ഒരു ദേശത്തിന്റെ അധികാരകേന്ദ്രങ്ങൾ ഭരണപരമായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഭാഷയാണ് ഭരണഭാഷ. ആധികാരകേന്ദ്രങ്ങളെന്നാൽ നിയമനിർമാണ സഭകളും നീതിന്യായ സംവിധാനവും ഉദ്യോഗസ്ഥ വൃന്ദവുമെല്ലാം ഉൾപ്പെട്ടതാണ്. അവിടങ്ങളിൽനിന്ന് സാധാരണക്കാരന് ലഭിക്കുന്ന ഉത്തരവുകളും സേവനങ്ങളും ഭരിക്കപ്പെടുന്നവരുടെ മാതൃഭാഷയിലാവുന്നത് ജനാധിപത്യത്തിന്റെ ഉയർച്ചയുടെ അടയാളമാണ്. കേരളത്തിലെ നിയമനിർമാണ സഭയും സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫിസുകളും കോടതികളും ജനങ്ങളുമായി മലയാളത്തിൽ ആശയവിനിമയം നടത്തുമ്പോഴാണ് ഭരണഭാഷ പൂർണമായും ജനകീയമായി തീരുക. നിയമപരമായി കേരളത്തിന്റെ ഭരണഭാഷ ഇന്നും മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് എന്ന രീതിയിൽ തുടരുന്ന അവസ്ഥയും കോ ടതിയിൽ മലയാളത്തെ കയറ്റാൻ തയാറാവാത്ത മേലാള മനഃസ്ഥിതിയും ഗൗരവമായ ചർച്ചക്ക് വിധേയമാവേണ്ടതുണ്ട്. നിയമസഭയും സർക്കാർ ഓഫിസുകളും ഒരു പരിധി വരെ ജനങ്ങളുടെ ഭാഷയിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. പക്ഷേ, കോടതി ഇപ്പോഴും അതിൽ നിന്ന് അകന്നുകഴിയുകയാണ്. ജനായത്ത ഭരണത്തെ താങ്ങിനിർത്തുന്ന തൂണുകളിലൊന്നുപോലും ജനങ്ങളുടെ ഭാഷയിൽനിന്ന് മാറിനിൽക്കുന്നത് ജനാധിപത്യ സംവിധാനത്തോടാകെയുള്ള പരിഹാസമാണ്. ജനതയുടെ ഭാഷയിൽതന്നെ സർക്കാറുകൾ ആശയവിനിമയം നടത്തുമ്പോഴാണ് ചരിത്രപരമായും സാംസ്‌കാരികമായും ഭരണം പ്ര
ദേശത്തിനിണങ്ങിയതാവുക. ഇന്ത്യയിൽ കേന്ദ്രസർക്കാറിൻ്റെ ഭരണഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്. ഫെഡറൽ രാഷ്ട്രീയ ഘടനയിൽ പ്രവർത്തിക്കുന്ന രാജ്യത്ത് ദേശീയ ഭാഷക്കുള്ള സ്ഥാനം തന്നെ പ്രാദേശിക ഭാഷകൾക്കുമുണ്ട്. പരസ്പരപൂരകങ്ങളായാണ് കേന്ദ്രവും സംസ്ഥാനങ്ങളും പ്രവർത്തിക്കുന്നത്. അതുകൊണ്ട്, ഔദ്യോഗിക ഭാഷകളുടെ കാര്യത്തിലും ഭരണഘടന സംസ്ഥാനങ്ങൾക്ക് ഏറക്കുറെ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഭരണഘടനയുടെ XVII-ാം ഭാഗത്ത് 9 അനുഛേദങ്ങളിലായി ഔദ്യോഗിക ഭാഷാ നയം വ്യക്തമാക്കിയിരിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് പൂർണമായോ ഭാഗികമായോ, ഒരു ഭാഷയോ ഒന്നിലധികം ഭാഷകളോ ഉപയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ, ആ സംസ്ഥാനത്തെ നിയമസഭക്ക് അധികാരം നൽകുന്നതാണ് അത്. അനുഛേദം 346 അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിനിമയ ഭാഷ ഇംഗ്ലീഷ് ആയിരിക്കും. കൂടാതെ, അനുഛേദം 347 പ്രകാരം ന്യൂനപക്ഷ ഭാഷകളുടെ സംരക്ഷണം സംബന്ധിച്ച വ്യവസ്ഥകളും ഉൾപ്പെടുത്തിയിരിക്കുന്നു. (കേരളത്തിൽ തമിഴും കന്നട യും ന്യൂനപക്ഷ ഭാഷകളായി അംഗീകാരം നേടിയിട്ടുണ്ട്.) സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ഭാഷ ഇംഗ്ലീഷ് ആയിരിക്കണം എന്ന് അനുഛേദം 348 വ്യക്തമാക്കുന്നു. കൂടാതെ, പാർലമെൻറ് പാസാക്കുന്ന നിയമങ്ങൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ തുടങ്ങിയവയുടെ ഭാഷയും ഇംഗ്ലീഷ് തന്നെ ആയിരിക്കണം. എന്നാൽ, ഹൈകോടതികളിൽ വിധി, കൽപന അഥവാ ഡിക്രി എന്നിവ ഇറക്കുന്നതിൽ ഒഴികെ മറ്റുകാര്യങ്ങളിൽ അതതു പ്രാദേശിക ഭാഷകളും ഉപയോഗിക്കാൻ രാഷ്ട്രപതിയിൽനിന്ന് അനുമതി വാങ്ങാം. ഭരണഘടന നിലവിൽ വന്ന് 15 വർഷത്തിനുശേഷം സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ഭഷ ഇംഗ്ലീഷ് ആയിരിക്കണം എന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അനുഛേദം 349 നി ഷ്‌കർഷിക്കുന്നുണ്ട് എന്നത് 70 വർഷം കഴിഞ്ഞ ഈ വേ ളയിൽ വായിക്കുമ്പോൾ തമാശയായി തോന്നാം. എങ്കിലും കീഴ്കോടതികൾ അതതു പ്രദേശങ്ങളുടെ ഭാഷയിലായിരിക്കണം എന്നതിൽ ഭരണഘടനാ നിർമാതാക്കൾക്ക് സംശയമില്ലായിരുന്നു. ഹൈകോടതിക്കു കീഴിലുള്ള കുടുംബ കോടതികൾ ഉൾപ്പെടെയുള്ള ജില്ല കോടതികൾ, മജിസ്ട്രേറ്റ് കോടതികൾ, മുൻസിഫ് കോടതികൾ, ഗ്രാമീണ ന്യായാലയങ്ങൾ, വിവിധ അർധനീതിന്യായ പീഠങ്ങൾ തുടങ്ങി ജനം പരാതി പരിഹാരത്തിനായി എത്തുന്ന മിക്ക മേഖലകളിലും മാതൃഭാഷയിൽ തന്നെ നടപടിക്രമങ്ങളും ഉത്തരവും ഉണ്ടാവണമെന്നാണ് ഭരണഘടന വിവക്ഷിച്ചത് എന്നു കാണാം. 2019ലെ കണക്കു പ്രകാരം കേരളത്തിൽ 470 കീഴ്കോടതികൾ ഉണ്ട്. ഇവ കൂടാതെ 28 പോക്സോ കോടതികളും. അതോടൊപ്പം ബാലനീതി ബോർഡ്, ബാലക്ഷേമ കമ്മിറ്റി തുടങ്ങി വിവിധ അർധനീതിന്യായ സംവിധാനങ്ങളും നിലവിലുണ്ട്. കേരളത്തിലെ ഭരണഭാഷയുടെ ചരിത്രപരമായ ഒരു അവലോകനമാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. കേരളപ്പിറവിക്കു മുമ്പുണ്ടായിരുന്ന ഭരണഭാഷ മുതൽ, സംസ്ഥാന രൂപവത്‌കരണത്തിനുശേഷം നിയമസഭയുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭരണഭാഷ മലയാളമാവുന്നതിനുണ്ടായ തടസ്സങ്ങളും 1980 മുതൽ ഉ ണ്ടായ നേരിയ പുരോഗതിയും 2000ത്തിനുശേഷമുണ്ടായ കുതിപ്പും ആദ്യഭാഗത്ത് പ്രതിപാദിക്കാൻ ശ്രമിക്കുകയാണ്. സാങ്കേതികവിദ്യയിലുണ്ടായ മാറ്റം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നതും ചില തിരിച്ചുപോക്കും ആ ഭാ ഗത്തിന്റെ അവസാനത്തിൽ പരാമർശിക്കുന്നു.
ഭരണഭാഷാ വഴികൾ
ഇന്ന് കേരളമായറിയപ്പെടുന്ന പ്രദേശങ്ങളെല്ലാം നേരിട്ടും അല്ലാതെയും ബ്രിട്ടീഷുകാർ കൈയടക്കിയെങ്കിലും ഭരണനടത്തിപ്പുകൾ പൂർണമായും ഇംഗ്ലീഷിലേക്ക് മാറിയിരുന്നില്ലെന്നാണ് പഴശ്ശിരേഖകളും തലശ്ശേരി രേഖകളും ക്ഷേത്രപ്രവേശന വിളംബരവുമെല്ലാം കാണിക്കു ന്നത്. എന്നാൽ, എഴുത്തും വായനയും അറിയുക എന്നതിനെക്കാൾ മാന്യത കൈവരുന്ന കാര്യമായി ഇംഗ്ലീഷ് അറിയുക എന്നത് മാറ്റിയെടുക്കുന്നതിൽ കൊളോണിയൽ ആധുനികത വിജയിച്ചു. സംസ്കൃതത്തിന് സമൂഹത്തിലുണ്ടായിരുന്ന വരേണ്യ സ്ഥാനം ഇംഗ്ലീഷുമായി പങ്കുവെക്കപ്പെടുന്നതും മെല്ലമെല്ലെ ദേവനാഗരിയെ ഇംഗ്ലീഷ് മറികടക്കുന്നതും ഇക്കാലത്താണ്. ഈ വരേണ്യബോധം ഭരണമണ്ഡലത്തെയും നിയന്ത്രിച്ചുതുടങ്ങിയത് ഭരണനടപടികളുടെ ഭാഷ ഇംഗ്ലീഷായി തീരാൻ കാരണമായി. എന്നാൽ, ബഹുഭൂരിപക്ഷം നീട്ടുകളും എഴുത്തുകുത്തുകളും ഉത്തരവുകളുമെല്ലാം മലയാളത്തിൽ തന്നെയായിരുന്നു. ഇതേസമയം തന്നെ മലയാളം എന്ന ഏകകത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ ബോധം നിർമിക്കാൻ മലയാള നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിച്ചുവന്നത് ജനകീയമായി മലയാളത്തെ ശക്തിപ്പെടുത്താൻ സഹായകമായി. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന രൂപവത്കരണം എന്ന ആശയം ജനമനസ്സിനുള്ളിൽ പാകി മുളപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചത് ഐക്യകേരള പ്രസ്ഥാനമാണ്.
സ്വതന്ത്ര ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്‌കരണം ആദ്യം എതിർക്കപ്പെട്ടിരുന്നു. തെലുഗു ഭാഷയെ അടിസ്ഥാനമാക്കി ആന്ധ്ര സംസ്ഥാന രൂപവത്കരണത്തിനായി സമരം തുടങ്ങുകയും പോറ്റി ശ്രീരാമലു സത്യഗ്രഹ സമരത്തിലൂടെ രക്തസാക്ഷിയാവുകയും ചെയ്തതിനെ തുടർന്നാണ് സംസ്ഥാന പുനഃസംഘടനാ കമീഷൻ രൂപവത്കരിക്കപ്പെടുന്നത്. 1956 ൽ കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങൾ രൂപംകൊണ്ടത് ഫാസൽ അലി കമീഷൻ ശിപാർശയെ തുടർന്നായിരുന്നു. മലയാള ഭാഷ സംസാരിക്കുന്ന ഒന്നരക്കോടി ജനതയുടെ സംയോജനസ്വപ്നമായിരുന്നു അങ്ങനെ പൂവണിഞ്ഞത്. 1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ അധികാരമേറ്റ സർക്കാറിൻെറ നയസമീപനം വിശദമാക്കി മന്ത്രിസഭാ തലവൻ ഇ.എം.എസ് ഒരു പ്രസ്‌താവന അന്നു വൈകുന്നേരം പുറത്തിറക്കി. അതിൽ ഭരണ-വിദ്യാഭ്യാസ മേഖ ലകളിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ഭാഷാനയം ഇങ്ങനെ വ്യക്തമാക്കി: “സ്‌റ്റേറ്റ് നിയമസഭയുടെയും സെക്രട്ടേ റിയറ്റിൻറെയും നടപടികളടക്കമുള്ള ഭരണകാര്യങ്ങളും സർവകലാശാലയടക്കമുള്ള വിദ്യാഭ്യാസവും മലയാളഭാഷയിലാക്കുക എന്നതാണ് സർക്കാർ നയം.” ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഭരണം മാതൃഭാഷയിലാക്കുന്ന പ്രക്രിയയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 1957 ആഗസ്‌റ്റ് 31ന് കോമാട്ടിൽ അച്യുതമേനോൻ ചെയർമാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ഡോ. കെ. ഭാസ്കരൻ നായർ, കെ. ദാമോദരൻ, പി.ടി. ഭാസ്കരപ്പണിക്കർ, എൽ.സി. ഐസക്ക് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ഒരു വർഷം പൂർത്തിയാകും മുമ്പ് തന്നെ 1958 ആഗസ്‌റ്റ് പതിനാറിന് കമ്മിറ്റി വിശദറിപ്പോർട്ട് സമർപ്പിച്ചു.
ഭാവിയിൽ ഉയർന്നുവരാവുന്ന തടസ്സവാദങ്ങളെല്ലാം പ രിഗണിച്ചും ഖണ്ഡിച്ചുമാണ് കോമാട്ടിൽ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്. ഇംഗ്ലീഷിന്റെ ഭാഷാപരവും സാംസ്കാരികവുമായ മേൽക്കോയ്‌മ അംഗീകരിക്കുന്ന/അം ഗീകരിപ്പിക്കുന്ന സമീപനം നിലനിന്നിരുന്നു എന്നത് ശരിയാണെന്നും എന്നാൽ, ഹജൂർ കച്ചേരികളിലെയും വില്ലേജുകളിലെയും മലയാളത്തിലുള്ള രേഖകൾ ഭരണപരമായ കാര്യങ്ങൾക്ക് മലയാളം ഉപയോഗിച്ചിരുന്നു എന്നതിൻറ തെളിവാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി. അന്ന് ഭരണത്തിൻറെ കേന്ദ്രം ഇംഗ്ലീഷായിരുന്നു. അത് മാന്യതയുടെയും ഔന്നത്യത്തിന്റെയും അടയാളമായി നിലനിന്നിരുന്നു. അതുകൊണ്ടാണ് ഇംഗ്ലീഷിൽ ചിന്തിച്ച് മലയാളത്തിലേക്ക് തർജമ ചെയ്യണമെന്ന നിലയിലേക്ക് നമ്മുടെ ഭരണരംഗം മാറിയത് എന്ന് കമീഷൻ നിരീക്ഷിക്കുന്നു. മലയാളത്തിൽ ചിന്തിച്ച് തെളി മലയാളത്തിൽ ഭരണനടപടികൾ കൈകാര്യം ചെയ്യുന്ന പാരമ്പര്യമാണ് പിന്തുടരേണ്ടതെന്നാണ് കോമാട്ടിൽ കമ്മിറ്റി പ്രകടിപ്പിച്ച അഭിപ്രായം. ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ നിയമവും എല്ലാമായി രാഷ്ട്രീയം കുഴഞ്ഞുമറിയുന്ന കാലമായിരുന്നു അത്. വിമോചന സമരത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞിരുന്നു. എന്തായാലും പ്രായോഗിക നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ഏഴുവർഷം സെക്രട്ടേറിയറ്റിൻ്റ അലമാരയിലായി. 1965 മേയ് 5ന് ഔദ്യോഗിക ഭാഷ മലയാളമാക്കാൻ മലയാറ്റൂർ രാമകൃഷ്‌ണനെ സ്പെഷൽ ഓഫിസറായി നിയമിച്ചതോടെ ഈ വിഷയം വീണ്ടും സജീവമായി.
ഇതോടെ ഭരണഭാഷാമാറ്റ പ്രവർത്തനത്തിനുള്ള സർക്കാർ നിർദേശങ്ങൾ പുറത്തുവന്നു. 1965 ഒക്ടോബർ 19ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, സഹകരണം, ഹരിജനക്ഷേമം, റവന്യൂ, എക്സൈസ്, പൊതുവിതരണം, വനം, അളവുതൂക്കങ്ങൾ എന്നീ വകുപ്പുകളിലും 1966 ഏപ്രിൽ 19ന് പുറപ്പെടുവിച്ച ഉത്ത രവിലൂടെ രജിസ്ട്രേഷൻ, ജയിൽ, നാട്ടുചികിത്സ, ഹിന്ദു മത ധർമ സ്ഥാപനങ്ങൾ, വിദ്യാഭ്യാസം, സർവേയും ലാൻഡ് റെക്കോഡ്‌സും തുടങ്ങിയ വകുപ്പുകളിലും മലയാളം ഉപയോഗിക്കാൻ ഉത്തരവുണ്ടായി. നടപടികൾ മലയാളത്തിലാക്കാൻ സ്വീകരിക്കേണ്ട പ്രായോഗിക സമീപനങ്ങൾ ഈ ഉത്തരവിൽ വിശദമായി നിർദേശിച്ചു. (വി ശദമായ ഈ ഉത്തരവും ഇംഗ്ലീഷിലായിരുന്നു.) മലയാളത്തിൽ കിട്ടുന്ന കത്തുകൾക്ക് മലയാളത്തിൽ മറുപടി നൽകുക എന്നതിൽ കവിഞ്ഞ് നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഈ ഘട്ടത്തിൽ തൃപ്‌തികരമായ പുരോഗതിയൊന്നുമുണ്ടായില്ല.
അധികാരം ജനങ്ങളുടെ ഭാഷയാക്കാനുള്ള പ്രധാനപ്പെട്ട തടസ്സമായി നിന്നത് മലയാളം അച്ചെഴുത്തു യന്ത്രങ്ങളുടെ അഭാവവും മലയാള ലിപിയുടെ വൈവിധ്യവും ആയിരുന്നു. അച്ചെഴുത്തു യന്ത്രങ്ങൾക്കനുകൂലമായി ഭാഷയെ മാറ്റിയെടുക്കുക എന്നത് ആകാശത്തിന് വേരുമുളക്കുന്നതുപോലെയായിരിക്കും എന്നുവരെ ഭരണ സിരാകേന്ദ്രത്തിൽ സംസാരമുണ്ടായി. 1967ൽ ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിൽ നിലവിൽ വന്ന സമിതിയും 1970ൽ കെ. ഭാസ്കരൻ നായർ അധ്യക്ഷനായി രൂപവത്കരിച്ച കമ്മിറ്റിയും മലയാള ലിപിയും അച്ചെഴുത്തു യന്ത്രങ്ങളും തമ്മിലുള്ള സമരത്തെ അനുരഞ്ജനത്തിലെത്തിച്ചു. 1971ൽ എ.കെ. രാമകൃഷ്ണൻ നായർ അധ്യക്ഷനായി, മലയാളം ചുരുക്കെഴുത്ത് ഗ്രന്ഥം വികസിപ്പിക്കാനായി രൂപവത്‌കരിച്ച നാലംഗ സമിതിയും സജീവമായി പ്രവർത്തിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്‌ടർ എൻ.വി.കൃഷ്ണവാര്യരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മേൽകാര്യത്തിൽ നൽകിയ സംഭാവന എടുത്തുപറയണം. പരിഷ്കരിച്ച ലിപിയിൽ കീബോർഡുള്ള പുതിയ മലയാളം അച്ചെഴുത്ത് യന്ത്രങ്ങൾ മലനാടിന് നിർമിച്ചു നൽകിയത് കൊ ൽക്കത്തയിലെ ‘മെ റെമിംഗ്‌ടാൻ റാൻ ഓഫ് ഇന്ത്യ ലിമിറ്റഡ്’ എന്ന കമ്പനി ആയിരുന്നു. മാതൃഭാഷ ഭരണഭാഷ ആവുന്നതിന്റെ പ്രധാന നാഴികക്കല്ലായിരുന്നു ലിപി പരിഷ്കരണവും പുതിയ ടൈപ്പ്റൈറ്ററുകളുടെ ഉപയോഗവും. സർക്കാർ സേവനത്തിൽ ഉണ്ടായിരുന്ന ടൈപ്പിസ്റ്റുകൾക്ക് മലയാളം അച്ചെഴുത്തിൽ പരിശീലനം നൽകി. പുതുതായി സർവിസിൽ എത്തുന്നവർക്ക് ഒരു യോഗ്യതയായി മലയാളം നിർബന്ധമാക്കി.
1969ൽ കേരള ഔദ്യോഗിക ഭാഷകൾ ആക്ട് നിലവിൽ വന്നതോടെ മലയാളവും ഇംഗ്ലീഷും സംസ്ഥാനത്തിൻറ ഔദ്യോഗിക ഭാഷകളായി. ഇത് ഇംഗ്ലീഷിൽ കാര്യങ്ങൾ തുടരാനുമുള്ള ന്യായീകരണമായി മാറി. എന്നാൽ, 1973ൽ ആക്ടിൽ വരുത്തിയ ഭേദഗതിയിലൂടെ ഇതിൽ ചില മാറ്റം വന്നു. ആക്ടിലെ ഒന്ന് ബി വകുപ്പ് അനുസരിച്ച് ഔദ്യോഗിക ആവശ്യങ്ങൾക്ക് മലയാളമോ ഇംഗ്ലീഷോ ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാറിൽ നിക്ഷിപ്തമായി. ഒപ്പം തന്നെ തമിഴ്, കന്നട എന്നീ ഭാഷകൾ ന്യൂനപക്ഷ ഭാഷകളായി അംഗീകരിച്ചു. തമിഴ്, കന്നട, ഇംഗ്ലീഷ് എന്നിവ ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്‌തതൊഴികെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കാനുള്ള സാധ്യതയാണ് ഈ ഭേദഗതി വഴിതുറക്കപ്പെട്ടത്. തുടർന്ന് വിവിധ വകുപ്പുകളുടെ ഭരണഭാഷ മലയാളമാക്കി ഉത്തരവുകൾ ഇറങ്ങി. മലയാളത്തെ ഭരണഭാഷയാക്കാനുള്ള നടപടിത്വരിതപ്പെടുത്താൻ 1970ൽ തന്നെ മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഔദ്യോഗിക ഭാഷാ സമിതി രൂപവത്കരിക്കപ്പെട്ടു. 1971ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയ കാലത്ത് ഭാഷാവിഭാഗം പ്രവർത്തനം തുടങ്ങുന്നതുവരെ ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിച്ചത് പൊതു (പലവക) വകുപ്പായിരുന്നു. പിന്നീടുണ്ടാ യ ഒരു പ്രധാന ഉത്തരവ് 1976 ജൂലൈ മൂന്നിന് പുറത്തിറക്കിയതാണ്. മലയാളത്തിലുള്ള പല ഫയലുകളും ചില ഘട്ടങ്ങളിൽ ഇംഗ്ലീഷിലേക്കു മാറുന്നതായി ഈ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. മിക്കവാറും താഴത്തെത്തട്ടിൽനിന്ന് മുകളിലേക്കുള്ള എഴുത്തുകുത്തുകൾ മലയാളത്തിലാണെങ്കിലും മേൽത്തട്ടിൽവെച്ച് അത് ഇംഗ്ലീഷിലാകുന്നു. ഇതുമാറ്റി എല്ലാതലത്തിലും പ്രത്യേകിച്ച് സെക്രട്ടേറിയറ്റ് മുതൽ താഴോട്ട് മലയാളം വിപുലമായി ഉപയോഗിക്കണമെന്നും ഈ ഉത്തരവിൽ നിർദേശിക്കുന്നു. 1978 ഫെബ്രുവരി എട്ടിന് ഇറങ്ങിയ ഇംപ്ലിമെൻറഷൻ ഓഫിസർമാർക്കുള്ള നിർദേശങ്ങളിൽ കൂടുതൽ ഫലപ്രദമായ നടപടി നൽകിയിരിക്കുന്നതു കാണാം. എല്ലാ ഔദ്യോഗിക കാര്യങ്ങളിലും മലയാളം ഒരു ശീലമാക്കാൻ ശ്രദ്ധിക്കുക എന്ന് പ്രത്യേകം ഓർമിപ്പിക്കുന്ന ഉത്തരവായിരുന്നു അത്. ആ വർഷം തന്നെ ടി.എൻ. ജയചന്ദ്രൻ പത്രാധിപർ ആയി ഭരണഭാഷ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. ഭരണ ഭാഷ സംബന്ധിച്ച ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക, ജീവനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുക, പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുക തുടങ്ങിയവയായിരുന്നു മാസികയുടെ ഉദ്ദേശ്യങ്ങൾ. എന്നാൽ, 1980 ആവുമ്പോഴേക്കും പ്രസി ദ്ധീകരണം നിലച്ചു. 1978 ആഗസ്റ്റ് ഒന്നിനാണ് നിയമസഭയിൽ ഇംഗ്ലീഷ് ഭാഷാ അധീശത്വത്തെ കുടെഞ്ഞെറിഞ്ഞ് ഒരു ബിൽ അവതരണം നടന്നത്. മലയാള ഭാഷയിൽ ഒരു ബിൽ അവതരിപ്പിക്കുക എന്നത് ഉദ്യോഗസ്ഥ മേധാവിത്വത്തോടുള്ള വെല്ലുവിളികൂടിയായിരുന്നു. കാന്തലോട്ട് കുഞ്ഞമ്പു അവതരിപ്പിച്ച കേരള വനോൽപന്നം (വില നിജപ്പെടുത്തൽ) ബില്ലാണിത്.
1977ൽ ഡോ. പുതുശ്ശേരി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ലോക മലയാള സമ്മേളനം തിരുവനന്തപുരത്ത് നടന്നു. സമ്മേളനത്തിൽ മുഖ്യമന്ത്രി എ.കെ. ആൻറണി അഞ്ചുവർഷംകൊണ്ട് ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് 1978 ൽ ഭരണഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച് അഞ്ചു വർഷ പരിപാടി സർക്കാർ അംഗീകരിച്ചു. കാന്തലോട്ട് കുഞ്ഞമ്പു എന്ന മലയാളം മാത്രം അറിയാവുന്ന വനം മന്ത്രിയുടെ പ്രവർത്തനം ഇത്തരുണത്തിൽ എടുത്തു പറയണം. 1978-82 കാലയളവിനുള്ളിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സംസ്ഥാനത്തുള്ള എല്ലാ ഓഫിസുകളിലും സ്ഥാപനങ്ങളിലും കോടതികളിലും ഔദ്യോഗിക ഭാഷ മലയാളമാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അഞ്ചു വർഷവും നടത്തേണ്ട കർമപരിപാടി സഹിതമാണ് 1978 ജൂലൈ നാലിന് ഉത്തരവ് പുറത്തിറക്കിയത്. 1982 ആകുമ്പോഴേക്കും വില്ലേജൂതലം മുതൽ സെക്രട്ടേറിയറ്റുവരെ സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും സ്ഥാപനങ്ങളിലും (സർവകലാശാലകൾ, നിയമസഭ, പി.എസ്.സി ഉൾപ്പെടെ) ഔദ്യോഗിക ഭാഷ മലയാളമായി മാറിയിരിക്കണം എന്നാണ് നിർദേശിക്കപ്പെട്ടത്. ഇതിനായി ഓരോ ജില്ലയിലെയും പരിപാടികളുടെ ഏകോപനത്തിനും നടത്തിപ്പിനും ഓരോ മന്ത്രിമാർക്ക് ചുമതലയും നൽകി. എന്നാൽ, അവസാനം ഓരോന്നായെടുത്തു പരിശോധിച്ചപ്പോൾ ഉദ്ദേശിച്ച പുരോഗതി ഉണ്ടായില്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്.
അഞ്ചു വർഷ പരിപാടി കഴിഞ്ഞിട്ടും നിയമസഭയിലെ ബില്ലുകളും മന്ത്രിസഭാ കുറിപ്പുകളുമൊന്നും മലയാളത്തിലായില്ല. അവസാനം നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകൾ മലയാളത്തിലാക്കാൻ സ്പീക്കർ വി.എം. സുധീരൻ തന്നെ നടപടിയെടുത്തു. 1985 മാർച്ച് 11 നു നിയമസഭയിൽ അദ്ദേഹം നൽകിയ റൂളിങ്ങിൽ “മേലിൽ നോട്ടീസ് തരുന്ന ഔദ്യോഗികമോ അനൗദ്യോഗികമോ ആയ എല്ലാ ബില്ലുകളും(ഭേദഗതി ബില്ലുകൾ ഒഴികെ) നിർബന്ധമായും മലയാളത്തിൽതന്നെ ആയിരിക്കണമെന്നും അതിന്റെ ഇംഗ്ലീഷ് പരിഭാഷ മാത്രം ആവശ്യമുള്ളവർക്ക് വിതരണം ചെയ്തതാൽ മതിയെന്നും ഞാൻ സഭയുടെ അധ്യക്ഷനെന്ന നിലയിൽ നിർദേശിക്കുന്നു” എന്ന് പ്രഖ്യാപിച്ചു. അങ്ങനെ മോന്തായത്തിനുണ്ടായിരുന്ന ഒരു വളവ് വി.എം. സുധീരൻ നിവർത്തിയെടുത്തു. മന്ത്രിസഭയിലെ മിക്ക അംഗങ്ങൾക്കും ഇംഗ്ലീഷ് പരിജ്‌ഞാനം കുറവായിരുന്നുവെങ്കിലും 1987 വരെ മന്ത്രിസഭാ യോഗങ്ങളിൽ ചർച്ചക്ക് സമർപ്പിക്കപ്പെടുന്ന നീണ്ട കുറിപ്പുകൾ മിക്കതും കോളനി ഭാഷയിൽ തന്നെ തുടർന്നു. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പുകളും യോഗനടപടിക്കുറിപ്പുകളും നവംബർ 1 മുതൽ മലയാളത്തിൽ മാത്രം എന്ന ഉത്തരവ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണവകുപ്പ് പുറപ്പെടുവിക്കുന്നത് 12-10-1987ൽ മാത്രമായിരുന്നു. അങ്ങനെ മോന്തായത്തിനുണ്ടായിരുന്ന രണ്ടാമത്തെ വളവും ഇ.കെ. നായനാരുടെ കാലത്ത് നേരെയാക്കിയതോടെയാണ് 1957ൽ ആരംഭിച്ച ഭരണം മലയാളത്തിലാക്കൽ പ്രക്രിയ വേഗത കൈവരിച്ചത്. എന്നാൽ, അപ്പോഴും (ഇപ്പോഴും) കോടതി അൽപംപോലും അനങ്ങിയില്ല.
2003ൽ ഔദ്യോഗികഭാഷാ നിയമസഭാസമിതി രൂപവത്കരിക്കപ്പെട്ടു. മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ മുഖ്യ ഉത്തരവാദിത്തം. ഇതുകൂടാതെ ജില്ലാതലം മുതൽ സംസ്ഥാനതലംവരെ ഔദ്യോഗിക ഭാഷാസമിതികൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ സമിതിയുടെ അധ്യക്ഷൻ കലക്ടർ ആണ്. ജില്ലാസമിതി മൂന്നുമാസത്തിലൊരിക്കൽ യോഗം ചേർന്ന് ഭാഷാമാറ്റ പുരോഗതി വിലയിരുത്തണം. സംസ്ഥാനതലസമിതിയുടെ അധ്യക്ഷൻ ചീഫ്സെക്രട്ടറിയാണ്. മുഖ്യമന്ത്രി അധ്യക്ഷനും സാംസ്കാരികവകുപ്പുമന്ത്രി ഉപാധ്യക്ഷനുമായി ഉന്നതതലസമിതിയും പ്രവർത്തിക്കുന്നുണ്ട്. ഇവ യഥാസമയം നാലുമാസത്തിലൊരിക്കലും ആറുമാസത്തിലൊരിക്കലും യോഗം ചേരണം. ഓരോ സമിതിയുടെയും യോഗനടപടിക്രമങ്ങളടക്കം സർക്കാർ ഉത്തരവുകളായി ഇറങ്ങിയിട്ടുണ്ട്. നവംബർ ഒന്ന് ഭരണഭാഷാ ദിനമായി ആചരിക്കാനും ഒന്നുമുതൽ ഏഴുവരെയുള്ള ദിവസങ്ങൾ ഭരണഭാഷാവാരമായി പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ നിർദേശിക്കുന്നുണ്ട്. വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവയിലൂടെ മാത്യഭാഷ പ്രചാരണമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഔദ്യോഗിക ഭാഷ മലയാളമാക്കിയത് തനിക്കു ബാധകമല്ല എന്ന് വാദിച്ച മലപ്പുറം ജില്ലാ രജിസ്ട്രാർ ഓഫിസിലെ ചിട്ടി ഇൻസ്പെക്ടറെ സർക്കാർ താൽക്കാലികമായി പുറത്താക്കിയത് 1997 ലാണ്. കേസ് ഹൈകോടതിയിൽ എത്തി. ഭരണഘടനാപരമായി മലയാളത്തിൽ ഫയൽ എഴുതേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും സർക്കാർ ഉത്തരവ് പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആയിരുന്നു ജീവനക്കാരന്റെ വാദം. 1998 ആഗസ്റ്റ‌് 17ന് ജസ്റ്റിസ് സി.എസ്. രാജൻ ജീവനക്കാരന്റെ വാദം തള്ളിക്കളഞ്ഞു. എങ്കിലും 1969ലെ നിയമത്തിലുള്ള ഇംഗ്ലീഷ് / മലയാളം എന്നത് ഇന്നും ഒരു പൊല്ലാപ്പായി തുടരുകയാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനായി 2015 ഡിസംബർ 17 നു രാത്രി 11 മണി വരെ സമ്മേളിച്ച മലയാള ഭാഷ ( വ്യാപനവും പരിപോഷണവും ) ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. സെക്രട്ടറിയേറ്റിൽ നിന്ന് രാഷ്‌ട്രപതിയുടെ പരിഗണനക്ക് അയച്ച ബിൽ ഇത് വരെയും വെളിച്ചം കണ്ടിട്ടില്ല. എന്നാൽ 2015 ജനുവരി പതിമൂന്നാം തീയതി സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ഇനി രൂപവത്കരിക്കപ്പെടുന്ന വകുപ്പുകളിലും ഭരണഭാഷ മലയാളമായിരിക്കുമെന്ന ഉത്തരവ് പുറത്തിറങ്ങി എന്നത് ശുഭോദർക്കമാണ്.
ഇതുകൂടാതെ ഭരണഭാഷാ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ ഉയർന്നുവന്നു.
സാങ്കേതിക വിദ്യയിൽ വരുന്ന പരിവർത്തനങ്ങൾ ഭാഷാമാറ്റത്തിൽ ഗുണകരമായി ഉപയോഗിക്കാൻ കഴിയണം.
ലിപി പരിഷ്‌കരണം സംബന്ധിച്ച അവ്യക്തത പരിഹരിക്കാനും ഭാഷാ മാറ്റത്തിനു വേഗത വർധിപ്പിക്കാനുമായാണ് 1999 മുതൽ ഔദ്യോഗിക ഭാഷാ പരിശീലനപരിപാടി സർക്കാർ ആരംഭിച്ചത്.
രണ്ടു ദശകങ്ങളായി കേരളത്തിലെ കോടതി ഒഴികെയുള്ള ഭരണഭാഷാ രംഗത്ത് അഭൂതപൂർവമായ പുരോഗതിയുണ്ടായിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ഭരണഭാഷ മലയാളമാക്കിക്കഴിഞ്ഞു എന്നത് ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്ന വസ്തുതുതയാണ്. 19.10.2013ന് പുറത്തിറങ്ങിയ ഉത്തരവ് അനുസരിച്ച് പത്താം ക്ലാസ്/പ്ലസ്‌ടു/ബിരുദതലത്തിൽ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവിസിൽ പ്രവേശിച്ചാൽ അവരുടെ പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മലയാളം പരീക്ഷ വിജയിക്കണം. കൂടാതെ, സർക്കാർ വകുപ്പുകൾ നടത്തുന്ന വിവിധ പരിശീലനങ്ങളിൽ ഭരണഭാഷ-മാതൃഭാഷ എന്ന വിഷയം നിർബന്ധിതമായി ഏർപ്പെടുത്തിയിട്ടുമുണ്ട്. കേരള പി.എസ്.സി നടത്തുന്ന വിവിധ വകുപ്പുതല പരീക്ഷകൾക്ക് ചോദ്യപേപ്പറുകൾ മലയാളത്തിലും ലഭിച്ചുവരുന്ന സാഹചര്യം നിലവിൽ വന്നു. മിക്ക വകുപ്പുകളും അവരുടെ വെബ്സൈറ്റുകൾ മലയാളത്തിൽകൂടി ആക്കിയതും ഇതേ കാലയളവിൽതന്നെ. വിവിധവകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഫയലുകൾ പൂർണമായും മലയാളത്തിൽ മാത്രമാവുന്നുവെന്നതും ജനങ്ങളുടെ ഭാഷയിലേക്ക് ഭരണം മാറുന്നതിന്റെ ഉദാഹരണമാണ്. 2012 നവംബർ 1 മുതൽ 2013 ഒക്ടോബർ 31 വരെ സംസ്ഥാന സർക്കാർ ഭരണഭാഷാ വർഷമാചരിച്ചതും എടുത്തുപറയേണ്ടതുതന്നെ.
ഭരണഭാഷയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ ഒഴിവാക്കാനും കോടതി ഭാഷ മലയാളമാക്കാനുമായി ഒരു സമഗ്ര മലയാള നിയമം വേണമെന്ന് ആവശ്യപ്പെട്ട് 2010 മുതൽ ഐക്യമലയാള പ്രസ്ഥാനം സമരത്തിലായിരു ന്നു. തുടർന്ന് ഉണ്ടായ ബഹുജനാഭിപ്രായം മുൻനിർത്തി മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗികഭാഷാ ഉന്നതതല സമിതി മലയാള ഭാഷാ (വ്യാപനവും പരിപോഷണവും) ബില്ലിന്റെ പ്രാഥമിക രൂപരേഖ തയാറാക്കാൻ ഭാഷാവിദഗ്‌ധൻ ആർ. ശിവകുമാറിനെ ചുമതലപ്പെടുത്തി. അദ്ദേഹം പ്രാഥമിക രൂപരേഖ ഉണ്ടാക്കി സമർപ്പിച്ചു. പാലോട് രവി അധ്യക്ഷനായ നിയമസഭാ സമിതിയും നിയമത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ വിശദമാക്കി ഒരു റിപ്പോർട്ട് നിയമസഭയിൽ വെച്ചു. അങ്ങനെ രൂപവത്കരിച്ച ബില്ലിന്റെ കരടിൽ ഭരണഭാഷാ സംബന്ധമായ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. മല യാളത്തിനായി പ്രത്യേക വകുപ്പും ഡയറക്ടറേറ്റും രൂപവത്‌കരിക്കും, കീഴ്കോടതി ഭാഷ മലയാളമാക്കും, പി.എ സ്.സി ഉൾപ്പെടെ കേരളത്തിലെ ഏതു തരത്തിലുള്ള തൊഴിൽ പരീക്ഷക്കും മലയാളം ഒരു മാധ്യമമാക്കും എന്നിവയായിരുന്നു അവ. എന്നാൽ, ചുവപ്പ് നാടകൾക്കുള്ളിലൂടെ കടന്നുവരുമ്പോഴേക്കും നിയമത്തിൻറെ പല്ലും നഖവും കൊഴിഞ്ഞുപോയി. കീഴ്കോടതി ഭാഷ മലയാളമാക്കും എന്നത് പെറ്റികേസുകളുടെ കാര്യത്തിൽ ആക്കുകയും തൊഴിൽ പരീക്ഷയുടെ കാര്യം എടുത്തുകളയുകയും ചെയ്തു. പ്രത്യേക വകുപ്പും ഡയറക്ടറേറ്റും എന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാമർശങ്ങളും വെട്ടിക്കളഞ്ഞിരുന്നു. 17-12-15 നു വിശദമായി ചർച്ച ചെയ്ത് നിയമം പാസാക്കി. എന്നാൽ, ആ അസ്ഥിക്കൂട നിയമംപോലും നടപ്പാക്കാൻ ഭരിക്കുന്നവർ തയാറായില്ല. നിയമസഭയിൽ ഏകകണ്ഠമായി പാസാക്കിയ നിയമത്തെ അംഗീകാരത്തിനായി രാഷ്ട്രപതിക്കയച്ചു. ഇപ്പോഴും രാഷ്ട്രപതി ഭവനിലെ അലമാരക്കുള്ളിലാണ്. അച്ചെഴുത്തുയന്ത്രങ്ങൾ ഇല്ലാതാവുകയും ഓരോ പ്രധാന ആവശ്യത്തിനും പ്രത്യേകം സോഫ്റ്റുവെയറുകൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന പുതിയകാലത്ത് ഭരണഭാഷയുമായി ബന്ധപ്പെട്ട് നിരവധി പുതിയ പ്രശ്നങ്ങളും പൊങ്ങിവരുന്നുണ്ട്. സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ-ഫയലിങ് രീതിയിലാക്കുന്നത് ആദ്യഘട്ടത്തിൽ ഭരണഭാഷ സംബന്ധിച്ച് ആശങ്കകൾക്ക് ഇടയാക്കിയെങ്കിലും സെക്രട്ടേറിയറ്റിലെ വിവര സാങ്കേതിക വിഭാഗം ഇക്കാര്യത്തിൽ മാതൃഭാഷ സംബന്ധിച്ച പരിശീലനം കർശനമാക്കിയത് ശുഭോദർക്കമാണ്. എന്നാൽ, ജീവനക്കാരുടെ സേവനപുസ്‌തകങ്ങൾ ഉൾപ്പെടെ മലയാളത്തിൽ ആവുമ്പോഴും ശമ്പളം, പെൻഷൻ തുടങ്ങിയവ മാറാനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഇംഗ്ലീഷിൽ മാത്രമായി എന്നതാണ് വാസ്‌തവം. നേരത്തേ വില്ലേജ് ഓഫിസുകൾ വഴി മലയാളത്തിൽ ലഭിച്ചുകൊണ്ടിരുന്ന സർട്ടിഫിക്കറ്റുകൾ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കുന്നത് ഇംഗ്ലീഷിൽ മാത്രമായി എന്നതും അതിവേഗത്തിലുള്ള മടങ്ങിപ്പോക്കിന്റെ ഉത്തമ ഉദാഹരണമാണ്. വിവിധ കമിഷനുകൾ ഇപ്പോഴും പൊതുജനങ്ങൾക്കുള്ള ഉത്തരവുകൾ ഇറക്കാനായി ഇംഗ്ലീഷ് ഉപയോഗിക്കുന്നു എന്നതും. കോവിഡ് 19 സംബന്ധിച്ച അറിയിപ്പുകൾ ഉൾപ്പെടെ പുറത്തിറങ്ങിയത് ഇംഗ്ലീഷ് ഭാഷയിലായിരുന്നു എന്നതും ‘ഭരണ ഭാഷ മാതൃഭാഷ’ എന്ന സർക്കാർ മുദ്രാവാക്യത്തെ കൊഞ്ഞനം കുത്തുന്നതും പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥവൃന്ദത്തിൻറെ വെല്ലുവിളിയും ആയിരുന്നു.
ഭരണഭാഷക്കായി ശബ്‌ദിച്ച സാമാജികർ
ഭാഷയുമായി ബന്ധപ്പെട്ട് പാർലമെൻറിന്റെ ചരിത്രം തിരുത്തിയ വ്യക്തി ആയിരുന്നു ഇ.കെ. ഇമ്പിച്ചിബാവ. അന്ന് പാർലമെൻറിൽ എല്ലാവരും സംസാരിച്ചിരുന്നത് ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരുന്നു. 1952 ൽ രാജ്യസഭ യിൽ എത്തിയ ഇമ്പിച്ചിബാവ ഒരു സങ്കോചവും കൂടാതെ കന്നിപ്രസംഗം മലയാളത്തിലാക്കി. മാതൃഭാഷ മാത്രം അറിയാവുന്ന (ഹിന്ദി ഒഴികെ) പാർലമെന്റംഗങ്ങൾ മിണ്ടാതിരിക്കൽ ആയിരുന്നു അതുവരെ പതിവ്. രാജ്യസഭാ അധ്യക്ഷൻ ഡോ. എസ്. രാധാകൃഷ്‌ണൻ ഏതൊരം ഗത്തിനും അവരവരുടെ മാത്യഭാഷയിൽ സംസാരിക്കാ ൻ അവകാശം ഉണ്ടെന്നു സംസാരം കഴിഞ്ഞപ്പോൾ റൂ ളിങ് നൽകി. (പിന്നീട് ചൈനാ സന്ദർശനത്തിനായി നിർദേശിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളുടെ സമിതിയിൽ നിന്ന് ഇംഗ്ലീഷ് അറിയില്ല എന്ന ഒറ്റ കാരണത്താൽ ഇമ്പിച്ചിബാവയുടെ പേര് അതേ ഉപരാഷ്ട്രപതി വെട്ടിമാറ്റിയ ത് വിരോധാഭാസമായി കാണാം.) അങ്ങനെ ഇന്ത്യയുടെ ഭാഷാ നാനാത്വത്തെ പാർലമെൻറിൽ കയറ്റാൻ ആദ്യം പരിശ്രമിച്ച വ്യക്തിയായി ഇ.കെ. ഇമ്പിച്ചിബാവ മാറി. ഇപ്പോൾ യന്ത്രസഹായത്തോടെ ഓരോ പ്രസംഗത്തിന്റെന്റെയും തത്സമയ വിവർത്തനം കേട്ട് ഭാഷാ ജനാധിപത്യത്തിന്റെ സുഖം നുകരുന്ന അംഗങ്ങൾ അതിനു കാരണക്കാരായവനെ ഓർക്കേണ്ടതുണ്ട്. 1962ൽ പൊന്നാനിയിൽ നിന്നും 1980ൽ കോഴിക്കോട്ടുനിന്നും ലോക്സഭയിൽ എത്തിയപ്പോഴും മറ്റൊരു ഭാഷ പഠിച്ചോ എഴുതി തയാറാക്കിയോ സംസാരിക്കാൻ അദ്ദേഹം തയാറായില്ല.
കേരളത്തിലെ ഭരണഭാഷ മാതൃഭാഷയാക്കുന്നതിൻറ ചാലകശക്തിയായി പ്രവർത്തിച്ചത് കാന്തലോട്ട് കുഞ്ഞമ്പുവാണ്. 1977ലാണ് അദ്ദേഹം വനം മന്ത്രിയായി അധികാരമേറ്റത്. ലാഹോറിൽ ജനിച്ച, മലയാളം അറിയാത്ത നിരഞ്ജൻ നാഥ് വാഞ്ചു ആയിരുന്നു അന്നത്തെ കേരള ഗവർണർ. തനിക്കു മലയാളം മാത്രമേ അറിയൂ എന്നും മറ്റൊരു ഭാഷയിൽ ചൊല്ലിയാൽ അത് പ്രതിജ്ഞ ആവില്ലെന്നും ആയതിനാൽ മലയാളത്തിലേ തനിക്കു സത്യപ്രതിജ്ഞ ചൊല്ലാൻ കഴിയൂ എന്നും കാന്തലോട്ട് കുഞ്ഞമ്പു അറിയിച്ചു. അങ്ങനെ ഗവർണർക്ക് ഇംഗ്ലീഷ് ലിപിയിൽ മലയാളം സത്യപ്രതിജ്ഞ ഉദ്യോഗസ്ഥർ എഴുതി നൽകി. ഗവർണർ പകുതിമുക്കാലും തെറ്റിച്ചെങ്കിലും കുഞ്ഞമ്പു വളരെ വൃത്തിയായിതന്നെ സത്യപ്രതിജ്ഞ പൂർത്തിയാക്കി.
അന്നുവരെ ഇംഗ്ലീഷിൽ കുറിപ്പുകൾ എഴുതി മന്ത്രിക്കയച്ചിരുന്ന ഉദ്യോഗസ്ഥരോട് ഇനി മലയാളത്തിൽ മതി എന്നദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പുകൾ വനംവകുപ്പിൽനിന്നുമാത്രം മലയാളത്തിലായി. 1978ൽ നിയമസഭയിൽ മലയാളത്തിൽ ആദ്യത്തെ ബിൽ അവതരിപ്പിച്ച് നിയമസഭാ സാമാജികരെയും “നാം വിചാരിച്ചാൽ ഇതെല്ലാം സാധ്യമാണ്” എന്ന് കുഞ്ഞമ്പു ഓർമപ്പെടുത്തി.
1973ൽ ഭേദഗതി വരുത്തിയ അതേ നിയമമാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. നിയമത്തിലെ ‘ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം’ എന്നത് ഇംഗ്ലീഷിൽ ഫയൽ എഴുതാനും ഉത്തരവുകൾ ഇറക്കാനും ഉള്ള പഴുതായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരും കുറവല്ല. എന്തായാലും മലയാളം നമ്മുടെ ഭരണഭാഷയാക്കി മാറ്റുന്നതിൽ മന്ത്രി സഭക്കകത്തും നിയമസഭക്കകത്തും പോരാടിയ ആ ക്രാന്തദർശിയെ മറന്നുകൊണ്ടാണ് നാം വർഷംതോറും ഭരണഭാഷാ വാരാഘോഷംപോലും നടത്താറുള്ളത് എന്നതാണ് വസ്തുത.
നിയമസഭാ സാമാജികർക്കു ബില്ലുകൾ മലയാളത്തിൽ നൽകണം എന്ന ആവശ്യം നമ്പാടൻ ഉയർത്തിയെങ്കിലും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് അദ്ദേഹം നിയമസഭക്കകത്ത് തീക്കളിക്ക് തയാറായത്. 1983 മാർച്ച് 11നു നിയമസഭക്കകത്തുവെച്ച് നമ്പാടൻ ഇംഗ്ലീഷ് ഭാഷയിലുള്ള ബില്ലുകൾ കത്തിച്ച് ചാരമാക്കി. അദ്ദേഹത്തെ സഭയിൽനിന്നും പുറത്താക്കണമെന്ന് സ്പീക്കർ വക്കം പുരുഷോത്തമൻ ശഠിച്ചു. പക്ഷേ, നായനാരുടെ നേത്യത്വത്തിൽ പ്രതിപക്ഷം നമ്പാടനൊപ്പം നിന്നു. ഒടുവിൽ നമ്പാടൻ ഉൾപ്പെടെ സഭ ഒന്നടങ്കം അംഗത്തിന്റെ നടപടി യെ അപലപിച്ച് പ്രശ്‌നം പരിഹരിച്ചു. അതേ വർഷം കൊല്ലത്ത് വെച്ചാണ് ലോനപ്പൻ നമ്പാടൻ്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് എന്ന പാർട്ടി രൂപവത്കരിക്കപ്പെട്ടത്. ഭരണഭാഷ മലയാളമാക്കാനായി കേരളത്തിൻറെ തെരുവുകളിലേക്കിറങ്ങിയ ഏക രാഷ്ട്രീയ പാർട്ടി അതായിരുന്നു. ഭരണഭാഷ മലയാളമാക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ച് കാസർകോട് മുതൽ തിരുവ നന്തപുരം വരെ സൈക്കിൾ റാലി നടത്തിയ നമ്പാടനും കൂട്ടരും മലയാളം എഴുതാത്ത സർക്കാർ ഓഫിസ് ബോർഡുകളിൽ ടാർ അടിച്ചും പ്രതിഷേധിച്ചു. പാർട്ടിയുടെ യുവജന വിഭാഗം നിയമസഭാ ഗാലറിയിൽ പ്രക്ഷോഭത്തിനു നേതൃത്വം വഹിക്കുകയും 6 പേർ 10 ദിവസം ജയിലിൽ കിടക്കുകയും ചെയതു.
ഭരണഭാഷക്കായുള്ള സമരങ്ങൾ
1982ലെ കേരളപ്പിറവി ദിനത്തിൽ എൻ.വി കൃഷ്ണ വാര്യർ, പി.എൻ. പണിക്കർ, പി.ടി. ഭാസ്‌കരപ്പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഭരണ ഭാഷ മലയാളമാക്കുക എന്ന ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടന്നു. ഭരണ പരിഷ്കാര വേദി, ശാസ്ത്ര സാഹിത്യ പരിഷത്ത് , അ നൗപചാരിക സാക്ഷരതാ പ്രവർത്തനത്തിനു നേതൃത്വം കൊടുത്ത കാൻഫെഡ്, യുക്തിവാദി സംഘം, വില്ലേജ് സ്‌റ്റാഫ് അസോസിയേഷൻ, വിജിൽ ഇന്ത്യ മൂവ്മെന്റ് , എസ്.എൻ. യൂത്ത് മൂവ്‌മെൻറ് എന്നീ സംഘടനകൾ സമരത്തിൽ സഹകരിച്ചു. വലിയ ജനപങ്കാളിത്തം ധർണയിൽ ഉണ്ടാവുകയും പത്രമാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്‌തു അന്നത്തെ സമരം.
1983 മാർച്ച് 3ന് “ഭരണ ഭാഷ മലയാളമാക്കുക എന്ന കാതടപ്പിക്കുന്ന മുദ്രാവാക്യം നിയമസഭാ ഗാലറിയിൽ നിന്നും മുഴങ്ങി. കുമ്പളം സോളമൻ, പി.എൻ. നെടുവേലി, പി.പി. പൊന്നൻ മാവേലിക്കര, സോളമൻ വേളാംചിറ, തോമസ് സി. ചിലമ്പിക്കുന്നേൽ, ഹരികുമാർ എന്നീ യുവരക്തങ്ങളാണ് ഭാഷാ പോരാളികളായത്. കൈയിലു ണ്ടായിരുന്ന നോട്ടീസുകൾ സഭാതളത്തിലേക്ക് വലിച്ചെ റിയുകയും ചെയ്തു. സഭ നിർത്തിവെച്ചു. സ്പീക്കർ, മു ഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഉടൻ യോഗം കൂടി. സമരക്കാരെ യോഗത്തിനു മുന്നിൽ ഹാജരാക്കി. സമരക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി കെ. കരുണാകരൻ സഭക്കുമുന്നിൽ അവതരിപ്പിച്ചു. 1983 മാർച്ച് പതിമൂന്നാം തീയതി 5 മണി വരെ സമരഭടന്മാരെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. മാതൃഭാഷകൾക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ ഒരു ഭാഷാ നയം കേന്ദ്ര സർക്കാർ പുറത്തിറക്കണമെന്നാവശ്യപ്പെട്ടതും നവംബർ ഒന്നു മുതൽ ഒരാഴ്‌ചക്കാലം ഭരണഭാഷാവാരമായി ആചരിക്കണം എന്നാവശ്യപ്പെട്ടതും ഡോ. ജോർജ് ഇരുമ്പയം, ഡോ. എം.കെ. സാനു, ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ എന്നിവരുടെ നേതൃത്വത്തിൽ 1989ൽ രൂപപ്പെട്ട മലയാള സംരക്ഷണ വേദി എന്ന സംഘടനയായിരുന്നു. ഭരണഭാഷ പൂർണമായും മലയാളമാക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ച് 1991 മാർച്ച് 7 നു സെക്രട്ടേറിയറ്റ് നടയിൽ കുത്തിയിരുപ്പ് സത്യഗ്രഹം നടത്തിയത് ഹരിദാസനും എം.കെ. ചാന്ദ് രാജും നേതൃത്വം കൊടുത്ത മലയാള സമിതിയുമായിരുന്നു. 2009ൽ ഡോ. പി. പവിത്രൻ, ഇ. ദിനേശൻ, ഡോ. ഹേമജോസഫ്, പ്രദീപൻ മാവ്, ഡോ. കെ.എം. ഭരതൻ, ആർ.ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാള ഐക്യ
വേദി എന്ന സംഘടന വടകരയിൽ രൂപപ്പെട്ടതോടെ ഭാഷാസമരത്തിൻറെ മറ്റൊരു ഘട്ടത്തിനാണ് തിരികൊളുത്തിയത്. “ഭരണവും പഠനവും കോടതിയും മാതൃഭാഷയിൽ” എന്നതായിരുന്നു സംഘടനയുടെ മുദ്രാവാക്യം.
ആദ്യഘട്ടത്തിൽ ആശയ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സംഘടന സർക്കാർ ഉത്തരവുകൾ, ബോർഡുകൾ, കടകളുടെ ബോർഡുകൾ തുടങ്ങിയവ മലയാളത്തിലാക്കണം എന്നാവശ്യപ്പെട്ട് പ്രചാരണം നടത്തി. 2010 ൽ വിവിധ ഭാഷാ സംഘടനകളെ യോജിപ്പിച്ച് ഐക്യ മലയാള പ്രസ്ഥാനം എന്ന സമര സംഘത്തിനു രൂപംനൽകുകയും കോടതിയും ഭരണവും മലയാളത്തിലാക്കാൻ വേണ്ടിയും സമഗ്ര മലയാള നിയമത്തിനായും നിരവധി സമരരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സുബൈർ അരിക്കുളം, ആർ നന്ദകുമാർ, ഹരിദാസൻ തുടങ്ങിയവരാണ് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നവർ. 2011 സെപ്റ്റംബർ 1 മുതൽ ഒരു മാസക്കാലം ഐക്യ മലയാള പ്രസ്ഥാനം കേരളത്തിലാകെ കോടതിഭാഷാ പ്രചാരണം നടത്തി. ‘അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. വാദിക്കും പ്രതിക്കും മനസ്സിലാവാത്ത ഭാഷയിലാണ് ഇവിടെ വക്കീലന്മാർ വാദിക്കുന്നത്. എന്ത് കാരണത്താലാണ് തങ്ങളെ ശിക്ഷിച്ചത് എന്ന് വ്യക്തമായറിയാതെ എത്രയോ പേർ ഇപ്പോഴും നമ്മുടെ ജയിലുകളിലുണ്ട്. വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന ഭാഷയിൽ കോടതി നടപടികൾ നടക്കുമ്പോൾ കാര്യങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇങ്ങനെ ജനാധിപത്യം പരി മിതപ്പെടുകയാണ്. സ്വാതന്ത്ര്യം നഷ്‌ടപ്പെടുകയാണ്. ഭരണസ്ഥാപനങ്ങൾ ജനങ്ങളുടെ ഭാഷയിലാക്കുന്നതിനുള്ള സമരം, യഥാർഥത്തിൽ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണ്.* കേരളത്തിലെമ്പാടും ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ബസ് സ്‌റ്റാൻഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മൈക്കിലൂടെയും അല്ലാതെയും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന വാക്കുകളാണിത്. പയ്യന്നൂർ മുതൽ തിരുവനന്തപുരം വരെ ഒപ്പുശേഖരണം നടന്നു. എറണാകുളം സദ്‌ഗമയ’യിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജസ്‌റ്റിസ്. വി.ആർ. കൃഷ്ണയ്യർ ഭീമ ഹരജിയിലെ ആദ്യ ഒപ്പിട്ട് സമരം ഉദ്ഘാടനം ചെയ്തു. എം.ടിയും സുഗതകുമാരി ഉൾപ്പെടെ സാംസ്‌കാരിക നേതൃ ത്വവും സമരത്തിൽ അണിചേർന്നു. 10 വർഷക്കാലമായി കോടതിഭാഷ മലയാളമാക്കാനും സമഗ്ര മലയാള നിയമത്തിനായും എണ്ണമറ്റ സമരങ്ങളാണ് ഐക്യ മലയാള പ്രസ്ഥാനം നടത്തിയത്. മലയാള ഭാഷാ ബില്ലിനായി 2013ൽ തിരുവനന്തപുരത്തു നടന്ന കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാര സമരം, കോടതിഭാഷ മലയാളമാക്കുക എന്ന മുദ്രാവാക്യമുന്നയിച്ച് 2016ൽ വി.പി. മാർക്കോസ്, സുരേഷ് പുത്തൻപറമ്പിൽ, അശ്വനി എ.പി, പി. പവിത്രൻ തുടങ്ങിയവരുടെ നേത്യത്വത്തിൽ വാഹന പ്രചാരണ ജാഥ തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്. ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പി.എസ്. സി പരീക്ഷകൾക്കും മലയാളത്തിൽ കൂടി ചോദ്യപേപ്പർ ലഭ്യമാക്കാൻ 2019 ആഗസ്‌റ്റ് 29 മുതൽ പി.എസ്.സി ഓഫിസിനു മുന്നിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹ ത്തോടെ സംഘം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എൻ.പി. പ്രി യേഷ് കുമാർ, ആർ. രൂപിമ, ആർ.എസ്. ശ്രേയ, പി. സുഭാഷ് കുമാർ, അനൂപ് വളാഞ്ചേരി എന്നിവരാണ് 19 ദിവസം നീണ്ടുനിന്ന സമരത്തിൽ നിരാഹാരം അനുഷ്‌ഠിച്ചവർ. സെപ്റ്റംബർ 16ന് പരീക്ഷയിൽ മലയാളത്തിലും ചോദ്യങ്ങൾ നൽകാൻ പി.എസ്.സി യോട് മുഖ്യമന്ത്രി നിർദേശിച്ചതോടെയാണ് സമരം അവസാനിച്ചത്.. 07-02- 2000 ത്തിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ‘കേരള പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന എല്ലാ എഴുത്ത് പ രീക്ഷകൾക്കും ഭാഷാന്യൂനപക്ഷങ്ങൾക്ക് നിലവിലുള്ള അവകാശം നിലനിർത്തിക്കൊണ്ട് ഒരു പേപ്പർ മലയാളത്തിൽ തന്നെ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു.” എന്നാൽ, 20 വർഷം കഴിഞ്ഞിട്ടും മിക്ക പരീക്ഷകൾക്കും ഒരു നിശ്ചിത ശതമാനം ചോദ്യങ്ങൾ മലയാള പരിജ്ഞാനം അളക്കാനുള്ളതാക്കുന്നതിൽ പി.എസ്.സി വിമുഖത കാട്ടുകയാണ്. 2020ൽ അപേക്ഷ ക്ഷണിച്ച ക്ലറിക്കൽ തസ്‌തികക്കുള്ള പ്രാഥമിക പരീക്ഷയുടെ സിലബസിൽപോലും മലയാളഭാഷയിലുള്ള അ റിവുപരിശോധന കാണാൻ കഴിയുന്നില്ല.
ഉപസംഹാരം
അറിവിന്റെയും അധികാരത്തിന്റെയും മണ്ഡലത്തിൽ ഒരു ഭാഷ നിലനിൽക്കുകയും കാലത്തിനനുസരിച്ച് നിരന്തരം പുതുക്കപ്പെടുകയും ചെയ്യുമ്പോൾ ആ ഭാഷ ഏതു വിധേനയും തഴച്ചുവളരും. മറ്റു ഭാഷകളിൽ നിന്നും തത്സമമായും തത്ഭവമായും പദങ്ങൾ കടമെടുത്തും പുതിയ പദങ്ങൾ കണ്ടെത്തിയും പുതിയ പുതിയ സമതലങ്ങളി ൽ അത് വിഹരിക്കും. വിജ്ഞാനത്തിൻ്റെയും ഭരണത്തി ൻറയും മണ്ഡലങ്ങളിൽനിന്നും പുറത്താക്കപ്പെടുമ്പോൾ മെല്ലമെല്ലെ ആ ഭാഷയും അപ്രസക്തമാവുന്നതായാണ് ഭാഷകളുടെ ലോകചരിത്രം മറിച്ചുനോക്കുമ്പോൾ കാണാൻ കഴിയുന്നത്. അധികാരത്തിൻറെ ഇടനാഴിക ളിൽ മുഴങ്ങാത്ത ഭാഷയിൽ എത്ര തന്നെ സാഹിത്യവും വിജ്ഞാനവും ഉൽപാദിപ്പിക്കപ്പെട്ടാലും ജനങ്ങൾ ആ ഭാഷയിൽ നിന്നകന്നുപോവാൻ അധിക കാലം വേണ്ടി വരില്ല. ഇന്ന് ലോകത്ത് നിലനിൽക്കുന്ന 6000 ത്തോളം ഭാഷകളിൽ 90 ശതമാനവും അപകടത്തിലായതിൻെറ ഒരു രു കാരണം അവ സാമൂഹിക-സാമ്പത്തിക-രഷ്ട്രീയ അധികാരത്തിന്റെ ഭാഷയായില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഭരണഭാഷ പൂർണമായും മാതൃഭാഷയാവുകയും കാലത്തിനനുസരിച്ച് ചെത്തിമിനുക്കി എടുക്കുകയും ചെയ്താൽ മാത്രമേ ആ ഭാഷ ഭൂമിയിൽ നിലനിൽക്കുകയുള്ളൂ എന്നാണ് ഭാഷാചരിത്രങ്ങൾ നമ്മോട് വിളിച്ചു പറയുന്നത്. മലയാളത്തിൽ അറിവ് ഉണ്ടായാൽ മാത്രം പോരാ, അധികാരവും ഉണ്ടാവണം. ജനാധിപത്യമെന്നാൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യലും മന്ത്രിസഭാ രൂപവത്കരണവും മാത്രമല്ലെന്ന് ജനങ്ങൾക്കു അനുഭവവേദ്യമാകണമെങ്കിൽ നിയമനിർമാണ സഭകളും കോടതിയും സർക്കാർ ഓഫിസുകളും പൂർണമായും ജനങ്ങളുടെ ഭാഷയിൽ സംസാരിക്കേണ്ടതുണ്ട്. കൂടാതെ ഭാഷയുടെ കാര്യത്തിൽ നയം ഉണ്ടാവുകയും ആയതിൻ്റെ അടിസ്ഥാന ത്തിൽ ആസൂത്രണം നടക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് നമ്മെ തിരിച്ചറിയാനും അടയാളപ്പെടുത്താനും കഴിയുക എന്നാണ് പുരോഗതി പ്രാപിച്ച ജനതയെല്ലാം നമോട് പറഞ്ഞുകൊണ്ടിരിക്കുന്നതും. അതുകൊണ്ടു തന്നെ, ഭരണഭാഷാ കാര്യത്തിൽ കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും, കോടതി ഭാഷാ കാര്യത്തിൽ നമുക്കുമേൽ തുടരുന്ന മനുഷ്യാവകാശധ്വംസനം ഇല്ലായ്മ ചെയ്യുന്നതിനും പൊതുജന സമ്മർദ്ദവും ബഹുജന പ്രസ്ഥാനവും അനിവാര്യമാണ് .
സുബൈർ അരിക്കുളം