ജസ്റ്റിസ് കെ.കെ നരേന്ദ്രന്റെ മരണത്തോടെ പ്രഗത്ഭനും സത്യസന്ധനുമായ ഒരു നിയമജ്ഞനെക്കൂടി കേരളത്തിനു നഷ്ടമായിരിക്കുന്നു. ജസ്റ്റിസ് നരേന്ദ്രൻ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ മരണാനന്തരം പത്ര-ദൃശ്യമാധ്യമങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ക്രീമിലെയർ കമ്മിഷൻ, ടി.യു കുരുവിളയുടെ രാജകുമാരി ഭൂമി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ കമ്മിഷൻ, ശമ്പളക്കമ്മിഷൻ എന്നിവയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചും പൊതുപ്രവർത്തക അഴിമതി അന്വേഷണക്കമ്മിഷൻ അംഗമായും നരേന്ദ്രൻ നൽകിയ സേവനങ്ങൾ റിപ്പോർട്ടുകളിലും ചർച്ചകളിലും സ്ഥാനം പിടിച്ചു. എന്നാൽ കേരളത്തിന്റെ നീതിനിർവ്വഹണ ചരിത്രത്തിൽ അടിസ്ഥാനപരമായ മാറ്റം നിർദ്ദേശിച്ചുകൊണ്ട് ജസ്റ്റിസ് നരേന്ദ്രൻ എഴുതിയ റിപ്പോർട്ട് അധികമാരും പരാമർശിച്ചു കണ്ടില്ല. കോടതിഭാഷ മലയാളമാക്കണമെന്നു ശുപാർശ ചെയ്ത ചരിത്രപ്രസിദ്ധമായ ‘ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ’ എല്ലാവരാലും അവഗണിക്കപ്പെട്ടു. നരേന്ദ്രന്റെ മറ്റെല്ലാ റിപ്പോർട്ടുകളും  ചർച്ചാവിധേയമായപ്പോൾ ഈ ശുപാർശകൾ മാത്രം മറവിയിലായത് മലയാളികളുടെ മാതൃഭാഷാസ്നേഹം കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

 ഐക്യകേരളത്തിലെ ഭരണം മലയാളത്തിലാക്കുന്നതിനെക്കുറിച്ചാലോചിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഒന്നാം ഇ.എം.എസ്. മന്ത്രിസഭ കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചതോടുകൂടിയാണ് ഭരണഭാഷയുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളത്തിൽ ആരംഭിക്കുന്നത് ഡോ. കെ. ഭാസ്ക്‌കരൻ നായർ, കെ ദാമോദരൻ, പി.ടി. ഭാസ്ക്കരപ്പണിക്കർ, എൽസി ഐസക് എന്നിവരടങ്ങിയ സമിതി 1958 ആഗസ്റ്റ് 16-ന് അതിൻ്റെ ശുപാർശകൾ സർക്കാരിനു നമർപ്പിച്ചു. “ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണം ഏത് വിഷയം അധികരിച്ചുള്ളതായാലും ജനങ്ങളുടെ ഭാഷയിൽത്തന്നെ വേണമെന്നുള്ളത് നിർവിവാദമായ സംഗതിയാണ്” എന്ന അഭിപ്രായമാണ് സമിതി മുന്നോട്ടുവെച്ചത്.

മലയാളം ഔദ്യോഗികഭാഷയാക്കണമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ഏഴുകൊല്ലംകൊണ്ട് പ്രാവർത്തികമാക്കാവുന്ന ഒരു പദ്ധതിയും സമിതി നിർദ്ദേശിച്ചു.  ദൗർഭാഗ്യകരമെന്നു പറയട്ടെ തുടർന്നുള്ള പത്തുവർഷം ഈ ദിശയിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. 1969-ൽ കേരള ഔദ്യോഗിക ഭാഷകൾ ആക്റ്റ് നിലവിൽ വന്നു. 1973 – ൽ ആക്റ്റിൽ ചില ഭേദഗതികൾ വരുത്തി ഇതോടെ ആക്റ്റിലെ ഒന്ന് (ബി) വകുപ്പനുസരിച്ച് സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമായി.

ഇംഗ്ലീഷ് എന്ന ഇരുമ്പുമുറ

ഔദ്യോഗിക ഭാഷകൾ ‘ആക്റ്റി’ൻ്റെ ചുവടുപിടിച്ചാണ് കോടതിഭാഷ മല യാളമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. ഹൈക്കോടതിക്കു കീഴിലുള്ള സിവിലും ക്രിമിനലുമായ കോടതികളിൽ വിധിപ്രസ്താവം തയ്യാറാക്കുന്നതിനും കോടതി നടപടികൾക്കും മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കാമെന്ന്  സർക്കാർ  1973-ൽ ഒരു ഉത്തരവ് ഇറക്കുകയുണ്ടായി. ‘ഇംഗ്ലീഷോ മലയാളമോ എന്ന തെരഞ്ഞെടുപ്പു സ്വാതന്ത്ര്യം നടപടികൾ ഇംഗ്ലീഷിൽ അന്നെ തുടരുന്നതിനു കാരണമായി. 1978-82 കാലയളവിൽ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനായി അയ്യാറാക്കിയ പഞ്ചവത്സരകർമ്മപദ്ധതിയിലും കോടതിഭാഷ മലയാളമാക്കുന്നതിനുള്ള നിർദ്ദേശങ്ങളുണ്ടായിരുന്നു. ഇവയൊന്നും നടപ്പിലാകാതെ വന്ന സാഹചര്യത്തിലാണ് കോടതിഭാഷ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് കെ.കെ നരേന്ദ്രൻ അധ്യക്ഷനായി ഏഴംഗസമിതിയെ 1985-ൽ സർക്കാർ നിയോഗിച്ചത്.

                                            കോടതി നടപടികൾ മലയാളത്തിലാക്കുന്നതു സംബന്ധിച്ച് അഭിപ്രായങ്ങൾ ആരായുന്നതിന് സമിതി ഒരു ചോദ്യാവലി തയ്യാറാക്കുകയും പലരുമായും  ആശയവിനിമയങ്ങൾ നടത്തുകയുമുണ്ടായി. കോടതി നടപടികൾ മലയാളത്തിലാക്കുന്നതിനെ പല കാരണങ്ങൾ പറഞ്ഞ് ഇതിൽ പലരും എതിർക്കുകയുണ്ടായി ഇത്തരം തടസ്സവാദങ്ങളിലെ വസ്തുതകൾ അംഗീകരിച്ചുകൊണ്ടു തന്നെ സമിതി അവയെല്ലാം പരിഹരിക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ തയ്യാറാക്കുകയാണുണ്ടായത്. നിർദ്ദേശങ്ങളിൽ ചിലതു നോക്കുക,

1. കേരള ഹൈക്കോടതിയുടെ വിധി ന്യായങ്ങളും സുപ്രീംകോടതിയുടെ വി ധിന്യായങ്ങളുടെ ചുരുക്കകുറിപ്പുകളും അടങ്ങിയ മലയാളത്തിലുള്ള ഒരു ലോ ജേർണൽ പ്രസിദ്ധീകരിക്കുക. (കന്നടയിലും തമിഴിലും ഇത്തരം ലോ ജേർണ ലുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്)

2. ഇംഗ്ലീഷ് നിയമങ്ങളിലുള്ള പദങ്ങളുടെയും പ്രയോഗങ്ങളുടെയും അർത്ഥം ഉൾക്കൊള്ളിച്ചുക്കൊണ്ട് ഒരു പദകോശം തയ്യാറാക്കുക. പുതിയ പദ ങ്ങൾക്കനുസരിച്ച് അവ പുതുക്കുക.

3. കാലക്രമേണ നിയമവിദ്യാഭ്യാസം മലയാളത്തിലാക്കുക.

4. വിവിധ തട്ടുകളിലെ നിയമജ്ഞർക്ക് നൽകുന്ന പരിശീലനത്തിൽ, മലയാളത്തിൽ വിധിന്യായങ്ങളും മറ്റും എഴുതുന്നതിന് പ്രത്യേക ഊന്നൽ നൽകുക.

5. മുൻസിഫ് മജിസ്ട്രേറ്റ്‌ തസ്‌തികകളിലേക്കുള്ള നിയമനം നടത്തുമ്പോൾ മലയാളത്തിൽ വിധിന്യായങ്ങളും മറ്റും തയ്യാറാക്കുന്നതിനുള്ള കഴിവുകൂടി പരി ശോധിക്കുക:

                                   ജസ്റ്റിസ് നരേന്ദ്രൻ അധ്യക്ഷനായ സമിതി 1987-ൽ നൽകിയ റിപ്പോർട്ടിൽ കോടതിനടപടികൾ മലയാളത്തിലാക്കേണ്ടതിന്റെ ആവശ്യകത അടി വരയിട്ടുതന്നെ വ്യക്തമാക്കുന്നുണ്ട്. “കേരളസംസ്ഥാനത്ത് ഇതിനകം പല വകുപ്പുകളിലും മലയാളം ഔദ്യോഗികകഭാഷയായിക്കഴിഞ്ഞിട്ടുണ്ട്. ഈ പ്രക്രിയ നീതിന്യായഭരണത്തിലും നടപ്പാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. സാധാരണക്കാരായ വ്യവഹാരിക്കും കോടതിനടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലിഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാർക്ക് കോടതി നടപടികളിൽ കൂടുതൽ സജീവമായി സഹകരിക്കാൻ സാധിക്കില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അതൊക്കെ തരണംചെയ്ത് കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിക്കാതെ നിവൃത്തിയില്ല”

                                   വളരെ ചെറിയ ന്യൂനപക്ഷത്തിനു മാത്രം അറിയാവുന്ന ഭാഷയിൽ ഭരണനടപടികൾ തുടരുന്നത് ജനാധിപത്യത്തെ പരിമിതപ്പെടുത്തുമെന്ന ബോധ്യം മേൽപ്പറഞ്ഞ വാക്കുകളിലുണ്ട്. അറിയാനുള്ള അവകാശം ജനാധിപത്യത്തിൻ്റെയും പൗരാവകാശത്തിൻ്റെയും ആണിക്കല്ലാണ്. ഭരണ നടപടികൾ ജനങ്ങൾക്കറിയുന്ന ഭാഷയിൽ ആയിത്തിരുമ്പോഴേ അറിയാനുള്ള അവകാശം പ്രാവർത്തികമാകുകയുള്ളൂ. നീതിനിർവഹണത്തിൻ്റെ കാര്യവും ഇതുതന്നെ.

                          ജസ്റ്റിസ് നരേന്ദ്രൻ സൂചിപ്പിച്ച ഇംഗ്ലീഷാകുന്ന ഇരുമ്പുമറ ഇത്തരം മേഖലകളിൽ വലിയ ചൂഷണത്തിനുള്ള സാധ്യതകൂടി തുറന്നിടുന്നുണ്ട്. മലയാളത്തിൽ പറഞ്ഞാൽ നേരാംവണ്ണം മനസ്സിലാകുന്ന കാര്യങ്ങൾ, വളച്ചുകെട്ടി ഇംഗ്ലീഷിലാക്കുമ്പോൾ തങ്ങൾക്കു കഴിയാത്ത, അറിയാത്ത എന്തോ ഇയാൾ ചെയ്‌തിരിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ കഴിയും.

ഫയലിൽ ഉറങ്ങുന്ന ശുപാർശകൾ

രാഷ്ടവ്യവസ്ഥയുടെ നെടുംതുണുകളിലൊന്നാണ് നിയമവ്യവസ്ഥ. അതിൻ്റെ നിർവ്വഹണത്തിൽ പ്രധാന പങ്കുവഹിക്കേണ്ട സ്ഥാപനങ്ങളാണ് കോടതികൾ. അവിടെ പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ബഹുഭൂരിപക്ഷത്തിനും പ്രാപ്യമായ ഭാഷയിൽ നടപടികൾ നിർവഹിക്ക പ്പെടണമെന്ന ബോധ്യമാണ് ജസ്റ്റിസ് നരേന്ദ്രനെ, കോടതിഭാഷ മലയാള മാക്കണമെന്ന് ശുപാർശ ചെയ്യാൻ പ്രേരിപ്പിച്ചത്. ദേശീയപ്രസ്ഥാനത്തിൻ്റെ പാരമ്പര്യമുൾക്കൊണ്ടാണ് നരേന്ദ്രൻ വളർന്നത്. കേരളീയ നവോത്ഥാനപ്ര വർത്തനങ്ങൾക്ക് ഊർജം പകർന്ന നാരായണഗുരുവിന്റെയും സഹോദ രനയ്യപ്പൻ്റെയും പാരമ്പര്യം അദ്ദേഹം പിൻപറ്റി.

മുഴുവൻ മാതൃഭാഷകളുടെയും ഉണർവ്വം സഹവർത്തിത്വവുമാണ് ഇന്ത്യൻ ദേശീയതയുടെ അസ്തിവാരമെന്ന് ഗാന്ധിജിയെപ്പോലുള്ള ദേശീയ നേതാക്കൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ ഓരോ ജനവിഭാഗത്തിൻ്റെയും മാതൃഭാഷയിൽ അവരുടെ ജിവിത വിനിമയങ്ങൾ സാധ്യമാകണമെന്നും അവർ കരുതി. അത്തരമൊരു പാരമ്പര്യത്തിന്റെ പങ്കുവയ്പ്പുകാരനായതുകൊണ്ടുകൂടിയാണ്, ഭരണാധികാരികൾപോലും മലയാള ത്തിനുവേണ്ടി തീരുമാനമെടുക്കാൻ അറച്ചുനില്ക്കുമ്പോൾ കെല്പോടെ മലയാളത്തിനുവേണ്ടി വാദിക്കാൻ നരേന്ദ്രനു കഴിഞ്ഞത്.

                                  ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ ശുപാർശകൾ സമർപ്പിച്ചിട്ട് കാൽനൂറ്റാണ്ടു തികയാൻ പോകുന്നു. ശുപാർശകൾ ലഭിച്ച ഉടൻ തന്നെ അതു നടപ്പിലാക്കുന്നതിന് ഒരു സമിതി രൂപീകരിക്കപ്പെട്ടു. മൂന്നു ജഡ്ജിമാരടങ്ങിയ ഈ സമിതി ജസ്റ്റിസ് നരേന്ദ്രന്റെ ശുപാർശകൾ പരിശോധിച്ച് ചില നിർദ്ദേശങ്ങൾ കൂടി സമർപ്പിച്ചു. തുടർന്ന് ഹൈക്കോടതി രജിസ്ട്രാറും സർക്കാരും തമ്മിൽ ഈ നിർദ്ദേശങ്ങളെക്കുറിച്ചുള്ള ചില എഴുത്തുകുത്തുകൾ നടന്നു. അവസാനമായി, കോടതിയിലെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനും ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവർ അംഗങ്ങളുമായി ഒരു ഉന്നതതല സമിതികൂടി 2009 ജനുവരിയിൽ രൂപികരിച്ചു.                                         ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ ശുപാർശചെയ്‌ത നിയമശബ്ദാവലിയുടെ നിർമ്മാണവും പരിഷ്ക്കരണവും, നിയമ ജേർണലിൻ്റെ പ്രസിദ്ധീകരണം, നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കൽ എന്നിവയൊന്നും നടന്നില്ല. ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാസമിതി 2010-ൽ സമർപ്പിച്ച റിപ്പോർട്ടിലും ഈ ശുപാർശകൾ ആവർത്തിക്കുകയാണ്. വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ എന്നു പറഞ്ഞതുപോലെ കോടതികളിൽ കാര്യങ്ങൾ പഴയപടി ഇംഗ്ലീഷിൽത്തന്നെ…

ഇ. ദിനേശൻ