പയ്യന്നൂർ : എൻജിനീയറിങ് അടക്കമുള്ള എൻട്രൻസ് പരീക്ഷയിൽ കേരള ഹയർസെക്കൻഡറി സിബിഎസ്ഇ വിദ്യാർത്ഥികളുടെ സ്കോറുകൾ സമീകരിക്കുന്ന അശാസ്ത്രീയമായ രീതി ഉപേക്ഷിക്കണമെന്ന് മലയാള ഐക്യവേദി കണ്ണൂർ ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സമീപവർഷങ്ങളിലായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ സ്കോറുകൾ വളരെ കൂടുതൽ വെട്ടിക്കുറക്കുകയും സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് സ്കോർ കൂട്ടി നൽകുകയും ചെയ്യുന്ന എൻട്രൻസ് പരീക്ഷ കമ്മീഷണറേറ്റിൻ്റെ സ്കോർ സമീകരണം എന്ന രീതി പൊതു വിദ്യാഭ്യാസമേഖലയുടെ അന്തക വിത്താവുമെന്ന് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മലയാള ഐക്യവേദിയുടെ കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന സമിതി അംഗം പി.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരളത്തിന് മാതൃഭാഷയിലൂന്നിയ മുന്നേറ്റം വേണമെന്ന ആശയവുമായി പ്രവർത്തിക്കുന്ന മലയാള ഐക്യവേദിയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 8, 9 തിയ്യതികളിൽ കോഴിക്കോട് നടക്കും. എം.ആർ മഹേഷ്, സി.എം സുജിത്ത് കുമാർ, എ സിന്ധു എന്നിവർ സംസാരിച്ചു. എ.വി പവിത്രനെ പ്രസിഡൻ്റായും കലേഷ് മാണിയാടനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.