ഒരു ഭാഷയുടെ അക്ഷരമാലയെ ചൊല്ലിയുള്ള വിവാദമുണ്ടാകുന്നത് അതിലുള്‍പ്പെടുത്തിയ അക്ഷരങ്ങളെ സംബന്ധിച്ച തർക്കത്താലോ അക്ഷരസംഖ്യയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസവ്യത്യാസത്താലോ അക്ഷരങ്ങളുടെ ഉത്പത്തിയെയും നിരുക്തിയേയും സംബന്ധിച്ച ആശയക്കുഴപ്പത്താലോ ഒക്കെയാവാം. എന്നാൽ നിർഭാഗ്യവശാൽ മലയാളത്തിന്റെ ഇപ്പോഴത്തെ അക്ഷരമാലാവിവാദം ഇവയൊന്നിനെ സംബന്ധിച്ചുമല്ല എന്നതാണ് വാസ്തവം. മലയാളത്തിന്റെ അക്ഷരമാലയെ ചൊല്ലി ഈ പറഞ്ഞ വാദപ്രതിവാദങ്ങൾ ഭാഷാചരിത്രത്തിൽ നേരത്തെ ഉണ്ടായിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ, അക്ഷരമാല വിദ്യാർത്ഥികൾ ആ നിലക്ക് പഠിക്കേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ തന്നെ എപ്പോള്‍ എങ്ങിനെവേണം അത്, അക്ഷരമാല ഇല്ലാതാകുന്ന ഒരു തലമുറ മലയാളഭാഷയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവില്ലേ എന്നിത്യാദി വിചാരങ്ങളാണ് അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിന്റെ അക്ഷരമാല കേരളത്തിലെ പ്രൈമറിക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് രണ്ടു പതിറ്റാണ്ടിലേറെ കാലമായി ഇല്ലാതായിട്ട് എന്ന കണ്ടെത്തലും അതേത്തുടർന്ന് മലയാളത്തിലെ വിവിധ പത്രമാസികകൾ ഈ വിഷയത്തില്‍ തുടര്‍ച്ചയായി നടത്തിയ ഇടപെടലും മാതൃഭാഷാപ്രവര്ത്തകര്ക്ക് ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന് കഴിയാത്ത സാഹചര്യമാണ് തീര്‍ത്തിട്ടുള്ളത്. ഏറ്റവും ഒടുവിലായി പ്രൈമറിക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ പ്രാധാന്യത്തോടെ തന്നെ അക്ഷരമാല അച്ചടിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ മന്ത്രിയുടെയും ഔദ്യോഗികഭാഷാ ഉന്നതോദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തീരുമാനിക്കുകയും എസ് സി ഇ ആർ ടി വഴി അത് പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണ്.
ഈ സംവാദങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ‘മാതൃഭാഷ’ ഈ വിഷയത്തെ സമഗ്രമായി സമീപിക്കണമെന്ന് വിചാരിക്കുന്നത്. അക്ഷരമാല പാഠപുസ്തകങ്ങളിൽ പുനസ്ഥാപിക്കുന്നതിനുവേണ്ടി വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുള്ള വ്യക്തികളെയും അതിന് ആശയപരമായി പിന്തുണ നൽകിയ വിദ്യാഭ്യാസ പ്രവർത്തകരെയും ഈ വിഷയത്തിന്റെ സമഗ്രതയ്ക്കു വേണ്ടി ‘മാതൃഭാഷ’ സമീപിച്ചിട്ടുണ്ടായിരുന്നു. ഒപ്പം പാഠ്യപദ്ധതി സമീപനത്തിന്റെ പക്ഷത്തു നിന്നുകൊണ്ട്, അക്ഷരപഠനവും അക്ഷരമാലാപഠനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും പുതിയ പാഠ്യപദ്ധതി സമീപനങ്ങള്‍ എങ്ങനെയാണ് അക്ഷരപഠനത്തെ നോക്കിക്കാണുന്നതെന്നും വിശദീകരിക്കാന്‍ അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സുഹൃത്തുക്കളും ഇതിൽ എഴുതുന്നുണ്ട്. ക്ലാസ് മുറിയില്‍ പുതിയ പാഠ്യപദ്ധതി സമീപനമനുസരിച്ച് സ്വീകരിക്കുന്ന അക്ഷരപഠനത്തിന്റെ വഴികൾ പ്രൈമറിതലത്തിലെ അധ്യാപകരും വിശദീകരിക്കുന്നുണ്ട്. അക്ഷരപഠനത്തെ സംബന്ധിക്കുന്ന, ക്ലാസ് മുറിയിലെ മാതൃഭാഷാപഠനത്തെ സംബന്ധിക്കുന്ന വലിയ ഉള്‍ക്കാഴ്ചകള്‍ നല്കാന് ഈ ചര്‍ച്ചകള്‍ക്ക് കഴിയും വിചാരിക്കുന്നു.
മലയാള ഐക്യവേദിയുടെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ വിശദാംശങ്ങളും വാർത്തകളും ഈ ലക്കത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ഐക്യമലയാള പ്രസ്ഥാനത്തിന്റെയും വിദ്യാർത്ഥി മലയാള വേദിയുടെയും പ്രവർത്തകരും ആ പ്രവർത്തനമേഖലകളിലെ ഇടപെടലുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇടയിൽ മുടക്കങ്ങൾ വരുന്നുണ്ടെങ്കിലും, ‘മാതൃഭാഷ’യുടെ ഇടപെടലുകളുടെ പ്രസക്തി ഇല്ലാതാവുന്നില്ല. ഭാഷാസമരങ്ങളുടെ വർത്തമാനത്തെ ശരിയായി പ്രതിഫലിപ്പിക്കാൻ ‘മാതൃഭാഷ’ കൂടുതൽ ശ്രദ്ധയോടെ നിലനിൽക്കേണ്ടതുണ്ട് എന്ന് വിചാരിച്ചു കൊണ്ട്, ഇ ലക്കം ചര്‍ച്ചകള്‍ക്കും പഠനത്തിനും വിലയിരുത്തലിനും ആയി പ്രിയപ്പെട്ട വായനക്കാർക്ക് സമർപ്പിക്കുകയാണ്.