന്യായവും അന്യായമാണ്. മലയാളത്തിൽ രചിക്കപ്പെടുന്ന പാഠപുസ്തകങ്ങളുടെ ഭാഷാന്തരം ആദിവാസിഭാഷകളിലുണ്ടാകുന്നത് ക്ലിഷ്ടസാധ്യമായ ഒരു കാര്യമല്ല. കമ്പ്യൂട്ടർ വ്യാപകമാകുന്നതിനുമുമ്പുന്നെ അത്തരം പരീക്ഷണങ്ങൾ സന്നദ്ധസംഘടനകൾ ആദിവാസി സമൂഹങ്ങളിൽ പരീക്ഷിക്കുകയുണ്ടായിട്ടുണ്ട്. കമ്പ്യൂട്ടർ സഹായത്തോടെ ഇന്ന് അതുചെയ്യാൻ വളരെ എളുപ്പമാണ്. അതിന് വിലങ്ങുതടിയായിനിൽക്കുന്നത് നമ്മുടെ വികലമായ ജനാധിപത്യബോധമാണ്. കക്ഷിരാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പുകളിലും അതുനൽകുന്ന അധികാരത്തിന്റെ പ്രയോഗങ്ങളിലും കവിഞ്ഞ ജനാധിപത്യബോധമില്ലാത്ത ജനതയ്ക്ക് ആലംബഹീനരായ മനുഷ്യര്യടെ നിലവിളി കേൾക്കാനാവില്ല.

ആദിവാസികളുടെ ജീവിതം നാം കവർന്നെടുത്തു. ഇനി അല്പമെങ്കിലും അവശേഷിക്കുന്നത് അവരുടെ മാതൃഭാഷയാണ്. സങ്കടം സഹിക്കാതെവരുമ്പോൾ സ്വന്തം തലയിൽ കൈവെച്ച് നിലവിളിക്കാൻ ഒരു നാവെങ്കിലും അവർക്കുവേണ്ടേ? അതു കൂടി പിഴുതെടുക്കാൻ ‘മലയാളഭാഷാനിയമം’ ഇടവരുത്തരുത് എന്നു മാത്രമാണ് പ്രാർഥന, അതുകൊണ്ട് ജനാധിപത്യകേരളത്തിനാവശ്യം മലയാളഭാഷാനിയമമല്ല. മാതൃഭാഷാനിയമമാണ്.

പ്രൊഫ . രാഘവൻ പയ്യനാട്