ജനങ്ങൾക്ക് പറയാനും ജനങ്ങളെ കേൾക്കാനുമുള്ളതാണ് കോടതികൾ.. ജനങ്ങളാണ് കോടതിയുടെ ശബ്ദം.. കോടതി ശബ്ദിക്കുന്നതും ശബ്ദിക്കേണ്ടതും ജനങ്ങൾക്ക് വേണ്ടിയും.. ആ ശബ്ദമാണ് നീതിയുടെ ശബ്ദം.. ആ ശബ്ദം നമ്മുടെ കോടതികളിൽ മുഴങ്ങുന്നുണ്ടോ എന്നതാണ് ചോദ്യം!?

97 ശതമാനം  പേരുടെയും മാതൃഭാഷ മലയാളമായ കേരളത്തിൽ കോടതികൾ പ്രവർത്തിക്കുന്നത് ഇംഗ്ലീഷിലാണ്.. ഇതിൽ 84 ശതമാനം ആളുകൾക്കും മലയാളം മാത്രമാണ് അറിയുന്നത്. ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ്, എന്ത് ലക്ഷ്യത്തോടുകൂടിയാണ്  കോടതികൾ മലയാളത്തെ പടിക്കുപുറത്ത് നിർത്തുന്നതെന്ന് വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്, ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്, ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്.. അത് ജനങ്ങളുടെ അവകാശമാണ്.

2008ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കുകയും 2009 ഒക്ടോബറിൽ പ്രാബല്യത്തിൽ വരുകയും ചെയ്ത  ഗ്രാമന്യായാലയ നിയമ പ്രകാരം, നിലവിൽ വന്ന കേരളത്തിലെ 30 ഗ്രാമീണ കോടതികളും മലയാളമല്ല സംസാരിക്കുന്നത്. ഇംഗ്ലീഷല്ലാത്ത   സംസ്ഥാനങ്ങളിലെ  ഔദ്യോഗിക ഭാഷയിലാണ് ഗ്രാമീണ കോടതികൾ പ്രവർത്തിക്കേണ്ടതെന്ന വ്യവസ്ഥ പ്രാദേശികമായ കേസുകൾ കൈകാര്യം ചെയ്യുന്ന ഗ്രാമീണ കോടതികൾ കണ്ടതായി പോലും നടിക്കുന്നില്ല എന്നത് ആ യാഥാർത്ഥ്യത്തെ അടിവരയിട്ട് പറയുന്നതാണ്.

നീതിന്യായ വ്യവസ്ഥ  മാതൃഭാഷയിൽ നിന്ന് പിന്മാറുന്നത്  ജനാധിപത്യത്തിൽ നിന്നുള്ള പിന്മാറ്റമാണ്.. വാദിക്കും പ്രതിക്കും മനസ്സിലാവാത്ത, അവരെ മനസ്സിലാക്കാത്ത,  സാങ്കേതിക ചുറ്റുപാടിലുള്ള, മറ്റേതോ ഭാഷയിലുള്ള പ്രതിഭാസങ്ങൾക്ക്  മൂകസാക്ഷിയാക്കേണ്ടിവരുന്ന മനുഷ്യരെ മറന്നുകൂടാ.. വക്കീൽ ഫീസും കൊടുത്ത്, നീതി വാങ്ങിത്തരുമെന്ന പ്രതീക്ഷയോടെ, ചുറ്റും നടക്കുന്നതൊന്നും മനസ്സിലാവാതെ വക്കീലിന്റെ വാക്കുകൾക്കായി കാത്തിരിക്കുന്ന എത്രയെത്ര മനുഷ്യരുണ്ട്? എന്തിന് ശിക്ഷിക്കപ്പെട്ടുവെന്നുപോലും കൃത്യമായി മനസ്സിലാവാത്ത എത്രയെത്ര മനുഷ്യരുണ്ട്? ലഭിക്കുന്നത് നീതിയാണോ എന്നുപോലും അറിയാനാവാത്ത എത്രയെത്ര മനുഷ്യരുണ്ട്?

കോടതിഭാഷയുടെ കാര്യത്തിൽ  ഇംഗ്ലീഷിന്റെ ‘പ്രിവിലേജുകൾക്കായി’ വാദിക്കുന്നവർ, ഈ മനുഷ്യരുടെ ‘പ്രിവിലേജ്’ ഓർക്കുന്നില്ല.. അവിടെയാണ് കോടതിഭാഷ മാതൃഭാഷയിലാവേണ്ടതിന്റെ പ്രാധാന്യം..

സുതാര്യവും നീതിയുക്തമായ ജനാധിപത്യ നിയമവ്യവസ്ഥ സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭാഷയിലുള്ള സംവിധാനത്തിന് വളരെ പ്രാധാന്യമുണ്ട്.. ബഹുഭൂരിപക്ഷം ജനങ്ങളുടെയും ഭാഷ മാറ്റിനിർത്തി, ചെറു ന്യൂനപക്ഷമായ  ‘കോടതിസമൂഹ’ത്തിന്റെ  മാത്രം താല്പര്യം ഉറപ്പാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.. സ്വന്തം നാട്ടിൽ അന്യവൽക്കരിക്കപ്പെടുന്ന ജനത, നമ്മുടെ കപടസ്വാതന്ത്രവാദങ്ങളെ പൊളിക്കുന്നതാണ്.

1985ൽ മലയാളം കോടതികളുടെ ഔദ്യോഗിക ഭാഷയാക്കുന്നതിനായി നിയമിക്കപ്പെട്ട ജസ്റ്റിസ് കെ. കെ നരേന്ദ്രൻ കമ്മറ്റി വിശദവും സമഗ്രവുമായ പഠനത്തിനു ശേഷം  1987ൽ റിപ്പോർട്ട് സമർപ്പിച്ചു. കേരളം, കേന്ദ്രം, സഹസംസ്ഥാനങ്ങൾ എന്നിവ മുൻനിർത്തിയുള്ള അന്വേഷണങ്ങൾ, ചർച്ചകൾ, വിലയിരുത്തലുകൾ, നിയമപശ്ചാത്തലം തുടങ്ങി വിശദമായ പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്..  “സാധാരണക്കാരനായ വ്യവഹാരിക്കും കോടതി നടപടികൾക്കും മധ്യേ  നിലകൊള്ളുന്ന ഇംഗ്ലീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറ്റിയാലല്ലാതെ, സാധാരണക്കാർക്ക് നമ്മുടെ കോടതി നടപടികളിൽ കൂടുതൽ സജീവമായി സഹകരിക്കാൻ സാധിക്കില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല.” എന്നാണ് ജസ്റ്റിസ് നരേന്ദ്രൻ അഭിപ്രായപ്പെട്ടത്. കോടതി ഭാഷയായി മലയാളം , നിയമപഠനം മലയാളത്തിൽ, ലോ ജേർണൽ, തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ഈ റിപ്പോർട്ട് ഉൾക്കൊള്ളുന്നു. കോടതിഭാഷ മലയാളം ആക്കിയതിനു ശേഷം, നിയമപഠനം മലയാളത്തിൽ ആക്കാമെന്ന് കരുതി മിണ്ടാതിരിക്കേണ്ട എന്നും റിപ്പോർട്ട് പറയുന്നു.

എത്രയോ സർക്കാരുകൾ മാറിമാറി വന്നെങ്കിലും  ഇപ്പോഴും  ‘ജസ്റ്റിസ് കെ. കെ നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും’ എന്നുതന്നെയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്..

ഇടതുമുന്നണിയുടെ 2016ലെ പ്രകടനപത്രികയിൽ  ജസ്റ്റിസ് കെ. കെ നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമെന്നു കാണാം.. ഇതിന്റെ ഭാഗമായി കോടതിഭാഷ മലയാളമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള  ഔദ്യോഗികഭാഷ ഉന്നതതല സമിതി രൂപീകരിക്കുകയും,  2024 ജനുവരി 27നു ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ, 2025 ഓഗസ്റ്റ് 12ന്  ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കോഡിനേഷൻ  കമ്മറ്റി രൂപീകരിക്കുകയും ചെയ്തത് ഈ മേഖലയിലുണ്ടായിട്ടുള്ള ആദ്യത്തെ ചവിട്ടുപടിയാണ്.. കൃത്യമായ ദിശാബോധത്തോടെയുള്ള, പഴുതടച്ച ഇടപെടലുകൾ ഈ രംഗത്ത് ഉണ്ടാവേണ്ടതുണ്ട്. 2025ലെ മലയാളഭാഷാ ബിൽ ജില്ലാ കോടതി ഉൾപ്പെടെയുള്ള കോടതികളുടെ ഭാഷയായി മലയാളത്തെ അടയാളപ്പെടുത്തുന്നതാണ്..

കേരളത്തിലെ നിയമപഠനത്തിന്റെ ‘നിർബന്ധിതമാധ്യമം’  ഇംഗ്ലീഷാണ്. കോടതിയിൽ നീതിക്കായി വരുന്ന  പൊതുജനങ്ങളുമായി  ഇടപെടേണ്ട വിദ്യാർത്ഥികളാണ് നിയമപഠനം ഇംഗ്ലീഷിൽ മാത്രം നിർവഹിക്കുന്ന സാഹചര്യമുള്ളത്. കേരളത്തിലെ നിയമപഠന മാധ്യമം   ഇംഗ്ലീഷിലും മലയാളത്തിലും തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക്  അവസരം ലഭ്യമാക്കേണ്ടതുണ്ട്. പഠനമാധ്യമം എന്നതിലപ്പുറം, മുന്നിലേക്ക് വരുന്ന ഓരോ മനുഷ്യരുടെയും പ്രശ്നങ്ങളെ കേൾക്കാനും, ജനങ്ങളുടെ ശബ്ദമായി, നീതി ഉറപ്പാക്കാനും  നിയമസംവിധാനത്തിന്റെ ഭാഗമായി മാറുമ്പോൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുമുള്ള പിന്തുണയാണ് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകുക.. ചെറിയ ക്ലാസുകൾ മുതൽ തന്നെ  മാതൃഭാഷയിൽ നിയമ ഉള്ളടക്കങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

2025ൽ മലയാള ഐക്യവേദിയുടെ  ഇടപെടലുകളുടെ പശ്ചാത്തലത്തിൽ, സർക്കാർ സർവകലാശാലകളോട് നിയമപഠനം മലയാളത്തിൽ ആക്കുന്നതിനെ സംബന്ധിച്ച അഭിപ്രായങ്ങൾ ചോദിക്കുന്ന സാഹചര്യമുണ്ടായി.  വിദ്യാർത്ഥികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ, ‘എക്സ്പോഷർ’, മലയാളത്തിലുള്ള വിഭവങ്ങളുടെ കുറവ് തുടങ്ങിയുള്ള ന്യായീകരണങ്ങൾ കണ്ടെത്താനാണ് ശ്രമമുണ്ടായത്. 

ബാർ കൗൺസിൽ ഓഫ് ഇന്ത്യ  പ്രാദേശിക / ദ്വിഭാഷയിലുള്ള  നിയമ വിദ്യാഭ്യാസത്തെ അംഗീകരിക്കുന്നുണ്ട്. നീതി  കൃത്യമായി വിനിമയം ചെയ്യപ്പെടാൻ  നിയമപഠനം പ്രാദേശിക ഭാഷയിൽ ലഭ്യമാവേണ്ടതുണ്ടെന്നും  പറയുന്നു..  (BCID-0468-2024 (LE Circular-06/2024)-Comprehensive Implementation of Legal Education Reforms, Mandatory Guidelines, Norms & Rules of Legal Education )

സുപ്രീംകോടതി, ബാർ കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, കെ. കെ നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട്,  പാലോട് രവി അധ്യക്ഷനായ നിയമസഭ  ഔദ്യോഗികഭാഷ സമിതി   റിപ്പോർട്ട്,  തുടങ്ങി അനുകൂലമായ നിരവധി പശ്ചാത്തലം ഉണ്ടായിട്ടും നിയമപഠനത്തിന്റെ മാധ്യമങ്ങളിൽ ഒന്നായി പോലും മലയാളത്തെ നിർണയിക്കാൻ വീണ്ടും വീണ്ടും പഠിക്കണം, ആലോചിക്കണമെന്നു പറയുന്നത്   നമ്മുടെ ഭാഷാ ബോധത്തെ ചോദ്യം ചെയ്യുന്നതാണ്..

കാലിക്കറ്റ് സർവകലാശാലയുടെ ആശങ്ക വിദ്യാർത്ഥികൾക്ക്  ‘എക്സ്പോഷ്യർ’  കിട്ടാതെ പോകുമെന്നാണ്.. കേരള സർവകലാശാലയ്ക്ക് ഭരണ ഭാഷയായി മലയാളം മാറിയിട്ടുമില്ല, മലയാള മാധ്യമ വിദ്യാഭ്യാസത്തോട് താല്പര്യവുമില്ല.. മലയാളത്തിന്റെ അഭിവൃത്തിക്കായും  ബോധന മാധ്യമമായി മലയാളം ഉറപ്പാക്കുന്നതിനുമായി നിലവിൽ വന്ന  കേരളത്തിന്റെ മാതൃ സർവകലാശാലയുടെ നയമാണിതെന്ന് മനസ്സിലാക്കണം. മഹാത്മാഗാന്ധി സർവകലാശാല  അറിയിച്ചത്, ത്രിവത്സര പഞ്ചവത്സര എൽഎൽബികളുടെ  റെഗുലേഷനിൽ ഇംഗ്ലീഷ് ആണ് പറയുന്നതെന്നും,  റെഗുലേഷൻ വ്യവസ്ഥകളും നിയമ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായവും അടിസ്ഥാനപ്പെടുത്തി നിയമ പരീക്ഷകൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രം  എഴുതിയാൽ മതി എന്നുമാണ് സ്വീകരിച്ച നയം. സർവകലാശാലകളുടെ ഫെഡറൽ ഘടനയെ  മാനിച്ചുകൊണ്ട് തന്നെ പറയട്ടെ, സുപ്രീംകോടതി, ബാർ കൗൺസിൽ, യുജിസി തുടങ്ങി  നിരവധി സാഹചര്യങ്ങൾ അനുകൂലമായിട്ടും ഏതോ ‘വിദഗ്ധസമിതിയുടെ’ എന്തോ അഭിപ്രായം തേടിപ്പോകുന്ന പ്രവണത  താല്പര്യമില്ലായ്മ തന്നെയാണ്.

എല്ലാതരം പഠനസാമഗ്രികളും  മലയാളത്തിൽ വന്നതിനുശേഷം, നിയമപഠന മാധ്യമമായി മലയാളം അനുവദിക്കാമെന്ന് കരുതിയാൽ  അത് നമ്മുടെ പ്രതീക്ഷ മാത്രമായി അവസാനിക്കും. മലയാളത്തിലും ഇംഗ്ലീഷിലും  ഒരുപോലെ പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടെങ്കിൽ തീർച്ചയായും പഠനസാമഗ്രികൾ കൃത്യമായി രൂപപ്പെടുത്താനുള്ള സാഹചര്യം കൂടിയാണ് മുന്നോട്ടുവരുന്നത്.

നിയമവിദ്യാഭ്യാസം – കോടതി ഭാഷ പ്രാദേശിക ഭാഷയിലാക്കുക  എന്ന ലക്ഷ്യത്തിനായി കേന്ദ്ര  നിയമ-നീതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ  മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ പദകോശങ്ങൾ, മലയാളത്തിലുള്ള നിയമങ്ങളുടെ പരിഭാഷകൾ എന്നിവ ലഭ്യമാക്കി വരുന്നു..  നീതിന്യായവ്യവസ്ഥയിൽ മലയാളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, നിയമഭാഷ ജനങ്ങൾക്ക് മനസ്സിലാകുന്നതിനും കേരള ഹൈക്കോടതി   മലയാളത്തിലും ഇംഗ്ലീഷിലുമുള്ള 6375 നിയമപദങ്ങൾ ഉൾക്കൊള്ളുന്ന  നിയമപദകോശം  ഈ കേരളപ്പിറവി ദിനത്തിൽ ഇറക്കിയതും  കോടതികളുടെ ഈ വിഷയത്തിലുള്ള താല്പര്യം എടുത്തു കാണിക്കുന്നു.. നിയമവകുപ്പിന്റെ പ്രസിദ്ധീകരണമായ  നിയമധ്വനി മലയാളത്തിൽ വിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നിലവിൽ വന്നത്. അതിലെ ഉള്ളടക്കങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. കൃത്യമായ ഗുണനിലവാര പരിശോധനകളോടെ കൂടുതൽ ഉള്ളടക്കങ്ങൾ അതിൽ ഉൾപ്പെടുത്തണം. കൃത്യമായ സമയങ്ങളിൽ പ്രസിദ്ധീകരണം ഉറപ്പാക്കണം.  “നിലവിൽ നിയമ (ഔദ്യോഗികഭാഷ – പ്രസിദ്ധീകരണ സെൽ) വകുപ്പിന് നിയമധ്വനിയുടെ പ്രസിദ്ധീകരണ ചുമതല കൂടാതെ സർക്കാരിൻ്റെ പദ്ധതിവിഹിതം ഉപയോഗിച്ച് പൊതു സമൂഹത്തിന് നിയമ അവബോധം നൽകുന്നതിനുള്ള വിവിധ പരിപാടിയുടെ നിർവ്വഹണ ചുമതല കൂടി നൽകിയിട്ടുണ്ട്.

അതിൽ പ്രധാനമായിട്ടുള്ളത് ഭരണഘടനാദിനാഘോഷത്തിൻ്റെ ഭാഗമായി വർഷംതോറും സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന അഖിലകേരള ഭരണഘടനാ പ്രസംഗ മത്സരവും (വാഗ്മി) കൂടാതെ സ്ത്രീകൾക്കും കൂട്ടികൾക്കുമായി നടത്തുന്ന സാമൂഹ്യ-നിയമ ബോധവത്കരണ പരിപാടിയായ “മാറ്റൊലി” എന്നിവയാണ്. ഈ പരിപാടികൾ സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഓരോവർഷവും വിവിധ സമയങ്ങളിൽ നടത്തേണ്ടതുണ്ട്. നിയമവകുപ്പിന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മറ്റ് ഓഫീസുകൾ ഇല്ലാത്തതിനാൽ ഒ. എൽ. പി. സി. വകുപ്പിലെ ജീവനക്കാർ നേരിട്ട് പോയിട്ടാണ് പരിപാടികൾ നടത്തുന്നത്” എന്നതാണ് തുടർച്ചയായ പ്രസിദ്ധീകരണത്തെ, ഉള്ളടക്കങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് എന്നാണ്  ഔദ്യോഗികമായ മറുപടി. പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതല അല്ല പ്രസംഗം മത്സരം നടത്തൽ.

കേരളത്തിൽ നിയമവകുപ്പിന്റെ നേതൃത്വത്തിൽ പരിമിതമായ തോതിലെങ്കിലും  നിയമധ്വനി എന്ന പ്രസിദ്ധീകരണത്തിലൂടെ നിയമവകുപ്പ് മലയാളഭാഷയിൽ പരിഭാഷകൾ, നിയമസംബന്ധമായ കാര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഭാരതീയ ന്യായസംഹിത, , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) അടക്കം പുതിയകാല നിയമസംഹിതകൾ മലയാളഭാഷയിൽ ലഭ്യമാണ്.

മുമ്പുണ്ടായിരുന്നതിനേക്കാൾ മലയാളഭാഷയിൽ  നിയമപഠന സാമഗ്രികളും  ഇന്ന് ലഭ്യമാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉദ്ദേശലക്ഷ്യം തന്നെ, മലയാളത്തിൽ പഠന വിഭവങ്ങൾ ഉണ്ടാക്കുക എന്നതാണ്. ഇത്തരം സ്ഥാപനങ്ങളുമായും മലയാള സർവകലാശാലയുമായും സഹകരിച്ച്,  ബന്ധിപ്പിച്ചുകൊണ്ട് ഒരുപാട് മലയാളഭാഷയിൽ വിഭവങ്ങൾ ലഭ്യമാക്കാവുന്നതാണ്. അങ്ങനെയൊന്നും ചെയ്യാതെയാണ്  തള്ളി മാറ്റുന്നത്..

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിലുള്ള  സർവകലാശാല വൈസ് ചാൻസിലർമാർ കൂടി ഉൾപ്പെടുന്ന  ഹയർ എഡ്യൂക്കേഷൻ കൗൺസിൽ  ജൂലൈ മാസം നിയമപരീക്ഷകൾ മലയാള മാധ്യമത്തിലും എഴുതാമെന്ന തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടായെങ്കിലും, ഉന്നതവിദ്യാഭ്യാസ വകുപ്പിലെ   ഉദ്യോഗസ്ഥ സമൂഹം അതിനു തയ്യാറായില്ല.   മലയാളത്തിൽ പരീക്ഷയെഴുതാൻ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കുന്നതിനു പകരം, ഉന്നതവിദ്യാഭ്യാസ കൗൺസിലിനോട് മലയാളത്തലാക്കുന്നതിനെ കുറിച്ച് വീണ്ടും പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.. സർക്കാരിന്റെ ഭാഷാ നയത്തെ തന്നെ വെല്ലുവിളിക്കുന്നതാണ് ഈ നടപടി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തീരുമാനത്തെ ചോദ്യംചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ആരാണ കരുത്ത് നൽകുന്നത്?

മലയാളത്തിന്റെ കുഴപ്പം തേടി പോകുന്ന നമ്മൾ, നമ്മളെത്തന്നെ കുഴപ്പത്തിലാക്കുകയാണെന്ന് തിരിച്ചറിയാനുള്ള ബോധം പോലും നമുക്ക് ഇല്ലാതെ പോകുന്നു.. മലയാളത്തിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളളോട്, സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ വകുപ്പും ‘എക്സ്പോഷർ’ നഷ്ടമാകുമെന്നും, ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട കാര്യമില്ല.. വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനാണ് ആർജ്ജവമുള്ള ഒരു സംവിധാനം ശ്രമിക്കേണ്ടത്..

കേരളത്തിലെ നിയമ വിദ്യാർത്ഥികളിൽ വളരെ കുറച്ച് പേർ മാത്രമായിരിക്കും കേരളത്തിന്റെ പുറത്തേക്ക് തൊഴിലവസരങ്ങൾക്കായി പോകുന്നത്. ബാക്കിയുള്ളവർ ഈ നാട്ടിലെ ജനങ്ങളുമായാണ് സംവദിക്കുന്നത്, അവരുടെ ശബ്ദമാവേണ്ടത്. ഈ നാട്ടിലെ ജനങ്ങളുടെ ഭാഷ മലയാളമാണ്.  മലയാളത്തിൽ നിയമപഠനം അനുവദിക്കാത്തതുകൊണ്ടോ ഇംഗ്ലീഷിൽ പ്രാവിണ്യം ഇല്ലാത്തതുകൊണ്ടോ നിയമപഠനം  നിർവഹിക്കാൻ സാധിക്കാതെ പോകുന്ന വിദ്യാർത്ഥികളും ഈ നാട്ടിലുണ്ട്. ഇംഗ്ലീഷ് അറിയില്ല എന്ന കാരണത്താലല്ല, നമ്മുടെ ഭാഷ എന്ന നിലയിൽ മലയാളം വളരെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യ ഇന്ത്യയിൽ, നാളെ നീതിക്കുവേണ്ടി സംസാരിക്കേണ്ട വിദ്യാർത്ഥികൾക്ക് അടിത്തറ നൽകുന്ന നിയമവിദ്യാഭ്യാസം നീതിയുടെ പക്ഷത്തുനിന്നായിരിക്കണം.  നിയമ വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി കൂടി  പഠിപ്പിക്കുകയും ചെയ്യുന്നത് മെച്ചപ്പെടുത്തിയാൽ മതിയാവും.. ഒരാൾക്ക് പോലും മാതൃഭാഷ അറിയില്ല എന്ന കാരണത്താൽ, നീതി ലഭിക്കാതെ പോകരുത്..

സുപ്രീംകോടതി പ്രാദേശിക ഭാഷയിലുള്ള നിയമ വിദ്യാഭ്യാസത്തെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രാദേശിക ഭാഷയിൽ നിയമപഠനം നടക്കുന്നത് കൊണ്ട്  വിദ്യാർത്ഥികൾക്ക് അവരുടെ അവസരം നഷ്ടപ്പെടില്ലെന്നും സുപ്രീം കോടതി നിരന്തരം പറയുന്നു.സുപ്രീംകോടതിയും   സുപ്രീം കോടതി വിധിക് അനുവാദ് സോഫ്റ്റ്വെയർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്  മലയാളം അടക്കമുള്ള പ്രാദേശികഭാഷകളിൽ വിധിന്യായങ്ങളുടെ പകർപ്പ് ലഭ്യമാക്കുന്നു. കേരള ഹൈക്കോടതിയിൽ 2023 മുതൽ മലയാളത്തിലും ഇംഗ്ലീഷിലും ന്യായങ്ങൾ ലഭ്യമാക്കാനുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിയമവിദ്യാഭ്യാസവും  കോടതി ഭാഷയും അതത് പ്രദേശത്തിന്റെ ഭാഷയിൽ നടക്കുന്ന ഉദാഹരണങ്ങളുണ്ട്.  പഠനമാധ്യമം ഇംഗ്ലീഷ് ആയിട്ടുള്ള വിഷയങ്ങളിൽ  പോലും പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്നാണ്  2023ൽ യുജിസി പുറപ്പെടുവിച്ച നിർദ്ദേശം.

നിയമ വിദ്യാഭ്യാസത്തിൽ പ്രാദേശിക ഭാഷകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ  ചീഫ് ജസ്റ്റിസ് (റിട്ട.) എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിൽ പ്രാദേശിക ഭാഷ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി  കമ്മിറ്റി രൂപീകരിച്ചിരുന്നു.  പ്രാദേശിക ഭാഷകളിൽ പഠനസാമഗ്രികൾ അടക്കമുള്ള കാര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളും കമ്മറ്റിയുടെ അജണ്ടയാണ്. നിയമ വിദ്യാഭ്യാസവും കോടതി ഭാഷയും മലയാളമാക്കുന്നതിനുള്ള ആർജ്ജവം കാണിക്കണം.. കേരളത്തിലെ നിയമപഠന സ്ഥാപനങ്ങളിൽ മലയാള മാധ്യമത്തിലും പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭ്യമാക്കണം. കീഴ്ക്കോടതികൾ കോടതികൾ മലയാളം സംസാരിക്കണം. മലയാള സർവകലാശാലയിൽ  നിയമപഠനം മലയാളത്തിൽ കൊണ്ടുവരികയും വേണം. വി ആർ കൃഷ്ണയ്യരിയിൽ നിന്ന് തുടങ്ങി കാൽ ലക്ഷം ഒപ്പിട്ട ഭീമ ഹർജിയും, കാസർഗോഡ് മുതൽ  തിരുവനന്തപുരം വരെയുള്ള മാതൃഭാഷ അവകാശ ജാഥയും,   നിരന്തര സമരങ്ങളും നിയമ കലാലയങ്ങളെ കേന്ദ്രീകരിച്ചുള്ള  സംവാദങ്ങളും ചർച്ചകളും പൊതുജനങ്ങളെ കേന്ദ്രീകരിച്ചുള്ള  പ്രവർത്തനങ്ങൾ തുടങ്ങി  നിരവധി ഇടപെടലുകളുമായി മലയാള ഐക്യവേദിയും വിദ്യാർത്ഥി മലയാളവേദിയും മാതൃഭാഷാ മുന്നണിയായ ഐക്യമലയാള പ്രസ്ഥാനവും പുറകെ തന്നെയുണ്ട്..

2025ൽ 10 വർഷത്തിനുശേഷം രാഷ്ട്രപതി അനുമതി നിഷേധിച്ച 2015ലെ മലയാളഭാഷാ (വ്യാപനവും പരിപോഷണവും) ബില്ല്, 2025 മലയാള ഭാഷാ  ബിൽ തുടങ്ങി വിഷയങ്ങൾ നമ്മുടെ പോരാട്ടത്തിന്റെ പ്രതിഫലനമാണ്.. മനുഷ്യാവകാശത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു തന്നെ  കോടതികളും ഭരണസംവിധാനവും  കൃത്യമായി ഈ വിഷയത്തെ സമീപിക്കുകയും, സുതാര്യത ഉറപ്പുവരുത്തുന്നതിനും കാര്യക്ഷമമായ ഇടപെടൽ സാധ്യമാക്കുന്നതിനും ഉണ്ടാവണമെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, നമ്മളും പുറകെ തന്നെ ഉണ്ടാകും.. നിയമങ്ങൾ ഉണ്ടാക്കുക മാത്രമല്ല അത് പ്രാവർത്തികമാക്കാനും ശേഷി വേണം..കൃത്യമായ ഇടപെടൽ പൊതുജന- ഭരണ നീതിന്യായ സംവിധാനങ്ങളുടെ പിന്തുണയോടെ  നമുക്ക് ഉറപ്പിക്കാൻ സാധിക്കേണ്ടതുണ്ട്..

 വൈഷ്ണവി വി