കേരളപ്പിറവിയോടനുബന്ധിച്ചുള്ള ഭരണഭാഷാവാരാചരണത്തിനു തുടക്കമാവുകയാണ്. ഭരണഭാഷാവാരമായി ആചരിക്കുന്നതുകൊണ്ടു മാത്രം ഭരണഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കില്ല എന്നതിനു തെളിവാണ് ഔദ്യോഗിക തലത്തിലുള്ള ഇത്തരം പരിപാടികൾ.
അധികാരപ്രയോഗത്തിനുള്ള ഒരു ഉപകരണം മാത്രമാണ് ഭരിക്കാനുപയോഗിക്കുന്ന ഭാഷ എന്ന സമീപനം ഒരു ജനാധിപത്യവ്യവസ്ഥയിലും സാധ്യമല്ല. ഭരണസംവിധാനങ്ങൾ എന്തു പറയുന്നു, എന്തെഴുതുന്നു എന്നൊക്കെ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന ഒരു വ്യവസ്ഥ കൂടിയായാണ് ജനാധിപത്യത്തെ നമ്മൾ സങ്കൽപ്പിക്കാറ്. മാതൃഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ട കേരളത്തിൽ ഭരണകാര്യങ്ങൾക്കുപയോഗിച്ചിരുന്ന ഭാഷ ഇംഗ്ലീഷായത് വലിയ ചോദ്യങ്ങളുയർത്തി. നാട്ടുഭാഷയും ഭരണഭാഷയും തമ്മിലുള്ള ഈ വിടവ് അനീതിയായിത്തന്നെ തിരിച്ചറിയപ്പെട്ടു തുടങ്ങി. ഈ വിടവ് പരിഹരിക്കാനുള്ള ആസൂത്രണങ്ങളും ആരംഭിച്ചു. ഭരണഭാഷ എന്ന പ്രമേയം ഗൗരവമുള്ള ഒരു ചർച്ചാവിഷയമായി മാറുന്നതങ്ങനെയാണ്. എന്നാൽ, ജനാധിപത്യചിന്തയുടെ വഴിയിലൂടെ നോക്കിയാൽ ഏറ്റവും ലളിതമായി പിടികിട്ടുന്ന ഈ പ്രശ്നം മുഴുവനായും പരിഹരിക്കപ്പെടുകയുണ്ടായില്ല കേരളത്തിൽ. ഉത്തരവുകൾ ചുവപ്പുനാടകളിൽ നിരന്തരം കുടുങ്ങി. പ്രകടനപത്രികയിൽ മാതൃഭാഷാനയം വ്യക്തമാക്കിയ പാർട്ടികൾക്ക് ഭരണത്തിൽ ആ വ്യക്തത കൈമോശം വന്നു. ഉദ്യോഗസ്ഥ സംവിധാനങ്ങൾ ഇംഗ്ലീഷിന്റെ കൊളോണിയൽ ബാധകളിൽ തന്നെ സുരക്ഷിതത്വം തേടി. മാതൃഭാഷയിലുള്ള ഭരണനടത്തിപ്പിനായി അടിസ്ഥാന ജനവിഭാഗം എത്രയൊക്കെ ആഗ്രഹിച്ചാലും ഒളിഞ്ഞും തെളിഞ്ഞും ഇംഗ്ലീഷിന്റെ സമാന്തരഭരണം കേരളത്തിൽ നടപ്പായി. ജനാധിപത്യത്തിന്റെ ചില അടിസ്ഥാനപാഠങ്ങളാണ് ഇവിടെയൊക്കെ ഭരണസംവിധാനങ്ങൾ മറന്നുപോയത്. ഭരണകൂടം എങ്ങനെ പ്രശ്നങ്ങളെ നോക്കിക്കാണുന്നു, എന്തു തരം പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു എന്നതിന്റെയൊക്കെ രേഖകളിലേക്ക് ആർക്കും കടന്നു ചെല്ലാൻ പറ്റുക എന്നത് ജനാധിപത്യഭരണക്രമത്തിന്റെ മുന്നുപാധികളിലൊന്നാണ്. ഭരണഭാഷയായി മാതൃഭാഷയെ സങ്കല്പിക്കേണ്ടി വരുന്നതിനു പിന്നിൽ ജനാധിപത്യത്തിന്റെ ചിന്താപരിസരമുണ്ട് എന്നു ചുരുക്കം. മാതൃഭാഷയെ ഭരണഭാഷയായി സ്വീകരിക്കാൻ ഭരണകൂടം ഒരുങ്ങുന്നില്ല എന്നതിനർത്ഥം ജനാധിപത്യചിന്തയുടെ അടിത്തറ അവിടെ ഭദ്രമല്ല എന്നാണ്. ഇങ്ങനെ നോക്കുമ്പോൾ, മലയാളത്തിന്റെ ഭരണഭാഷാ പദവി എന്ന ആശയത്തോട് കാലാകാലങ്ങളിലുണ്ടായ പ്രതികരണങ്ങൾ കേരളത്തിന്റെ ജനാധിപത്യചരിത്രത്തിന്റെ തന്നെ പ്രധാന രേഖകളിലൊന്നാവും. ഭരണഭാഷാചർച്ചകളെ ആചാരയുക്തികളിൽ നിന്നു മോചിപ്പിക്കാനും ഇത്തരം നോട്ടങ്ങൾ ആവശ്യമാവും.
‘ഭരണഭാഷ മാതൃഭാഷ’ എന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും പലയിടങ്ങളിലും ഇംഗ്ലീഷിൽ മാത്രം ഉത്തരവുകളും കുറിപ്പുകളും ലഭ്യമാകുന്ന വിചിത്രമായ അവസ്ഥയിലാണ് സമകാലിക ഭരണരംഗം. മലയാളം ഭരണഭാഷയായി ഉയർന്നതിന്റെ ചരിത്രത്തെ[1] മുഴുവൻ മറച്ചുകൊണ്ട് ഭരണഭാഷാ നയം നിരന്തരം അട്ടിമറിക്കപ്പെടുന്നു. ഒരു ഉദാഹരണം എടുക്കാം. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നുള്ള പ്രതിമാസ യോഗനടപടിക്കുറിപ്പുകൾ ആഗസ്റ്റ് മാസം വരെ മലയാളത്തിലായിരുന്നു. അതു കഴിഞ്ഞുള്ള എല്ലാ നടപടിക്കുറിപ്പുകളും ഇംഗ്ലീഷിലാണു വന്നത്. ഇത്തരത്തിൽ, മലയാളത്തിന്റെ ഭരണഭാഷാപദവിയെ ചിലപ്പോൾ പരിഗണിച്ചും മിക്കവാറും അവഗണിച്ചും മുന്നോട്ടുപോവുന്ന ഒരു സവിശേഷ രീതിശാസ്ത്രം ഭരണതലത്തിൽ രൂപപ്പെട്ടുവരുന്നു എന്നു കാണാം. ഈ അട്ടിമറികളെക്കുറിച്ച് ചർച്ചകളുയരാതെയാണ് ഭരണഭാഷാവാരം കടന്നു പോവുന്നതെങ്കിൽ ഗുരുതരമായ അവഗണനകൾ ഇനിയും തുടരും എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
ഭരണം,കോടതി,വിദ്യാഭ്യാസം എന്നിങ്ങനെ സമൂഹത്തിന്റെ ആധുനികീകരണത്തിന്റെ മണ്ഡലങ്ങളിലെല്ലാം മാതൃഭാഷയ്ക്ക് കടന്നുവരാനാവണം എന്ന കാഴ്ചപ്പാടിൽ പ്രവര്‍ത്തിച്ചുവരുന്ന മാതൃഭാഷാവകാശപ്രസ്ഥാനങ്ങളാണ് ഐക്യമലയാള പ്രസ്ഥാനവും മലയാള ഐക്യവേദിയും. മലയാളത്തിന്റെ ഭരണഭാഷാപ്രയോഗങ്ങൾക്കു തടസം നിൽക്കുന്ന അധികാരകേന്ദ്രങ്ങളുടെ മാതൃഭാഷാവിരുദ്ധത തുറന്നുകാണിച്ചുകൊണ്ട് പല തരത്തിൽ പ്രസ്തുത സംഘടനകൾ ഇടപെട്ടിട്ടുണ്ട്. എത്രയോ മേഖലകളിൽ ഭരണഭാഷാനയം നടപ്പിലായിട്ടില്ല എന്ന വസ്തുത ഈ സംഘടനകൾ നിരന്തരം ഉന്നയിക്കുന്നു. ഈ പ്രതിഷേധങ്ങളെ ഒറ്റപ്പെട്ടതായും അപ്രസക്തമായും മുദ്രകുത്തുക എന്നതാണ് ഉദ്യോഗസ്ഥക്കൂട്ടത്തിന്റെയും ഭരണകൂടത്തിന്റെയും പൊതു നിലപാട്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ഭാഷാസമരങ്ങളുടെ വേരുകളുണ്ട് എന്ന വസ്തുത അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ആധുനികകേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ഭാവനകൾ രൂപപ്പെട്ട ഘട്ടത്തിൽ, ആധിപത്യത്തിന്റെ ഭാഷായുക്തികളിൽ നിന്നു കുതറിമാറാൻ ഒരു ജനത ഏതൊക്കെയോ നിലകളിൽ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു എന്ന വലിയ അറിവ് അങ്ങനെ മറച്ചുവെക്കപ്പെടുന്നു. ചിതറിപ്പോയ ഇത്തരം ചെറുത്തുനിൽപ്പുകളുടെ ചരിത്രം കണ്ടെടുക്കുകകൂടിയാണ് ഇക്കാലത്തെ ഭാഷാപ്രവര്ത്തനങ്ങളുടെ ഒരു ദൗത്യം.
സമരം നിയമസഭയ്ക്കകത്തേക്ക്
1983 മാർച്ച് മൂന്നാം തീയതി കേരള നിയമസഭ ഗാലറിയിൽ മുദ്രാവാക്യം വിളിച്ചും ലഘുലേഖകൾ പറത്തിയും മലയാളം ഭരണഭാഷയാക്കാൻ ഒരു കൂട്ടം യുവജനനേതാക്കൾ സമരം ചെയ്തു.പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച ഈ പ്രവർത്തകർക്ക് പിന്തുണയോടെ അന്ന് എം.എൽ എ. ആയിരുന്ന ലോനപ്പൻ നമ്പാടൻ ഇംഗ്ലീഷിലുള്ള ബില്ല് നിയമസഭയിൽ കത്തിച്ചു.മാർച്ച് മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ ജയിലിൽ കിടന്ന യുവജനനേതാക്കന്മാരിൽ ഒരാളായിരുന്നു മാന്നാര്‍ സ്വദേശിയായ പി.എൻ. നെടുവേലി. ലോനപ്പൻ നമ്പാടന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസിന്റെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടായിരുന്നു അന്നദ്ദേഹം. ഇപ്പോൾ ഐക്യ കര്‍ഷകസംഘം വൈസ് പ്രസിഡണ്ടായ അദ്ദേഹം അക്കാലത്തെ സമരം ഓർമ്മിക്കുന്നതിങ്ങനെ.
“അക്കാലത്ത് യുവസാഹിത്യസഖ്യവുമായി ബന്ധപ്പെട്ടും അല്ലാതെയും സാഹിത്യകാരന്മാരുമായും അധ്യാപകരുമായും അടുപ്പമുണ്ടായിരുന്നു.ബിഷപ്പ് മൂർ കോളേജിലാണ് ഞാൻ പഠിച്ചത്. ഫിസിക്സായിരുന്നു ഐച്ഛികവിഷയം. കുട്ടനാട്ടിൽ അന്ന് സജീവമായിരുന്ന കേരളാ കോൺഗ്രസ്സിലാണ് കർഷകരായ ഞങ്ങൾ ആദ്യം പ്രവർത്തിച്ചിരുന്നത്. കാർഷിക മേഖലയ്ക്ക് വേണ്ടി നിന്നിരുന്ന മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന ഇ.ജോൺ ജേക്കബ് കേരളാ കോൺഗ്രസിന്റെ നേതാവായിരുന്നു.
ആദ്യം കെ.വൈ.എഫ് ൽ. നമ്പാടൻ മാഷിനെ ആദ്യം തന്നെ ഇഷ്ടമായിരുന്നു.പാർട്ടിയിൽ ഉള്ളപ്പോഴും. അഴിമതിയില്ല. മാഷ് പറയും ഞാനൊരു ഒന്നാം ക്ലാസ് അധ്യാപകനാണ്.ഒന്നാം ക്ലാസിൽ ഏറ്റവും നന്നായി പഠിപ്പിക്കണം. അതുപോലെ നന്നായി എല്ലാവരോടും ഇടപെടുകയും ജാഡയില്ലാതെ സംസാരിക്കുകയും ചെയ്തിരുന്നു.അങ്ങനെ കേരള കോണ്‍ഗ്രസിൽ നിന്നു മാറി മാഷ് നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. 1982ൽ കെ കരുണാകരന്റെ എട്ടംഗ മന്ത്രിസഭ നമ്പാടൻ പിന്തുണ പിൻവലിച്ചതോടെ താഴെ വീണു. നമ്പാടന് സാഹിത്യ സാംസ്കാരിക മേഖലകളിൽ നല്ല ബന്ധങ്ങളുണ്ടായിരുന്നു. ഞാനും പണ്ട് യുവസാഹിത്യസഖ്യത്തിലൊക്കെ പ്രവർത്തിച്ചതുകൊണ്ട് പരിചയങ്ങളുണ്ടായിരുന്നു. ഏറ്റുമാനൂർ സോമദാസൻ, കാലിക്കറ്റ് സ്റ്റുഡൻ്റ് വിംഗ് എ.അച്ചുതൻ, പി.എൻ.പണിക്കർ തുടങ്ങിയവരുമായിട്ട്.. തൃശൂർ രാമനിലയത്തിൽ വച്ച് നടന്ന സാംസ്കാരിക ചര്‍ച്ചകളുടെ ഭാഗമായി ഭാഷയ്ക്കുവേണ്ടി ഒരു സമരം സംഘടിപ്പിക്കണം എന്ന ആലോചന വന്നപ്പോൾ അത് ഏറ്റെടുക്കാനും പാര്‍ട്ടിയുടെ മുന്നിൽ അവതരിപ്പിക്കാനും എനിക്കു കഴിഞ്ഞു.
അതിനുവേണ്ട ദിശാബോധം തന്നത് അന്ന് അഡ്വക്കേറ്റും, നമ്പാടന്റെ പേഴ്സണൽ സ്റ്റാഫുമായിരുന്ന ചന്ദ്രശേഖരനാണ്. അദ്ദേഹത്തിന് വളരെ ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. നമ്മളെ കാര്യങ്ങൾ ആകർഷകമായി ബോധ്യപ്പെടുത്തുന്ന തരത്തിൽ പറയുമായിരുന്നു.രാഷ്ട്രീയത്തേക്കാൾ വലിയ ഒരു കാര്യമാണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലുണ്ടായിരുന്നു.
സമരത്തിന്റെ ആസൂത്രണമൊക്കെ നമ്പാടൻ മാഷ് ഏൽപ്പിച്ചു. അന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞിരുന്നു. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫ്രണ്ടിൻ്റെ (KSYF) സംസ്ഥാന പ്രസിഡന്റായിരുന്നു ഞാനന്ന്.”
ഭരണഭാഷയായി മലയാളത്തെ സ്ഥാപിച്ചെടുക്കാനുള്ള ഇവരുടെ ആലോചനകൾ അങ്ങനെ അതിന്റെ ആദ്യഘട്ടം പിന്നിട്ടു. തുടർന്നാണ് 1983-ലെ നിയമസഭാപ്രതിഷേധം നടന്നത്. എന്നാൽ ഇതിനു മുമ്പ് മറ്റു ചില സമരപരിപാടികളും ആസൂത്രണം ചെയ്തിരുന്നതായി പി.എൻ. നെടുവേലി പറയുന്നു. കേരള-കേന്ദ്ര സർക്കാരുകളുടെ ബോർഡുകൾ ഇംഗ്ലീഷിൽ മാത്രം എഴുതിയിരുന്നതിൽ പ്രതിഷേധിച്ച് പ്രസ്തുത ബോർഡുകളിൽ താറടിക്കുന്ന ഒരു സാഹസിക സമരപരിപാടിയായിരുന്നു ഇതിൽ പ്രധാനം. മലയാളഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഒരു പ്രദേശത്തെ ഒരു ഭരണസ്ഥാപനത്തിൽ കാണുന്ന ഇംഗ്ലീഷിൽ മാത്രമുള്ള ചൂണ്ടുപലകകൾ എന്താണ് അവിടുത്തെ ജനതയോട് പറയാതെ പറയുന്നത്? അധികാരത്തിന്റെ ഭാഷയായി ദൃശ്യത നേടാൻ കഴിവില്ലാത്ത ഒരു ഭാഷയാണ് നിങ്ങൾ ദിവസേന ഉപയോഗിക്കുന്നത് എന്നാണ്. ഈ ദൃശ്യതാപ്രശ്നം ഭാഷയിൽ മാത്രം ഒതുങ്ങുന്നില്ല. ഭരണസംവിധാനങ്ങൾക്കു മുന്നിൽ ചിലരെ അദൃശ്യരാക്കുന്ന അധികാരത്തിന്റെ ബലതന്ത്രം കൂടിയാണത്. ഈ പ്രശ്നത്തിൽ ചെന്നു തൊടുന്ന ഒരു തലം ഈ സമരത്തിനുണ്ടെന്നു കാണാം. പിന്നീട് ഭരണസംവിധാനങ്ങളുടെ എല്ലാ ബോർഡുകളും മലയാളത്തിൽ കൂടി വേണമെന്ന ഉത്തരവ് വന്നു. ആ ഉത്തരവിന് ഒരു കാരണം ഞങ്ങളുടെ സമരമാകാം എന്ന അവകാശവാദമൊന്നും താറടിച്ച് സമരം ചെയ്തവർ ഉന്നയിച്ചു വന്നില്ല. ഭരണകൂടത്തിന്റെ ഇംഗ്ലീഷ് ഭ്രമത്തെ, സ്വയം കുറ്റവാളികളായി മാറിക്കൊണ്ട് തിരുത്താൻ ശ്രമിച്ചവരെ ഈ ഉത്തരവിറക്കിയപ്പോൾ ഒരു സർക്കാരും ഓർത്തെടുത്തതുമില്ല. പ്രതിഷേധങ്ങളുടെ എഴുതപ്പെടാത്ത ചരിത്രത്തിൽ ഇതൊക്കെ മറഞ്ഞുപോയി.
“സമരത്തിന്റെ ആദ്യത്തെ പ്രധാന പരിപാടിയായി താറടിക്കൽ തീരുമാനിച്ചു. ഇംഗ്ലീഷ് ബോർഡുകൾക്ക് മാത്രം അടിക്കാൻ, കഴിയുന്നിടത്തോളം സ്വകാര്യ ബോർഡുകൾ ഒഴിവാക്കാനും.കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും സർക്കാർ ബോർഡുകളിൽ താറടിച്ച് പ്രതിഷേധം രേഖപ്പെടുത്തുക എന്നാണ് കരുതിയത്. വികൃതമാക്കുക എന്നായിരുന്നില്ല ഉദ്ദേശം. എന്നാലും അത് വികൃതമാകും. അങ്ങനെ സമരത്തിന് ഒരു രൂപമായി. ആദ്യത്തെ സമരം മാവേലിക്കര കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ.കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി. പി. പൊന്നൻ ആയിരുന്നു അന്ന് താറടിച്ചത്. ഞങ്ങൾ താഴെ പുറത്ത് നിന്നു. പെട്ടെന്ന് പോലീസ് കേറി വന്ന് പൊന്നനെ കൊണ്ടു പോയി.
സാധാരണ ഗതിയിൽ കൊണ്ടു പോയാൽ രേഖപ്പെടുത്തി വിടുക എന്നാണ്. പക്ഷേ, അകത്ത് ചെന്നതിന് ശേഷം പൊന്നന്റെ ഒരു കണ്ണ് അടിച്ച് കലങ്ങിപ്പോയി. റിപ്പോർട്ടൊക്കെ എഴുതുവാണെന്ന് പറഞ്ഞു. സമയം 12.30 മണിയൊക്കെ കഴിഞ്ഞു. വിട്ടില്ല. ആള് കുറവാണ് അന്ന്. പിന്നെ മാന്നാറു നിന്നും ഇവിടുന്നും മുതുകുളത്തു നിന്നും, ആൾക്കാരെയൊക്കെ സംഘടിപ്പിച്ച് അവിടെ ചെന്നപ്പോ 1.30 മണിയായി. പോലീസ് വിടില്ലെന്ന് പറഞ്ഞു.ആ സമയത്ത് ഞാൻ സ്റ്റേഷന് മുന്നിൽ കെട്ടിയിരുന്ന വലിയ മണി – അപായസമയത്ത് അടിക്കാനുള്ളത് കൂട്ടബെല്ലടിച്ചു.പോലീസ് ഒക്കെ ഉണർന്ന് ആകെ പ്രശ്നമായി. അന്നെന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ചേട്ടനായിരുന്നു എസ് ഐ. അദ്ദേഹവും വന്നു. ബേബിയെന്നാണ് എന്നെ വീട്ടിൽ വിളിക്കുന്നത്. എന്താ ബേബി എന്നാ പ്രശ്നം എന്ന്. ഞാൻ കാര്യം പറഞ്ഞു. ഇതിനാണോ ബെല്ലടിച്ചേ എന്താ കാണിച്ചേ എന്നറിയാമോ എന്ന് ചോദിച്ചു.ഞാൻ പറഞ്ഞു. എന്നെക്കൂടി പിടിച്ച് അകത്തിടാൻ. അന്നൊക്കെ പത്തിരുപത്തിമൂന്ന് വയസ്സിന്റെ അഹങ്കാരവും ഒക്കെ ഉണ്ട്.അത് വേണ്ട, പരിഹരിക്കാം എന്ന് സമാധാന വാക്കൊക്കെ പറഞ്ഞു. പൊന്നനെ ഗവ. ഹോസ്പിറ്റലിൽ കൊണ്ടുപോയി. ജാമ്യമെടുക്കാൻ പിറ്റേ ദിവസം ആള് കോടതിയിൽ ചെന്നപ്പോ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റെക്കോർഡ് ഇല്ല.പിന്നെ ജാമ്യം പ്രശ്നം വന്നില്ല. അതിന്റടുത്ത ദിവസം ഞങ്ങളൊരു പ്രതിഷേധ മീറ്റിംഗ് വച്ചു. നമ്പാടൻ മാഷ് വന്നു. മാവേലിക്കര എം.എൽ.എയായ ഗോവിന്ദക്കുറുപ്പ് വന്നു. മീറ്റിംഗ് ഗംഭീരമായി. ആവേശത്തിൽ നടത്തിയ പ്രസംഗം കേസായെങ്കിലും ആളുകളൊക്കെ അറിഞ്ഞു ഞങ്ങളുടെ സമരം മോശമല്ലെന്ന്. ഈ കേസുകളൊക്കെ അതിന്റെ വഴിക്ക് നടന്നു.
മാവേലിക്കര സമരത്തിനു ശേഷം നിയമസഭയിൽ സമരം ചെയ്യാൻ തീരുമാനിച്ചു.അത് വളരെ രഹസ്യമായി ചെയ്യാൻ നമ്പാടൻ മാഷ് എന്നെ ചുമതലപ്പെടുത്തി.പി പി പൊന്നനും കൂടെ ഉണ്ടായിരുന്നു. ചിലർ നിയമസഭയിലെ പ്രശ്നങ്ങൾ ഓർത്ത് പിന്മാറി. പകരം തിരുവനന്തപുരത്തു നിന്ന് ഹരികുമാര്‍ പങ്കെടുത്തു. കൊല്ലത്തുനിന്നുള്ള കുമ്പളം സോളമൻ സജീവമായിട്ടുണ്ടായിരുന്നു. കായംകുളത്തുനിന്നുള്ള സോമൻ വേളാഞ്ചിറയും പാലായിൽ നിന്ന് തോമസ് സി. ചിലമ്പിക്കുന്നേലും ഉണ്ടായിരുന്നു. ചിലമ്പിക്കുന്നേൽ, നമ്പാടൻ മാഷിന്റെ അസിസ്റ്റന്റായി കൂടെ ഉണ്ടായിരുന്ന ആളായിരുന്നു. നിയമസഭയ്ക്കകത്തേയ്ക്ക് പാസ് വേണം. ഒരാൾക്ക് രണ്ട് പാസ് ഉണ്ട്. അന്ന് ഭരണകക്ഷിയിൽ പെട്ട രമേശ് ചെന്നിത്തല, കൊടകരയിൽ നിന്നുള്ള സി ജെ ജനാർദ്ദനൻ മുതലായവരുടെ പാസും കൊണ്ടാണ് പോയത്. നിയമസഭാ ഗാലറിയിൽ നിന്ന് ഭരണഭാഷ മലയാളമാക്കുക എന്ന് മുദ്രാവാക്യം വിളിച്ചു. ആദ്യത്തെ വിളിയോടെ സുരക്ഷാഭടന്മാര് വന്ന് എല്ലാവരുടെയും വായ പൊത്തി വരിഞ്ഞു പിടിച്ചു. വായ പൊത്തിയിട്ടും കുമ്പളം സോളമന് ഒരു തവണ കൂടി മുദ്രാവാക്യം വിളിച്ചു. പാസ് പരിശോധിച്ച് പിന്നീട് സ്പീക്കർ ഭരണകക്ഷിയെയും വിമർശിച്ചു. നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഇവിടുണ്ട്.അവരുവഴി വിഷയം അവതരിപ്പിക്കാമായിരുന്നു എന്നൊക്കെ ഞങ്ങളെയും. അങ്ങനെ ഇരുപത്തിയെട്ട് വരെ ശിക്ഷയിലായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായനാർ ഇടപെട്ട് പത്തു ദിവസമാക്കി ശിക്ഷ കുറച്ചു.ഞങ്ങള്‍ ജയിലിൽ കിടക്കുമ്പോ തന്നെ പത്താം തീയതി ഇംഗ്ലീഷിലുള്ള ബില്ലുകൾ നമ്പാടൻ മാഷ് നിയമസഭയിൽ വച്ച് കത്തിച്ചു. ഇന്ത്യയിൽ തന്നെ ആദ്യമായിരുന്നു.അത് വലിയ കേസൊന്നും ആയില്ല. എങ്കിലും ജയിലിൽ കിടക്കുന്ന ഞങ്ങൾക്ക് ഇത് വലിയ ഉത്സാഹമായി. ജയിൽവാസം കഴിഞ്ഞ് പതിമൂന്നാം തീയതി പുറത്തിറങ്ങിയ ഞങ്ങളെ സ്വീകരിക്കാൻ ട്രിവാൻഡ്രം ഹോട്ടലിൽ വച്ച് പി എൻ പണിക്കർ സാർ, ജോർജ് ഓണക്കൂറ്, തുടങ്ങിയ ആളുകൾ എത്തുകയും സ്വീകരിക്കുകയും ചെയ്തു. സമരം കുറച്ച് കൂടി വ്യാപകമാക്കണമെന്ന് നിർദ്ദേശിച്ചു.
നിയമസഭയിൽ നിന്ന് ഗോവിന്ദക്കുറുപ്പ് നൽകിയ രാഷ്ട്രീയ പിന്തുണ ഓർമ്മിക്കുന്നു. അദ്ദേഹം ഒരു നാടകനടനും കലാകാരനുമൊക്കെയായിരുന്നു. ഇ.കെ.നായനാർ കാണിച്ച വാത്സല്യവും സ്നേഹവും ആണ് എപ്പോഴും ഓർമ്മിക്കുന്നത്. 28 വരെയാണ് ആദ്യം ശിക്ഷ പറഞ്ഞിരുന്നത്. പരീക്ഷയൊക്കെ അടുത്തിരുന്നു. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടാണ് ശിക്ഷ ഇളവ് ചെയ്തത്. ഇറങ്ങിക്കഴിഞ്ഞ് അദ്ദേഹം വ്യക്തിപരമായി സംസാരിച്ചിരുന്നു.”എടാ നീ കൊച്ച് ചെറുക്കനല്ലേ. പത്ത് ദിവസം വരെ അകത്ത് കിടന്നില്ലേ. നീ നാളെ ജനങ്ങൾക്കിടയിൽ നേതാവാകേണ്ടവനാണ്. വലിയ കാര്യത്തിനല്ലേ, നീ കൊച്ചു കാര്യത്തിനല്ല ജയിലിൽ കിടന്നത്. ആരും ചെയ്യാത്ത കാര്യങ്ങളാണ് നീ ചെയ്തത്, നിനക്ക് ധൈര്യമായി മുന്നോട്ട് പോകാം.” അങ്ങനെ ഭാഷാ സമരവുമായി ബന്ധപ്പെട്ട് ആ കാര്യത്തെ മനസ്സിലാക്കിയാണ് അദ്ദേഹം സംസാരിച്ചത്.
പിന്നീട് താറടിക്കൽ സമരം സംസ്ഥാന വ്യാപകമായി നടത്തി. പോലീസ് കൺട്രോൾ റൂമിന്റെ ബോര്‍ഡ് താറടിക്കൽ ഒരു വെല്ലുവിളിയായിരുന്നു.കാരണം 24 മണിക്കൂറും നിരീക്ഷണത്തിനാളുണ്ടല്ലോ.. അവിടെ നിന്ന പോലീസുകാര്‍ ചായകുടിക്കാൻ പോയ തക്കത്തിനാണ് താറടിച്ചത്. പക്ഷേ, അത് ഗുരുതരമായി. ആകെ മണ്ണെണ്ണ കൂടി വൃത്തികേടായി. ആ പോലീസുകാർക്കെതിരെയും നടപടിയുണ്ടായി. പിന്നെ, നമ്പാടൻ മാഷ് പറഞ്ഞ് കരുണാകരൻ നടപടി പിൻവലിച്ചു… പിന്നെ ഓർക്കുന്ന മറ്റൊരു സംഭവം ശാസ്തമംഗലം ഡിവിഷനിൽ റേഷൻ കടയ്ക്ക് താറടിക്കാൻ പോയതും കഴിഞ്ഞ ഉടൻ അഞ്ചാറു പേർ ഞങ്ങളെ പിടിച്ച് ഞങ്ങളെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചതും അവസാനം കട്ടൻ ചായയൊക്കെ തന്നതുമാണ്.അങ്ങനെ ദേഷ്യം തോന്നേണ്ടവർ പോലും മാന്യമായി പെരുമാറുകയും മറ്റും ചെയ്ത സന്ദർഭങ്ങളും ഉണ്ട്.”
വ്യത്യസ്തമായ സമരരീതികളിലൂടെ സമരം വീണ്ടും തുടർന്നു. 1983 ലെ തിരുവോണ ദിവസം അന്നത്തെ മുഖ്യമന്ത്രിയായ കെ.കരുണാകരന്റെ വസതിക്കു മുന്നിൽ ഒരു പ്രതിഷേധപ്രകടനം നടന്നു. നെടുവേലിയടക്കം പതിനൊന്നു പേരായിരുന്നു പ്രതിഷേധക്കാർ. മലയാളം മലയാളിക്ക് , സ്വന്തം മലയാളത്തിന് അംഗീകാരം വേണം എന്നീ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ തിരുവോണനാൾ ഉപവാസമിരിക്കാനായിരുന്നു നീക്കം. ഉച്ചയോടെ എത്തിയ പോലീസ് സമരക്കാരെ ജീപ്പിൽ കയറ്റി. ഉപവാസക്കാരെ ആളോ വാഹനമോ ഇല്ലാത്ത പൂന്തുറ കടൽത്തീരത്തിറക്കിവിട്ടു. [2]
സമരം നിയമസഭയ്ക്കു പുറത്തേക്ക്
നിയമസഭയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിലൂടെ മലയാളം ഭരണഭാഷയായി നടപ്പാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം ജനശ്രദ്ധയിലെത്തി. എന്നാൽ, രാഷ്ട്രീയ നാടകമായി ഈ പ്രതിഷേധത്തെ അവസാനിപ്പിക്കാൻ ഇവർ ഒരുക്കമായിരുന്നില്ല. കേരള സംസ്ഥാനം രൂപപ്പെട്ടതു മുതൽ മലയാളം ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നുണ്ട്. അവയൊന്നും ഇക്കാലമത്രയും നടപ്പിലാവാത്തതിനു പിന്നിൽ പൊതുവായ സാമൂഹിക മുന്നേറ്റത്തിന്റെ അഭാവമാണെന്ന് അക്കാലത്ത് ഈ സമരം നടത്തിയവർ തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായാണ് ബോധവൽക്കരണത്തിന് ‘ഭരണഭാഷാ സൈക്കിൾ റാലി’ എന്ന ആശയം ഇവർ സ്വീകരിക്കുന്നത്.
“സുകുമാർ അഴീക്കോട് എഴുതിത്തന്ന ലേഖനം അച്ചടിച്ച് ഒരു രൂപയ്ക്ക് വിറ്റാണ് 1983 നവംബർ മാസം പതിനഞ്ചാം തീയതി മുതൽ തുടങ്ങിയ സൈക്കിൾ റാലിയ്ക്ക് വേണ്ട ചിലവ് കണ്ടെത്തിയത്. ഈ സമരവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുമ്പോ ധാരാളം പരിഹാസങ്ങളും മറ്റും കേൾക്കേണ്ടിവന്നിട്ടുണ്ട്. പ്രത്യേകിച്ച് നമ്പാടൻ കാലുമാറിയെന്നൊക്കെ പറഞ്ഞുംമറ്റും… പല പത്രങ്ങളും വ്യവസായ താൽപ്പര്യങ്ങളോടെ എതിർക്കുകയും ചെയ്തെങ്കിലും അടിസ്ഥാനപരമായി ഒരുപാട് പേര് നമ്മോട് സഹകരിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു.
സൈക്കിൾ റാലി എന്നൊരു ആശയം വന്നപ്പോ നമ്പാടൻ മാഷ് അത് സംഘടിപ്പിക്കാൻ എന്നെ ഏൽപ്പിച്ചു.കാര്യങ്ങൾ വ്യക്തതയോടെ കാര്യ കാരണ സഹിതം പറഞ്ഞാൽ പഠിച്ച് അംഗീകരിക്കുന്ന ഒരാളായിരുന്നു മാഷ്.നവംബറിൽ നടത്താമെന്ന എന്റെ നിർദ്ദേശം അദ്ദേഹം അംഗീകരിച്ചു. പാറശാലയിൽ നിന്നാണ് റാലി തുടങ്ങാമെന്ന് തീരുമാനിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. പാറശാല ഞങ്ങൾ ഉദ്ഘാടനത്തിന് കണ്ടെത്തിയ സ്ഥലത്ത് ഭരണകക്ഷി മീറ്റിംഗ് അതേ സമയത്ത് സംഘടിപ്പിച്ചു. സ്ഥലമില്ല. വാശിയുടെ കാര്യത്തിൽ നമ്പാടൻ മാഷ് ഒട്ടും മോശമല്ല. എന്നോട് ചോദിച്ചു. എന്താ ചെയ്യേണ്ടത് എന്ന്. ഞാൻ പറഞ്ഞു. സൈക്കിളിന്റെ ക്യാരിയറിൽ നിന്ന് ഉദ്ഘാടനം ചെയ്യണമെന്ന്. അവിടെ നിന്നായിരുന്നു സമരത്തിന്റെ തുടക്കവും ആവേശവും.സാധാരണ എല്ലാ റാലികളും യാത്രകളും വടക്ക് നിന്ന് തെക്കോട്ട് വന്ന് സെക്രട്ടറിയേറ്റിലാണ് അവസാനിക്കുന്നത്.ഇവിടെ തിരിച്ചും. പത്രക്കാരും ഇത് ചോദിച്ചു. അതിനും നമ്പാടൻ മാഷിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. നമുക്ക് സെക്രട്ടറിയേറ്റിൽ നിന്ന് ഒന്നും സാധിക്കാനില്ല. ജനങ്ങളുമായി പറഞ്ഞ് ജനങ്ങളെ ബോധവത്ക്കരിച്ച് അവരുടെ ഭാഗത്തു നിന്നും ഒരു ജനകീയ മുന്നേറ്റം ഉണ്ടായാൽ മാത്രമേ ഇത് മാറൂ.കാരണം മലയാളികളെല്ലാം, ഇവിടെ ഇരിക്കുന്നവരെല്ലാം ഇപ്പോഴും ബ്രിട്ടീഷുകാരാണ്. ഇങ്ങനെ പ്രചോദനം അവിടെ നിന്ന് കിട്ടി”.
അന്ന് സോഷ്യലിസ്റ്റ് കേരള കോൺഗ്രസിന്റെ ചെയർമാനായിരുന്ന ലോനപ്പൻ നമ്പാടൻ ഭരണഭാഷാ സൈക്കിൾ റാലി എന്ന ആശയം വിശദീകരിച്ചുകൊണ്ട് ഒരു പത്ര സമ്മേളനം നടത്തി. നിയമസഭയിൽ മലയാളത്തിൽക്കൂടി ബില്ലുകൾ തരുന്നില്ലെങ്കിൽ അത്തരം ബില്ലുകളെല്ലാം കത്തിക്കുമെന്നും എന്നാലിത്തവണ തീപ്പെട്ടിക്കൊള്ളിയായിരിക്കില്ല അതിനായുപയോഗിക്കുന്നത് എന്നും പറഞ്ഞു. പന്തം കൊണ്ട് കത്തിക്കും,ബില്ലുകളോടൊപ്പം മറ്റുപലതും എരിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു[3]. മുൻപ്, നിയമസഭയിൽ ഇംഗ്ലീഷിലുള്ള ബില്ലുകൾ കത്തിച്ചു പ്രതിഷേധിച്ചതിന്റെ തുടർപരിപാടികളെക്കുറിച്ചാണ് ലോനപ്പൻ നമ്പാടൻ സംസാരിച്ചത്. നിയമസഭയിൽ നടത്തിയ രാഷ്ട്രീയപ്രക്ഷോഭത്തെയും സൈക്കിൾ റാലിയിലൂടെ ലക്ഷ്യം വെക്കുന്ന ജനകീയ ബോധവൽക്കരണത്തെയും ഒന്നിപ്പിക്കുന്ന സമരപരിപാടി ഇവിടെയുണ്ട്.
“ആദ്യത്തെ കുറച്ച് ദിവസം നന്നായി ബുദ്ധിമുട്ടി. ഇരുപത്തഞ്ച് മുപ്പത് കിലോമീറ്റർ വരികയും നാലഞ്ച് കിലോമീറ്റർ കൂടുമ്പോ സംസാരിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും മൈക്കും മറ്റ് സാമഗ്രികളും സൈക്കിളിൽ തന്നെ കൊണ്ടുവരികയും ഒക്കെ ചെയ്യേണ്ടി വന്നു. ആറ്റിങ്ങൽ എത്തുമ്പോഴേയ്ക്കും വെയിൽ കൊണ്ട് സൈക്കിൾ ചവിട്ടി തോമസ് ചിലമ്പിക്കുന്നേലിന് ആകെ വയ്യാതായി, ആശുപത്രിയിൽ ചെന്നപ്പോ മഞ്ഞപ്പിത്തമാണ്. യാത്ര മാറ്റിവയ്ക്കാനും വയ്യാ. കൃത്യസമയത്ത് ഓരോ സ്ഥലത്തും ചെല്ലേണ്ടതുണ്ട്.കൂലിയ്ക്ക് ഒരാളെ എടുത്തു. അത്തരത്തിൽ പ്രായോഗികമായിത്തന്നെ ബുദ്ധിമുട്ടുകളുണ്ടായി. കൊല്ലം, ആലപ്പുഴ, കഴിഞ്ഞ് എറണാകുളം അങ്കമാലി ഭാഗത്ത് എത്തിയപ്പോ കടുത്ത എതിർപ്പും പരിപാടി നടത്താൻ ബുദ്ധിമുട്ടും ഉണ്ടായി.നമ്പാടന് എതിരെയുളള പ്രതിഷേധമായിരുന്നു ചില കോൺഗ്രസ് പ്രവർത്തകരുടേത്.വീക്ഷണം പത്രത്തിലൊക്കെ പ്രതികൂലമായി വാർത്ത വന്നു. എന്നാൽ വൈക്കം വഴിയാണ് പോയത്. അവിടെ ഒരു ഹോട്ടലുകാരൻ പത്താൾക്കും സൗജന്യമായി ഭക്ഷണം തന്നു.”എന്റെ കുഞ്ഞേ പഠിക്കാൻ ഭേദമായിരുന്നു.എന്നാലും മാർഗ്ഗമില്ലായിരുന്നു. അഞ്ചിൽ വച്ച് പഠിത്തം നിർത്തിപ്പോയി. നിങ്ങള്‍ പറയുന്നത് ശരിയാ. എല്ലാം ഇംഗ്ലീഷിലാ ഇപ്പോ വരുന്നത്” എന്നൊക്കെ പറഞ്ഞ് സന്തോഷത്തോടെ യാത്രയാക്കി. ഇത് കൂടാതെ ചങ്ങനാശ്ശേരിയിലും മറ്റും അധ്യാപകരുടെ സഹകരണത്തോടെ കോളേജു വിദ്യാർത്ഥികളോട് സംസാരിച്ചു.തൃശ്ശൂര്‍ കവി വൈലോപ്പിള്ളി ഞങ്ങളെ സ്വീകരിക്കുകയും പ്രശംസിക്കുകയും ചെയ്തത് വലിയ അനുഭവമാണ്. പലയിടങ്ങളിലും പല തരത്തിൽ അനുഭവമുണ്ടായി.മലപ്പുറത്ത്, നമ്പാടനോടുള്ള രാഷ്ട്രീയ എതിർപ്പിൽ ലഘുലേഖ വലിച്ചുകീറി നശിപ്പിക്കുകയും മറ്റും ഉണ്ടായി.ഒരധ്യാപകനാണ് ആളുകളോട് സംസാരിച്ച് അവിടെ നിന്ന് രക്ഷപ്പെടുത്തിയത്. പല തരത്തിൽ ആളുകൾ സഹായിക്കുകയും ചെയ്തു.കോഴിക്കോട് സുകുമാർ അഴീക്കോടൊക്കെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. ഒടുവിൽ കണ്ണൂരൊക്കെ എത്തുമ്പോഴേയ്ക്കും ആകെ മടുത്തിരുന്നു. അവസാനം ഒരു ഹോട്ടലിൽ കയറി. പൈസ തികഞ്ഞില്ല. കെ.ജെ.സെബാസ്റ്റ്യൻ സാർ പൈസ കൊണ്ടുവരാനായിപ്പോയി. കടയുടെ ഉടമസ്ഥൻ നന്നായി ഇടപെട്ടു എങ്കിലും പൈസ 168 രൂപയോളം ആയിരുന്നു.അത് കൊടുക്കാതെ പോരാൻ പറ്റാത്ത അവസ്ഥ. മൂന്ന് മണിയോടെയാണ് അവിടെ നിന്ന് പോന്നത്. സമാപന സമ്മേളനത്തിലാണ് ആകെ പ്രശ്നമായത്. മൈക്ക് എടുത്തു. വിശിഷ്ടാതിഥികൾക്ക് വെള്ളം മേടിക്കാൻ പോലും പൈസ ഇല്ല. ഞങ്ങൾക്ക് 6.30 തിന് തിരിച്ച് പോരണം.സ്വാഗതം പറഞ്ഞിട്ട് ഞങ്ങൾ പോരേണ്ടി വന്നു. എല്ലാം കഴിഞ്ഞ് വിശിഷ്ടാതിഥികളോട് ആണ് മൈക്കുകാരൻ പൈസ ചോദിച്ചത്. വേറെ വഴിയില്ലായിരുന്നു.”
കേരളത്തിലെ ഭാഷാ സമരങ്ങളുടെ ചരിത്രത്തിൽ എങ്ങനെയാണ് പി.എൻ നെടുവേലിയും സംഘവും നടത്തിയ സമരപരിപാടികൾ സ്ഥാനപ്പെടുന്നത്? മാതൃഭാഷാവിഷയത്തിൽ നടത്തുന്ന സമരങ്ങളും മുന്നേറ്റങ്ങളുമെല്ലാം തുടര്‍ച്ചയില്ലാതെ പോവുന്നത് നമുക്കു കാണാം. ഇത്തരം സമരങ്ങളെ നിര്‍വീര്യമാക്കുന്ന അധികാരശക്തികൾ ഇതിനു സമാന്തരമായി പ്രവര്‍ത്തിക്കുന്നു. 1957 ൽ കേരളത്തിന്റെ ഭരണഭാഷ മലയാളത്തിലാക്കാൻ സർക്കാർ നിയമിച്ച കോമാട്ടിൽ അച്യുതമേനോൻ കമ്മീഷന്റെ നിര്‍ദ്ദേശങ്ങൾ മുതൽ ഏറ്റവും സമകാലികമായ ഉത്തരവുകൾ വരെ ഇന്നും പാതിവഴിയിലാണ്. 1983 ലെ ഇവരുടെ സമരത്തിനും കാര്യമായ തുടര്‍ചലനങ്ങളുണ്ടായില്ല. പുറത്തുനിന്നുള്ള പിന്തുണ ക്രമേണ കുറഞ്ഞുവന്നതും മാറിയ ജീവിതസാഹചര്യങ്ങളും സജീവമായ ഭാഷാസമരങ്ങളിൽ നിന്നു പിന്തിരിയാൻ തങ്ങളെ നിര്‍ബന്ധിതരാക്കിയെന്ന് പി.എൻ. നെടുവേലി കൂട്ടിച്ചേര്‍ക്കുന്നു. പക്ഷേ, കേരളത്തിലെ ഭാഷാ സമരങ്ങളുടെ തീക്ഷ്ണമായ ഒരദ്ധ്യായമാണ് ഇവര്‍ നമുക്കു മുന്നിൽ തുറന്നുവെക്കുന്നത്. യൗവനത്തിന്റെ എടുത്തുചാട്ടമായി അന്ന് പലരും തങ്ങളുടെ സമരത്തെ വിലയിരുത്തിയെന്ന് നെടുവേലി സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, അന്ന് മുന്നോട്ടുവെച്ച ആശയം ഇന്നും തെളിച്ചത്തോടെ അദ്ദേഹം വിശദീകരിക്കുന്നു.
“ഞാൻ കാർഷിക മേഖലയിൽ നിന്നുള്ള ആളാണ്. അക്കാലത്ത് കെ.എം.മാണി കർഷകത്തൊഴിലാളികൾക്ക് 50 രൂപ പെൻഷൻ അനുവദിച്ചു. അപ്പോ അതിന്റെ അറിയിപ്പുമായിട്ട് ഒരാൾ ഇവിടെ വന്നു. കർഷകത്തൊഴിലാളിയായ ആളാണ്. അപ്പോ അതിനകത്ത് എഴുതിയിരിക്കുന്നത് Agricultural pension is sanctioned to ……ആളിന്റെ പേരും. അന്ന് കർഷകത്തൊഴിലാളി പെൻഷനെപ്പറ്റി എല്ലാവര്ക്കും അറിയില്ല. ഇങ്ങനെയൊരു നോട്ടീസ് ഇംഗ്ലീഷിൽ വന്നപ്പോ സ്വാഭാവികമായും കോടതിയിൽ നിന്നാണെന്ന് കരുതി പേടിച്ചു.വക്കീലിന്റെ അടുത്ത് പോകാൻ പൈസയും ഇല്ല. അങ്ങനെയാണ് എന്റെയടുക്കൽ വരുന്നത്. അതന്ന് മനസ്സിൻ കേറിയതാണ്.ഇത് മലയാളത്തിൽ അടിച്ചു കൊടുത്തിരുന്നെങ്കിൽ അയാൾക്ക്-പണ്ട് നാലാം ക്ലാസ് പഠിച്ചയാൾക്കും നന്നായി മലയാളം അറിയാം-വായിക്കാമായിരുന്നു. അന്നത് നിർദ്ദേശമായി വയ്ക്കുകയും മാണിസാർ ഉൾപ്പടെയുള്ളവർക്ക് കത്തയയ്ക്കുകയും ചെയ്തെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. മാറ്റം ഉൾക്കൊള്ളാൻ ഡിപ്പാർട്ട്മെന്റിലെ പലർക്കും ഇഷ്ടമല്ലെങ്കിലും പറയുന്നത് ഉൾക്കൊണ്ട് മനസ്സിലാക്കി പ്രവർത്തിച്ച ഉദ്യോഗസ്ഥരുമുണ്ട്. ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാറിനെ ഓർമ്മിക്കുന്നു. മറ്റൊന്ന് എഴുത്തുകാരനായ എൻ.പി.ചെല്ലപ്പൻനായരോട് ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷമാണ്.ഇങ്ങനെ വിചാരിക്കാത്തിടത്തു നിന്ന് വലിയ പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് പറയാനുള്ള വിഷയങ്ങൾ അവർക്ക് പറയാനുള്ള ഭാഷയിൽ പറയാനും എഴുതാനും പറ്റണം. കോടതിയിൽ വക്കീലില്ലാതെ ഒരു സാധാരണക്കാരന് ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ മനസ്സിൽ കാർഷിക മേഖലയും കർഷകത്തൊഴിലാളികളുമാണ് ഉള്ളത്.ഈ വില്ലേജിൽ തന്നെ 1800 ഏക്കറോളം പുഞ്ചയാണ്. അതിനോട് ചേർന്ന് ജീവിക്കുന്ന സാധാരണ ആൾക്കാരാണ്. അവർക്ക് ഒരു വിഷയം ഉണ്ടാകുമ്പോ കോടതിയിലോ, പോലീസ് സ്റ്റേഷനിനോ പോകാൻ പേടിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം.”
(26.10.2024 പി.എൻ. നെടുവേലിയുമായി നടത്തിയ അഭിമുഖത്തിന്റെ ഭാഗമായി തയ്യാറാക്കിയത്)
———————————-
മിഷൽ മരിയ ജോൺസൺ, നിസ്തുൽ രാജ്
ഫോട്ടോ : സജു കോച്ചേരി
[1] മലയാളത്തിന്റെ ഭരണഭാഷാപദവിയുടെ ചരിത്രവഴികൾക്ക് കാണുക. ഭരണഭാഷ ചരിത്രവും വര്‍ത്തമാനവും, സുബൈര്‍ അരിക്കുളം, https://malayalaaikyavedi.in/essays/bharanabhasha-charithravum-varthamanavum/
[2] മലയാളത്തിനായി ഒരു പോരാളി, സനിൽ രാഘവൻ, കേരളഭൂഷണം വീക്കെൻഡ് പതിപ്പ്, 2013 മാർച്ച് 24 ഞായർ
[3] കേരളകൗമുദി പത്രം, 1983 നവംബർ 17 വ്യാഴം, പുറം.5