ഈ മനുഷ്യാവകാശ ദിനത്തിൽ, മലയാള ഐക്യവേദി നേരിട്ട് സാക്ഷ്യം വഹിച്ച മനുഷ്യാവകാശലംഘനത്തിൻ്റെ രണ്ട് സന്ദർഭങ്ങൾ ഓർമ്മിക്കുകയാണ്.
ഒന്ന്
2020 നവംബർ 2
തൃശ്ശൂർ ലോ കോളേജിൽ എൽ എൽ ബി വിദ്യാർത്ഥിയായിരുന്ന ബിജു പോൾ 2019 നവംബർ 11 ന് കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് ഒരു നിവേദനം നൽകി.മലയാളത്തിൽ കൂടി പരീക്ഷയെഴുതാൻ തന്നെ അനുവദിക്കണമെന്നായിരുന്നു കത്തിൻ്റെ ഉള്ളടക്കം.ഏകദേശം ഒരു വർഷത്തിന് ശേഷം 2020 നവംബർ 2 ന് എല്ലാ കമ്മിറ്റികളിലും ചർച്ച ചെയ്ത് മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ അപേക്ഷ തള്ളിയതായി യൂണിവേഴ്സിറ്റി അറിയിച്ചു.
ഒരു വ്യക്തി മലയാളത്തിൽ കൂടി പരീക്ഷയെഴുതാൻ തന്നെ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുമ്പോൾ – മലയാളത്തിൽ കൂടി പരീക്ഷ എഴുതാൻ എന്നത് ശ്രദ്ധിക്കണം – ചർച്ച ചെയ്ത് അപേക്ഷ തള്ളിക്കളയാനാണോ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്? മലയാളിയായ ഒരു വ്യക്തിയ്ക്ക് കേരളമെന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിൽ പഠിക്കാൻ സാധിക്കുന്നില്ല, ചോദ്യക്കടലാസുകൾ ലഭ്യമല്ല – ഇതിനെയെല്ലാം മറികടന്ന് ഒറ്റയ്ക്ക് പഠിച്ച ഉത്തരങ്ങൾ മാതൃഭാഷയായ മലയാളത്തിൽ എഴുതാൻ പോലും സാധിക്കുന്നില്ല. മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനും മൂല്യനിർണ്ണയം നടത്തിക്കിട്ടാനും കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവകാശമില്ലേ? ഇത് ഭാഷാപരമായ അവകാശത്തിൻ്റെ ലംഘനമല്ലേ?
രണ്ട്
2024 ഒക്ടോബർ 17
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചില വിദ്യാർത്ഥികൾ ബി.കോം. പരീക്ഷ മലയാളത്തിൽ എഴുതി.ഇത് ‘സ്പെഷ്യൽ കേസാ’യി പരിഗണിച്ച് സർവ്വകലാശാല മൂല്യനിർണ്ണയം നടത്തി. ഇനി മുതൽ പരീക്ഷാ മാധ്യമം ഇംഗ്ലീഷായിരിക്കുമെന്നും ചോദ്യക്കടലാസിൽ ഇത് രേഖപ്പെടുത്തണമെന്നും സർവ്വകലാശാല ഉത്തരവിറക്കി.
ഇതിലെ മാതൃഭാഷാവകാശ ലംഘനം ഉയർത്തിക്കൊണ്ട് മലയാള ഐക്യവേദി കൊടുത്ത അപേക്ഷയ്ക്ക് സ്റ്റഡീമെറ്റീരിയലുകളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി ഭാവിയിൽ പരിഗണിക്കാമെന്ന് സർവ്വകലാശാല മറുപടി നൽകി.
പഠനമാധ്യമം ഇംഗ്ലീഷായിരുന്നിട്ടും വിദ്യാർത്ഥികൾ മലയാളത്തിൽ ഉത്തരമെഴുതുന്നുവെങ്കിൽ മാതൃഭാഷയും വിജ്ഞാനരൂപീകരണവും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇംഗ്ലീഷിൽ തട്ടി വിദ്യാർത്ഥികൾ പുറകിലാകുമ്പോൾ ആരോ എന്നോ മലയാളത്തിൽ സ്റ്റഡീമെറ്റീരിയലുകൾ ഉണ്ടാക്കുമെന്ന പ്രതീക്ഷയുമായി എത്ര കാലം കേരളത്തിലെ സർവ്വകലാശാലകൾ നിഷ്ക്രിയരായി ഇരിക്കും?
2023 ഏപ്രിൽ 19 ന് യു.ജി.സി നൽകിയ നിർദ്ദേശത്തിൽ ഇംഗ്ലീഷ് മാധ്യമത്തിലാണ് പഠനമെങ്കിലും പ്രാദേശികഭാഷകളിൽ ഉത്തരമെഴുതാനും പഠനപ്രക്രിയയിലേർപ്പെടാനുമുള്ള വിദ്യാർത്ഥികളുടെ അവകാശം ഉയർത്തിപ്പിടിക്കുന്നുണ്ട്. അറിവ് വിശകലനം ചെയ്ത് എഴുതാനുള്ള ശേഷി ഒരാൾക്ക് മാതൃഭാഷയിലാണ് കൂടുതലെങ്കിൽ അതിനുള്ള അവസരമൊരുക്കേണ്ടത് ഒരു ജനാധിപത്യരാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്. മാതൃഭാഷാവകാശം മനുഷ്യാവകാശമാണ്. മലയാളം ഔദ്യോഗിക ഭാഷയും ഭരണഭാഷയുമായ കേരളത്തിൽ മലയാളത്തിനിതാണ് ഗതിയെങ്കിൽ ന്യൂനപക്ഷ ഭാഷകളുടെ കാര്യം പറയേണ്ടതില്ലല്ലോ….