
ഫെബ്രുവരി 21 ആണ് ഐക്യരാഷ്ട്രസഭ ലോകമാതൃഭാഷാദിനമായി കൊണ്ടാടുന്നത്. 1952-ൽ ബംഗ്ലാദേശിൽ (അന്നത്തെ കിഴക്കൻ പാക്കിസ്ഥാൻ) ഉർദുഭാഷ ഭരണഭാഷയായി അടിച്ചേല്പിക്കുന്നതിനെതിരെ നടന്ന കലാപത്തിൽ ഡാക്ക സർവകലാശാലയിലെ വിദ്യാർ ത്ഥികൾ പാക്കിസ്ഥാൻ പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന്റെ ഓർമ പുതുക്കുന്ന ദിവസമാണത്. ബംഗ്ലാദേശിൽ വളരെ ആദരവോടെ, ദേശീയ പ്രാധാന്യത്തോടെ ഭാഷാപ്രസ്ഥാനദിനമായി ആഘോഷിച്ചുപോന്ന ഈ പൊതു അവധി ദിവസം 2000-ലാണ് ഐക്യരാഷ്ട്രസഭ ലോകമാതൃഭാഷാദിനമായി അംഗീകരിച്ചത്. 1999-ൽ യുനെസ്കോയുടെ മുപ്പതാം പൊതുസമ്മേളനസെഷനിൽ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി പ്രഖ്യാപിക്കണമെന്ന ബംഗ്ലാദേശിന്റെ നിർദ്ദേശത്തെ പിന്താങ്ങിയവരിൽ ഇന്ത്യയോടൊപ്പം അന്ന് വെടിവെപ്പിന് കാരണക്കാരായ പാക്കിസ്ഥാന്റെയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു.
ബംഗാളിഭാഷയ്ക്കു വേണ്ടിയുള്ള സമരം ഇരുപതാം നൂറ്റാണ്ട് പിറക്കുന്നതിന് മുമ്പെ ആരംഭിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ സ്ത്രീവാദിയും സ്ത്രീവിദ്യാഭ്യാസ പ്രവർത്തകയുമായ റുഖിയ സക്കാവത്ത് ഹുസ്സൈനെ (1880-1932)പ്പോലുള്ള എഴുത്തുകാരികൾ ബംഗാളിഭാഷയ്ക്കു വേണ്ടി രംഗത്തുവന്നുകഴിഞ്ഞിരുന്നു. സ്ത്രീകളുൾപ്പെടെയുള്ള അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ ആത്മപ്രകാശനവും വിദ്യാഭ്യാസപ്രവർത്തനവും മാതൃഭാഷാപ്രവർത്തനവുമായി എങ്ങിനെ തുടക്കത്തിൽത്തന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ബീഗം റുഖിയയുടെ ജീവിതവും രചനകളും ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെന്നതു പോലെ തന്നെ പാക്കിസ്ഥാനു വേണ്ടി വാദിച്ചുകൊണ്ടിരുന്ന മുസ്ലിംലീഗിലും സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഭാഷാപരമായ വൈവിധ്യത്തിലൂന്നിയ വാദങ്ങൾ ഉയർന്നുവന്നിരുന്നു. 1937-ലെ മുസ്ലിം ലീഗിന്റെ ലക്നോസെഷനിൽ ബംഗാളിൽനിന്നുള്ള പ്രതിനിധികൾ ഉർദുവിനെ ഏക ഔദ്യോഗികഭാഷയായി പരിഗണിക്കുന്നതിനെ എതിർത്തിരുന്നു.1947-ൽ പാക്കിസ്ഥാൻ രൂപീകരിച്ച് ഉർദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചപ്പോൾതന്നെ എതിർപ്പുകളും ആരംഭിച്ചു. പാക്കിസ്ഥാനിലെ പബ്ലിക് സർവീസ് കമ്മിഷൻ അംഗീകരിക്കപ്പെട്ട ഭാഷ കളുടെ കൂട്ടത്തിൽനിന്ന് ബംഗാളിയെ നീക്കം ചെയ്യുകയായിരുന്നു. തമദ്ദുൻ മജ്ലിസ് എന്ന സാംസ്കാരിക സംഘടന ഭരണത്തിലും വിദ്യാഭ്യാസത്തിലും ബംഗാളി തന്നെയാകണമെന്ന് ആവശ്യപ്പെട്ടു. 1948 മാർച്ചിൽ ഡാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ സർക്കാറിന്റെ ഭാഷാനയത്തിനെതിരെ സമരം ചെയ്തു. ബംഗാളിയെ പാക്കിസ്ഥാനിലെ ഔദ്യോഗികഭാഷകളിൽ ഒന്നാക്കണമെന്നായിരുന്നു ആവശ്യം.
ഈ ആവശ്യം പാക്കിസ്ഥാൻ അധികാരികൾ അംഗീകരിച്ചില്ലെന്നു മാത്രമല്ല, കിഴക്കൻ പാക്കിസ്ഥാനിലെത്തി ഉർദു മാത്രം എന്ന കർക്കശമായ നിർദ്ദേശം ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്. അവിടെ തീർന്നില്ല, സ്വന്തമായ ലിപിയും പാരമ്പര്യവുമുള്ള ബംഗാളി ഭാഷ അറബിക് ലിപിയിൽ എഴുതണമെന്ന് നിർദ്ദേശിക്കു ന്നതുവരെ അത് എത്തിച്ചേർന്നു. എല്ലാം ചേർന്നപ്പോൾ പ്രതിഷേധ സമരത്തിന് ആക്കം കൂടി. 1952-ൽ ജിന്നയുടെ പിൻഗാമിയായി വന്ന ഗവർണർ ജനറൽ ക്വാജാ നസിമുദ്ദീൻ 1952 ജനുവരി 27-ലെ ഒരു യോഗത്തിൽ ഉർദു മാത്രം എന്ന കർക്കശനയം പ്രഖ്യാപിച്ചത് വൻ പ്രകോപനമുണ്ടാക്കി. 1952 ജനുവരി 31-ന് മൗലാനാ ബാഷാനിയുടെ അധ്യക്ഷതയിൽ ഡാക്ക സർവകലാശാലാ ബാർ ലൈബ്രറി ഹാളിൽ ചേർന്ന സർവകക്ഷി ഭാഷാ ആക്ഷൻ കമ്മിറ്റി യോഗത്തിൽ വെച്ച് ഫെബ്രുവരി 21 പ്രതിഷേധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
1952 ഫെബ്രുവരി 21 ഡാക്ക സർവകലാശാലയിലും പരിസരത്തും പാക്കിസ്ഥാൻ സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സർവകലാശാലാ കാമ്പസ് പോലീസ് വലയത്തിലാക്കിക്കഴിഞ്ഞി രുന്നു. ഇതിനെയൊന്നും വകവെക്കാതെ ആ പ്രഭാതത്തിൽ മാതൃഭാഷയായ ബംഗാളിയെ സ്നേഹിക്കുന്ന പോരാളികളായ വിദ്യാർ ത്ഥികൾ കാമ്പസിനു മുന്നിൽ ഒത്തുചേരാൻ തുടങ്ങിയിരുന്നു. പതിനൊന്നു മണിയോടെ പോലീസ് വലയം ഭേദിച്ച് വിദ്യാർത്ഥികൾ മുന്നോട്ടുനീങ്ങി. കിഴക്കൻ ബംഗാൾ നിയമസഭാ പരിസരത്തെത്തി തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് വെടി വെപ്പ് ആരംഭിച്ചു. അബ്ദുസലാം, റഫീഖുദ്ദീൻ അഹമ്മദ്, അബ്ദുൾ ബർക്കത്, അബ്ദുൾ ജബ്ബാർ എന്നീ വിദ്യാർത്ഥിനേതാക്കളുൾപ്പെടെ നിരവധി പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. പിറ്റെ ദിവസം നടന്ന പ്രതിഷേധസമരങ്ങൾക്കുനേരെ വീണ്ടും പോലീസ് വെടിവെപ്പും കൂടുതൽ മരണങ്ങളുമുണ്ടായി.
അതിനും അടുത്ത ദിവസം ഡാക്ക മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ രക്തസാക്ഷികളുടെ സ്മാരകം അവർ മരിച്ചുവീണിടത്തു തന്നെ ഉയർത്താൻ ശ്രമിച്ചു. ഫെബ്രുവരി 24 ന് അത് പൂർത്തീകരിച്ചു.
ശഹീദ് സ്മൃതി സ്തംഭം എന്ന് അതിൽ ആലേഖനം ചെയ്തു. രക്ത സാക്ഷിയായ സഫിറുർ റഹ്മാൻ്റെ പിതാവാണ് അത് ഉദ്ഘാടനം ചെയ്തത്. 26-ാം തീയതി പോലീസ് ഈ സ്മാരകം നശിപ്പിച്ചു. വെടി വെപ്പിനെക്കുറിച്ച് അന്വേഷിച്ച സർക്കാറിൻ്റെ കമ്മിഷൻ അത് ന്യായീ കരിക്കത്തക്കതല്ലെന്ന നിലപാടിലാണ് എത്തിച്ചേർന്നത്.
വെടിവെപ്പിന്റെ ഒന്നാം വാർഷികദിനത്തിൽ സർവകക്ഷിഭാഷാ സമരസമിതി ആ ദിവസം രക്തസാക്ഷി ദിനമായി കൊണ്ടാടാൻ തീരു മാനിച്ചു. പാക്കിസ്ഥാനിലെങ്ങും കറുത്ത ബാഡ്ജുകളണിഞ്ഞ് ജനങ്ങൾ പ്രതിഷേധത്തിൽ അണിചേർന്നു. ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടന്നു. ഒരു ലക്ഷത്തിലധികം പേർ ചേർന്ന പ്രതിഷേധയോഗത്തിൽ വെച്ച് ജയിലിൽ കിടക്കുന്ന സമരനേതാക്കളെ മോചിപ്പിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ബംഗാളിക്കു വേണ്ടി വാദിക്കുന്നവർ രാഷ്ട്രത്തിന്റെ ശത്രുക്കളാണെന്ന നിലപാടാണ് അധികാരികൾ തുടർന്നും സ്വീകരിച്ചത്. 1954 ഫെബ്രുവരി 21 ലെ രക്ത സാക്ഷിദിനാചരണം പ്രതിഷേധത്തിലും അറസ്റ്റിലുമാണ് കലാശി ച്ചത്. 1954 ലെ പ്രവിശ്യാതിരഞ്ഞെടുപ്പിൽ ബംഗാളി ഭാഷാസമര ത്തിന്റെ പിന്തുണക്കാരായ ഐക്യമുന്നണി അധികാരത്തിലെത്തി. ബംഗാളി ഭാഷയ്ക്കു വേണ്ടിയുള്ള അക്കാദമി സ്ഥാപിക്കുകയാണ് ഈ സർക്കാർ ചെയ്ത ഒരു നടപടി. എന്നാൽ പാക്കിസ്ഥാനിലെ കേന്ദ്ര സർക്കാർ ഈ പ്രാദേശിക സർക്കാറിനെ പിരിച്ചുവിടുകയാണുണ്ടായത്. 1956 ൽ ഐക്യമുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. ഭാഷാസമരത്തിൽ രക്തസാക്ഷികളായവർക്ക് സ്മാരകം നിർമിക്കാൻ തീരുമാനിച്ചു. രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് നിയമസഭ അഞ്ചുമിനിറ്റ് നിർത്തിവെച്ചു. 1956 ഫെബ്രുവരി 29ന് ബംഗാളി പാക്കിസ്ഥാന്റെ രണ്ടാമത്തെ ഔദ്യോഗികഭാഷയായി അംഗീകരി ക്കപ്പെട്ടു. അങ്ങനെ ഒരു ദശകം നീണ്ടുനിന്ന മാതൃഭാഷാസമരം വിജ യകരമായ പരിസമാപ്തിയിലെത്തിച്ചേർന്നു.
ബംഗ്ലാദേശിലെ ഭാഷാസമരം അവിടത്തെ സാഹിത്യസൗന്ദര്യ സംസ്കാരമേഖലകളെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. അനേകം കവിതകളും കഥകളും നോവലുകളും സിനിമകളും അതിൻ്റെ പേരിൽ രചിക്കപ്പെട്ടു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ബംഗ്ലാദേശിനെ നിലനിർത്തുന്നതിൽ ഭാഷാസമരത്തിനുള്ള പങ്ക് നിർണായകമാണ്.
- പി. പവിത്രൻ