വി വിനോദ്
ലോകം മുഴുവൻ ഇംഗ്ലീഷിനു പിന്നാലെ സഞ്ചരിക്കുന്നു എന്ന വായ്താരിയാണ് എങ്ങുനിന്നും കേള്‍ക്കുന്നത്. ഇംഗീഷ് ഇതര ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിൽ ഈ പ്രവണത ശക്തമാകുന്നതായി റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള തുടർപഠന സാധ്യതകൾ, മികച്ച ജോലി, വേതനം, ലോകത്തെവിടെയുമുള്ളവരുമായി ആശയവിനിമയം നടത്താനുള്ള കഴിവ്, സമൂഹത്തിൽ ലഭിക്കുന്ന അംഗീകാരം, സ്വന്തം നാടിന്റെ സാംസ്കാരിക പ്രാധാന്യം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത എന്നിവ മുതൽ വിദ്യാഭ്യാസ വിപണിയിലേക്കുള്ള പ്രവേശന സാധ്യത വരെ ഇംഗ്ലീഷ് ഭ്രമത്തിന് കാരണമായി പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ ഉള്ളപ്പോഴും മാതൃഭാഷക്ക് പകരം ഇംഗ്ലീഷ് ബോധന മാധ്യമമായി സ്വീകരിക്കുമ്പോൾ നഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചാണ് പുതിയ പഠനങ്ങൾ കൂടുതല്‍ പ്രാധാന്യത്തോടെ സൂചിപ്പിക്കുന്നത്.
ഇംഗ്ലീഷ് ബോധന മാധ്യമമായി മാറുമ്പോൾ
ഇംഗ്ലീഷ് ഇതരഭാഷകൾ സംസാരിക്കുന്ന 5 യൂറോപ്യൻ രാജ്യങ്ങളിലും 55 യൂറോപ്പ് ഇതര രാജ്യങ്ങളിലുമായി ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ‘സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഇൻ ഇംഗ്ലീഷ് മീഡിയം ഇൻസ്ട്രക്ഷൻ ‘ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസത്തെ കുറിച്ച് നടത്തിയ പഠനത്തിൽ – English as a medium of instruction-a growing global phenomenon -ഈ രണ്ട് വശങ്ങളും സൂചിപ്പിക്കുന്നുണ്ട്. എസ്റ്റോണിയ, വെനിസുല, ഇസ്രായേൽ, സെനഗൽ തുടങ്ങിയ രാജ്യങ്ങൾ ഇംഗ്ലീഷ് മാധ്യമ ബോധനത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ മറ്റെല്ലാ രാജ്യങ്ങളിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം കൈവരുന്നതായി പഠനം വ്യക്തമാക്കുന്നു. ഇംഗ്ലീഷ് ബോധന മാധ്യമമാക്കുന്നതിന് പ്രേരിപ്പിക്കുന്ന ഘടകമായി മേൽ സൂചിപ്പിച്ച കാരണങ്ങൾ തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. എന്നാൽ ചില രാജ്യങ്ങളിലെങ്കിലും ശക്തമായ എതിർപ്പുകൾ ഉയരുന്നതായും സൂചനകളുണ്ട്. അതിന് പിന്നിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നിലപാടുകൾ പ്രവർത്തിക്കുന്നതായും പഠനം പറയുന്നു. ബോധന മാധ്യമം ഇംഗ്ലീഷ് ആയി മാറുമ്പോൾ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്ന തിരിച്ചടികളെക്കുറിച്ചും പഠനം വിശദീകരിക്കുന്നു. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ അഭാവം, നിലവിലുള്ള അധ്യാപകരുടെ ഇംഗ്ലീഷ് ഭാഷയിലെ സ്വാധീനക്കുറവ്, വിദ്യാർത്ഥികൾ ആശയം സ്വാംശീകരിക്കുന്നതിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ, വിവിധ സങ്കല്പനങ്ങൾ (concepts) ആഴത്തിൽ ബോധ്യപ്പെടുന്നതിൽ സംഭവിക്കുന്ന ഇടിവ്, അതിന്റെ ഭാഗമായി ശാസ്ത്രം, ഗണിതം മറ്റ് മാനവിക വിഷയങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന നിലവാരക്കുറവ് എന്നിവ പ്രധാന പ്രശ്നങ്ങളായി പഠനം സൂചിപ്പിക്കുന്നു. അതു കൊണ്ട് തന്നെ ഇംഗ്ലീഷ് ബോധന മാധ്യമമായി സ്വീകരിക്കുന്നതിന് പകരം ഇംഗ്ലീഷ് ഒരു ബന്ധഭാഷാ (Lingua franca) എന്ന നിലയിൽ പഠിപ്പിക്കുകയും അതിന് പ്രചാരം നൽകുകയുമാണ് നല്ലതെന്നും പഠനം നിർദ്ദേശിക്കുന്നു.
കേരളത്തിലെ സാഹചര്യം
കേരളത്തിലും സമാന സാഹചര്യം നിലനിൽക്കുന്നതായി അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. കേരളത്തിൽ ജീവിക്കുന്ന 96.4 ശതമാനം ആളുകളും സംസാരിക്കുന്ന ഭാഷയാണ് മലയാളം. നമ്മുടെ ജീവിത പരിസരത്തെ ഭാഷ എന്നതുകൊണ്ട് നമ്മുടെ മാതൃഭാഷയാണ് മലയാളം. കേരളത്തിലെ ഭരണഭാഷയും മലയാളം തന്നെ. സർക്കാർ ജോലി ലഭിക്കണമെങ്കിൽ മലയാളഭാഷ പഠിച്ചിരിക്കണമെന്ന് നിയമവും ഉണ്ട് .72 സര്‍ക്കാര്‍ വകുപ്പുകളിലും, 31 സ്വയംഭരണ സ്ഥാപനങ്ങളിലും, 44 പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലും മലയാളഭാഷ ഭരണഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ബോധനഭാഷ മലയാളമാണ് എന്നു പറയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പകുതിയിലേറെ കുട്ടികൾ ഇംഗ്ലീഷ് മാധ്യമത്തിൽ പഠിക്കുമ്പോൾ അങ്ങനെ പറയാനാവില്ലല്ലോ. ഇംഗ്ലീഷ് മാധ്യമത്തോടുള്ള അഭിനിവേശം വർധിച്ച് അതിന്റെ പാരമ്യത്തിലേക്ക് കുതിക്കുകയാണ് കേരളം. ഒരു കാലത്ത് അൺ എയിഡഡ് വിദ്യാലയങ്ങളായിരുന്നു ഇംഗ്ലീഷ് മാധ്യമ ബോധനത്തിന്റെ പ്രധാന ഇടമെങ്കിൽ ഇന്ന് പൊതുവിദ്യാലയങ്ങളിലെ സമാന്തര ഇംഗ്ലീഷ്മാധ്യമ ഡിവിഷനുകളുടെ എണ്ണം വർഷം പ്രതി വർധിക്കുകയാണ്. സാമൂഹികവും സാമ്പത്തികവുമായി ഉയർന്ന ശ്രേണികളിലുള്ളവരെല്ലാം പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകളിലേക്ക് ചേക്കേറുകയാണ്. കേരളത്തിലെ പല പ്രദേശങ്ങളിലും മലയാള മാധ്യമത്തിൽ പഠിക്കാൻ സൗകര്യമില്ലാത്ത സ്ഥിതിവിശേഷവും വന്നു ചേർന്നിരിക്കുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.
മാതൃഭാഷ ബോധന മാധ്യമം ആവുമ്പോൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ ബോധന മാധ്യമത്തിലേക്ക് ചുരുക്കുകയും യഥാർത്ഥ പ്രശ്നങ്ങൾ വിട്ടു കളയുകയും ചെയ്യുന്ന സ്ഥിതിയാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ, വിദേശത്ത് ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലുകൾ, ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോൾ നേരിടുന്ന ഭാഷാ പ്രശ്നം, ഇംഗ്ലീഷ് മധ്യമത്തിൽ പഠിച്ചാൽ ഇംഗ്ലീഷിലുള്ള സ്വാധീനം വർധിക്കും എന്ന ധാരണ തുടങ്ങി നിരവധി കാരണങ്ങളാണ് ഇംഗ്ലീഷ് മാധ്യമത്തിലേക്കുള്ള ഒഴുക്കിന്റെ നീതീകരണം. പൊതു സമൂഹത്തിന്റെ ഇത്തരം ആശങ്കകൾ ലഘൂകരിച്ചു കൊണ്ടു മാത്രമേ കേരളത്തിൽ മാതൃഭാഷ ബോധനമാധ്യമമാകേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനാകൂ.
മലയാളത്തിൽ പഠിക്കുകയും ഇംഗ്ലീഷ് നന്നായി പഠിക്കുകയും ചെയ്യുക എന്നതാണ് പരിഹാരം.
കേരളത്തിലെ സർക്കാർ തൊഴിൽമേഖലകളിൽ മലയാളത്തിൽ പഠിക്കുന്നവർക്ക് ലഭിക്കുന്ന പരിഗണന, ഉന്നത വിദ്യാഭ്യാസ മേഖലയിലും മാതൃഭാഷയിൽ പഠിക്കാൻ കഴിയുന്ന സാഹചര്യം, പ്രവേശന പരീക്ഷകളിലും, ഉദ്യോഗ പരീക്ഷകളിലും മാതൃഭാഷയിൽ ചോദ്യപേപ്പർ ലഭിക്കുന്ന രീതി, മികച്ച രീതിയിലുള്ള ഇംഗ്ലീഷ് പഠനം തുടങ്ങിയ മാറ്റങ്ങൾ പ്രൈമറി, സെക്കണ്ടറി തലങ്ങളിൽ മാതൃഭാഷ ബോധനമായി സ്വീകരിക്കുന്നതിലേക്ക് നയിക്കും എന്ന് പ്രതീക്ഷിക്കാം.
പ്രതീക്ഷകൾ പരിമിതികൾ
ഇവിടെയാണ് ബിരുദതലം വരെ യോഗ്യതയുള്ള പി.എസ്.സി പരീക്ഷകൾക്ക് മലയാളത്തിൽ കൂടി ചോദ്യങ്ങൾ നൽകാനുള്ള തീരുമാനം (ഇത്തരമൊരു തീരുമാനത്തിലെത്താൻ നിരാഹാരസമരം വേണ്ടി വന്നു എങ്കിലും), എഞ്ചിനിയറിംഗ് പഠനം മലയാളത്തിൽ കൂടി നടത്താനുള്ള അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റ അനുമതി, (കേരളം ഇതുവരേയും ഇതിനെ സ്വീകരിച്ചിട്ടില്ല), നീറ്റ്, ജെ.ഇ.ഇ.പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താനുള്ള തീരുമാനം, സംസ്ഥാനങ്ങളിൽ ഒരു മെഡിക്കൽ കോളേജിലെങ്കിലും പ്രാദേശിക ഭാഷയിൽ മെഡിക്കൽ പഠനം നടത്താനുള്ള അവസരമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നിവയുടെ പ്രസക്തി.
ഇവയെല്ലാം മാതൃഭാഷയിലുള്ള പഠനത്തിന് സാഹചര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. അതത്ര എളുപ്പമല്ല എന്ന കാര്യം മറക്കുന്നുമില്ല.
പ്രീ -പ്രൈമറി തലം മുതൽ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം വ്യാപകമാകുന്ന കേരളത്തിൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും ആരോഗ്യ വിദ്യാഭ്യാസരംഗത്തെ ബോധനം മാതൃഭാഷയിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഒരു തമാശയായി തോന്നിയേക്കാം. പക്ഷെ, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രവേശന പരീക്ഷകളും ബോധന മാധ്യമവും പ്രൈമറി, സെക്കണ്ടറി മേഖലയിലെ ബോധന മാധ്യമം മാതൃഭാഷയാകുന്നതിനുള്ള മുന്നുപാധിയായി മാറും എന്നതിനാൽ അത് ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്.
നീറ്റും പ്രാദേശിക ഭാഷകളും
മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പരീക്ഷയായ നീറ്റ് മലയാളത്തിൽ കൂടി നടത്താനുള്ള തീരുമാനം ഈ വർഷമാണ് ഉണ്ടായത്. 2016 ലാണ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ മറ്റ് 11 പ്രാദേശിക ഭാഷകളിൽക്കൂടി നീറ്റ് പരീക്ഷ നടത്താൻ ആരംഭിച്ചത്. ആസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകൾക്ക് ആണ് അന്ന് അവസരം നൽകിയത്. മലയാളത്തെ കൂടി പരിഗണിക്കണമെന്ന ആവശ്യം അന്നു മുതൽക്ക് തന്നെ ഉയരുന്നതാണ്. എന്നാൽ കേരളത്തിലെ ഹയർ സെക്കണ്ടറി മേഖലയിലെ ഔദ്യോഗിക ബോധന മാധ്യമം ഇംഗ്ലീഷ് ആയതും മലയാളത്തിൽ പാഠപുസ്തകങ്ങളില്ലാത്തതുമാണ് മലയാളത്തെ പരിഗണിക്കാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത്. 2016ൽ അധികാരത്തിൽ വന്ന സർക്കാർ ഹയർ സെക്കണ്ടറിയിലെ ശാസ്ത്ര വിഷയങ്ങൾക്ക് മലയാളത്തിൽ കൂടി പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും അവ ഓൺ ലൈനിൽ ലഭ്യമാക്കുകയും ചെയ്തു. (മലയാളത്തിൽ പാഠപുസ്തകം വരുന്നത് നിലവാരത്തകർച്ചക്ക് കാരണമാകുമെന്ന വാദമുയർത്തിയ ശാസ്ത്രാധ്യപകർ ഉണ്ടായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.) പാഠപുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മലയാളത്തിൽ കൂടി നീറ്റ് പരീക്ഷ എഴുതാനുള്ള അവസരം കൈവന്നിട്ടുള്ളത്.
2016ൽ പ്രാദേശിക ഭാഷകളിൽക്കൂടി നീറ്റ് എഴുതാൻ അവസരം നൽകിയെങ്കിലും 13 ലക്ഷം കുട്ടികൾ എഴുതുന്ന നീറ്റ് പരീക്ഷയിൽ 8 ശതമാനം പേർ മാത്രമാണ് പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതുന്നത്. ഈ കാരണത്താൽ പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനുള്ള അനുമതി തിരിച്ചെടുക്കാനുള്ള ആലോചനയും ഇടക്ക് നടക്കുകയുണ്ടായി. 2018ലെ നീറ്റ് പരീക്ഷയിൽ പ്രാദേശിക ഭാഷയിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലുണ്ടായ
കുറവ് ആണ് ഇത്തരമൊരു ചർച്ചക്ക് കാരണമായത്. 2018ലെ നീറ്റ് പരീക്ഷയിൽ പങ്കെടുത്ത 1326725 കുട്ടികളിൽ 10 ലക്ഷം കുട്ടികളും ഇംഗ്ലീഷിലാണ് പരീക്ഷ എഴുതിയത്. ഒറിയ, ബംഗാളി ഭാഷകളിലാണ് വലിയ തോതിലുള്ള കുറവുണ്ടായത്. എന്നാൽ ബംഗാളി, തമിഴ്, അസമീസ് ഭാഷകളിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം 2019 നെ അപേക്ഷിച്ച് 2020ൽ വലിയ തോതിൽ വർധിച്ചതായി കാണാം. ബംഗാളിയിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 2019 ൽ 4750 ആയിരുന്നെങ്കിൽ 2020ൽ 36593 ആയി വർധിച്ചു. തമിഴിലാവട്ടെ. 1017ൽ നിന്ന് 17101 ആയി വർധിച്ചു. ആസമീസിൽ 1796 ൽ നിന്ന് 5328 ആയി വർധിച്ചു. ഗുജറാത്തിയിൽ വലിയ വ്യത്യാസമുണ്ടായില്ല. മറ്റു ഭാഷകളിലെല്ലാം കുറവാണ് രേഖപ്പെടുത്തിയത്.( 2019 -20′ വർഷത്തെ കണക്ക് പട്ടികയായി നൽകുന്നു) ഈ വർഷം മലയാളത്തിന്റെ അനുഭവവും വ്യത്യസ്തമാകാനിടയില്ല.
എന്താണ് ഇത്തരമൊരു അവസ്ഥക്ക് കാരണം? പ്രവേശന പരീക്ഷകളുടെ സ്വഭാവം, പരിശീലന രീതി, പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന പരീശീലനമില്ലാതെ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാനാവില്ല എന്ന അവസ്ഥ, പരീക്ഷ എത് ഭാഷയിലെഴുതിയാലും പഠനം ഇംഗ്ലീഷിലാണെന്നത് ഇങ്ങനെ പല കാരണങ്ങൾ പ്രാദേശിക ഭാഷയിൽ പരീക്ഷയെഴുതുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നുണ്ടാവാം.
എന്താണ് പ്രവേശനപ്പരീക്ഷകളുടെ സ്ഥിതി?
മികച്ച പരിശീലന കേന്ദ്രങ്ങളിൽ ചേർന്ന് പഠിച്ചവർക്ക് മാത്രം ഉയർന്ന റാങ്ക് നേടാവുന്ന വിധത്തിലാണ് ഇന്നത്തെ പ്രവേശന പരീക്ഷയുടെ സ്വഭാവം. ഇത്തരം പരീക്ഷാ രീതിയിൽ കാര്യമായ മാറ്റം അനിവാര്യമാണ്. കേരളത്തിലെ പ്രവേശനപ്പരീക്ഷകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച ആർ.വി.ജി മേനോൻ കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ ഇവിടെ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. ചോദ്യബാങ്കുകളുടെ രൂപീകരണവും പ്രസിദ്ധീകരണവും, അവയെ അടിസ്ഥാനമാക്കിയുള്ള പരീക്ഷകൾ, യോഗ്യതാ പരീക്ഷയുടെ മാർക്ക് കൂടി പരിഗണിക്കാനുള്ള സാധ്യത തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ സമിതി മുന്നോട്ട് വെക്കുന്നുണ്ട്. അത്തരത്തിലുള്ള ചില മാറ്റങ്ങൾ പ്രവേശനപ്പരീക്ഷകളിൽ പരിഗണിക്കുമ്പോൾ സാധാരണക്കാരായ രക്ഷിതാക്കളുടെ കുഞ്ഞുങ്ങൾക്കും കോച്ചിങ്ങിന് പോകാതെ തന്നെ ഉയർന്ന റാങ്ക് നേടാനാകും. ചോദ്യ ബാങ്കുകൾ പ്രാദേശിക ഭാഷകളിൽ കൂടി വരുന്നതോടെ പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണവും വർധിക്കും.
മെഡിക്കൽപ്രവേശനത്തിന് ഫിൻലാൻഡ് സ്വീകരിക്കുന്ന രീതി നമുക്കും പരിഗണിക്കാവുന്നതാണ്. അവിടെ മൂന്ന് രീതികളാണ് പ്രവേശനത്തിനായി മുന്നോട്ട് വെക്കുന്നത്. പ്രവേശന പരീക്ഷ മാത്രം, പ്രവേശന പരീക്ഷയിലെ സ്കോറും യോഗ്യതാ പരീക്ഷയിലെ സ്കോറും ചേർത്ത്, യോഗ്യതാ പരീക്ഷയിലെ മാർക്ക് മാത്രം ഇതിൽ കുട്ടിക്ക് ഏത് രീതിയും തെരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള മാറ്റം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.
പ്രാദേശിക ഭാഷകളിലെ ആരോഗ്യ വിദ്യാഭ്യാസം
പ്രാദേശിക ഭാഷകളിൽക്കൂടി മെഡിക്കൽ വിദ്യാഭ്യാസം സാധ്യമാക്കുക എന്നതും ചർച്ച ചെയ്യേണ്ടതുണ്ട്. ഫിൻലാൻഡിലെ ഒരു യൂണിവേഴ്സിറ്റിയിൽ സ്വീഡിഷും മറ്റ് യൂണിവേഴ്സിറ്റികളിൽ ഫിന്നിഷുമാണ് പഠന മാധ്യമം. റഷ്യ, ചൈന, ജപ്പാൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ ബോധന മാധ്യമം പ്രാദേശിക ഭാഷകളാണെന്ന് കാണാം. ആരോഗ്യമേഖല അടക്കമുള്ള ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഏറ്റവും മികച്ച മാനവവിഭവശേഷിയെ രൂപപ്പെടുത്താൻ ഈ രാജ്യങ്ങൾക്ക് കഴിയുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഇംഗ്ലീഷ് ബോധന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഇംഗ്ലീഷ് ഇതരഭാഷകൾ ഒന്നാംഭാഷയായുള്ള രാജ്യങ്ങളിൽ നടന്ന പഠനങ്ങളിലെല്ലാം ഭാഷാവിടവ് ഒരു പ്രശ്നമായി കാണുന്നുണ്ട്. ചിന്തിക്കുന്ന ഭാഷയിൽ പഠനം സാധ്യമാകാതെ വരുന്നത് മറ്റു മേഖലകളിലെന്നതു പോലെ ആരോഗ്യരംഗത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
കേവലം രോഗചികിത്സകർ എന്നതിനപ്പുറം രോഗത്തെക്കുറിച്ചും രോഗിയെകുറിച്ചും രോഗസാധ്യതകകളെക്കുറിച്ചുമെല്ലാം ആഴത്തിൽ അറിവുനേടാനും അവയുടെ അടിസ്ഥാനത്തിൽ പുതിയ അറിവുകൾ രൂപപ്പെടുത്താനും കഴിയുന്ന തലത്തിൽ ആരോഗ്യ പ്രവർത്തകർ വളരേണ്ടതുണ്ട്. രോഗിയേയും രോഗസാഹചര്യങ്ങളേയും മനസ്സിലാക്കി ചികിത്സ നിശ്ചയിക്കാനും അവർക്ക് സാന്ത്വനമാകാനും ഇവർക്ക് കഴിയണം. പ്രത്യേകിച്ചും കോടിക്കണക്കിന് ജനങ്ങൾ ഇപ്പോഴും കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന ഗ്രാമങ്ങളുള്ള ഇന്ത്യയിൽ. ഡോക്ടർ ആകാൻ പോകുന്നവർ താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യനികേതനം’ വായിക്കണമെന്ന് പറയുന്നത് ഇവിടെ ഓർക്കാവുന്നതാണ്. അക്ഷയ് ആനന്ദ് ശ്രീധർ ബമ്മിടി എന്നിവർ ചേർന്നെഴുതിയ ‘മെഡിക്കൽ എഡ്യൂക്കേഷൻ & ട്രെയിനിംഗ്: ഇംപ്ലിക്കേഷൻസ് ഫോർ ഇന്ത്യ’ എന്ന ലേഖനത്തിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട ഇത്തരമൊരു സമീപനമാറ്റത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇപ്രകാരമുള്ള സമീപനമാറ്റത്തിന്റെ മുന്നുപാധിയായി അവർ സൂചിപ്പിക്കുന്നത് ബോധനമാധ്യമത്തെക്കുറിച്ചാണ്. ഏത് കരിക്കുലത്തിന്റേയും അടിസ്ഥാനവും നട്ടെല്ലും ബോധന മാധ്യമമാണല്ലോ. നിയമം, സിവിൽസർവ്വീസ് തുടങ്ങിയ മേഖലകളിൽ പ്രാദേശികഭാഷകൾ കൂടി ഉപയോഗിക്കുന്നുണ്ടെങ്കിലും ആരോഗ്യവിദ്യാഭ്യാസ രംഗത്ത് ബോധന മാധ്യമം ഇന്നും ഇംഗ്ലീഷ് മാത്രമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സ്കൂൾ വിദ്യഭ്യാസം പ്രാദേശിക ഭാഷകളിലാണ്. അവരുടെ ചിന്തയും യുക്തിയും ഓർമ്മകളുമെല്ലാം പ്രാദേശികഭാഷകളിലാണ്. പ്രവേശനപരീക്ഷകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും ഇത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുന്നതോടെ പഠിക്കുന്ന കാര്യങ്ങൾ പ്രാദേശിക ഭാഷയിലേക്ക് തർജ്ജമ ചെയ്ത് മനസ്സിലാക്കേണ്ടി വരുന്നു.ഇത് കുട്ടികൾക്ക് ഇരട്ടഭാരം നൽകുന്നു. അതുകൊണ്ട് തന്നെ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് ഒരു സമീപനമാറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യ പരിഗണന ബോധനമാധ്യമം പ്രാദേശിക ഭാഷയിലേക്ക് മാറ്റുന്നതിനാകണം എന്ന് അവർ സൂചിപ്പിക്കുന്നുണ്ട്.
ഹയർസെക്കണ്ടറി ക്ലാസുകളിൽ മാതൃഭാഷയിൽ പാഠപുസ്തകം തയ്യാറാക്കിയാൽ നിലവാരത്തകർച്ച ഉണ്ടാവും എന്ന് ചർച്ച ചെയ്യുന്ന കേരളത്തിൽ, ആരോഗ്യവിദ്യാഭ്യാസം മലയാളത്തിലാക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള പ്രതികരണമെന്താവും എന്നതിനെക്കുറിച്ച് ആർക്കും സംശയമുണ്ടാവാനിടയില്ല.
കേരളത്തിൽ ഇന്ന് കാര്യങ്ങൾ നിശ്ചയിക്കുന്നത് മധ്യവർഗ്ഗമാണ്. അവർക്കിത് ഒരിക്കലും ബോധ്യപ്പെടാനിടയില്ല. എങ്കിലും ആ ചർച്ച തുടങ്ങിവച്ചേ പറ്റൂ.
പ്രാദേശിക ഭാഷയിൽ, പ്രത്യേകിച്ചും മലയാളത്തിൽ, ആരോഗ്യ വിദ്യാഭ്യാസം സാധ്യമാകുമോ? എഞ്ചിനിയറിംഗ് വിദ്യാഭ്യാസം മാതൃഭാഷയിൽ സാധ്യമാകില്ല എന്ന നിലപാട് പ്രഖ്യാപിച്ച സങ്കേതികസർവ്വകലാശാലയുടെ സമീപനത്തിൽ വലിയ വ്യത്യാസമൊന്നും ആരോഗ്യസർവ്വകലാശാലയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ഒറ്റയടിക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം വിശിഷ്യ ആരോഗ്യവിദ്യാഭ്യാസം മലയാളത്തിലേക്ക് മാറും എന്ന പ്രതീക്ഷയും നമുക്കില്ല. പക്ഷെ കേരളത്തിലെ ഒരു കുട്ടിയെങ്കിലും മാതൃഭാഷയിൽ ഉന്നത പഠനം ആഗ്രഹിക്കുന്നുവെങ്കിൽ അതിനവസരം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഇംഗ്ലീഷ് ഇതരഭാഷകളിൽ ആരോഗ്യ വിദ്യാഭ്യാസം നൽകി മികച്ച ആരോഗ്യ പ്രവർത്തകരെ സൃഷ്ടിക്കുന്ന രാജ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്.
ചില അനുഭവസാക്ഷ്യങ്ങൾ
ഇവിടെയാണ് സിറിയയിലെ ഡമാസ്കസ് യൂണിവേഴ്സിറ്റിയിലെ മരിയം അത്തിമിയാർ, അൻറ്റോയിൻ നയീം, ലൂയിം അൽസാദി, സോർബൺ യൂണിവേഴ്സിറ്റിയിലെ തമീം അൽ സുലൈമാനി എന്നിവർ നടത്തിയ പഠനം പ്രസക്തമാകുന്നത്. മാതൃഭാഷയെ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ടുള്ള ദ്വിഭാഷാ സമീപനം (bilingual) ഒരു ബദൽ വിദ്യാഭ്യാസ രീതിയായി വികസിപ്പിക്കുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആയിരുന്നു പഠനം. ഡമാസ്കസ് സർവ്വകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളെയാണ് മൂന്ന് ആഴ്ച നീണ്ടുനിന്ന ഈ താരതമ്യപഠനത്തിൽ ഉൾപ്പെടുത്തിയത്. അവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു.ഓരോ ഗ്രൂപ്പും നൂറോഅനാട്ടമിയുമായി ബന്ധപ്പെട്ട മൂന്ന് വിഷയങ്ങളിലെ 20 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ്സുകളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലും വ്യത്യസ്ത ഭാഷാ സമീപനമാണ് സ്വീകരിച്ചത്.ഒരു ഗ്രൂപ്പിന് അറബിയിൽ മാത്രം, മറ്റൊരു ഗ്രൂപ്പിന് ഇംഗ്ലീഷിൽ, മൂന്നാമത് അറബി അടിസ്ഥാനമാക്കി സാങ്കേതികപദങ്ങൾ ഇംഗ്ലീഷിൽ. എല്ലാ ഗ്രൂപ്പിനും ഒരേ ലക്ചറർ ആണ് ക്ലാസെടുത്തത്. എല്ലാ കുട്ടികൾക്കും ഒരു പ്രീ – ടെസ്റ്റും ഒരു പോസ്റ്റ് ടെസ്റ്റും നടത്തി. 277 കുട്ടികളാണ് പഠനത്തിൽ പങ്കെടുത്തത്. അറബി അടിസ്ഥാനമാക്കി സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ അവതരിപ്പിച്ച സമീപനം സ്വീകരിച്ചവർക്കാണ് ഏറ്റവും കൂടുതൽ സ്കോർ (3.70)ലഭിച്ചത്.രണ്ടാമത് വന്നത് അറബി ഭാഷാ സമീപനം സ്വീകരിച്ചവരും (3.19).ഇംഗ്ലീഷിൽ പഠിച്ചവർക്ക് ലഭിച്ച സ്കോർ 2.76 ആണ്. ഇംഗ്ലീഷ് ഇതരഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിൽ പ്രാദേശിക ഭാഷയെ അടിസ്ഥാനമാക്കിയുള്ള ദ്വിഭാഷാ സമീപനമാണ് കൂടുതൽ അനുയോജ്യമെന്ന് പഠനം വ്യക്തമാക്കുന്നു.
സിറിയ എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസം അറബിയിലാണ് നടത്തുന്നത്. അറബിയിലൂടെയുള്ള ആരോഗ്യവിദ്യാഭ്യാസം ഡമാസ്കസ് യൂണിവേഴ്സിറ്റിയിലെ കുട്ടികളുടെ പഠനനിലവാരത്തെ വിപരീതമായി ബാധിക്കുന്നില്ല എന്നുകാണാം.യു എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫിസിഷ്യൻമാരുടെ എണ്ണത്തിൽ എഴാംസ്ഥാനം ഡമാസ്കസ് യൂണിവേഴ്സിറ്റിക്കാണ്. ഇതുപോലുള്ള ഉദാഹരണങ്ങൾ ഇനിയും അവതരിപ്പിക്കാൻ കഴിയും. വിസ്താരഭയത്താൽ ഒഴിവാക്കുന്നു.
കേരളത്തിന്റെ സാധ്യതകൾ
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ബോധനമാധ്യമവുമായി ബന്ധപ്പെട്ട ചർച്ച അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ട്. മലയാളത്തിലോ മലയാളത്തെ അടിസ്ഥാനമാക്കിയുള്ള ദ്വിഭാഷാ സമീപനമോ സ്വീകരിക്കാവുന്നതേ ഉള്ളൂ. മൂന്നിൽ ഏത് സമീപനവും തെരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകാം. ഇംഗ്ലീഷിൽത്തന്നെ പഠിക്കണം എന്നുള്ളവർ ഇംഗ്ലീഷിൽ പഠിക്കട്ടെ. മലയാളത്തിലോ മലയാളം അടിസ്ഥാനമാക്കിയുള്ള ദ്വിഭാഷാ സമീപനത്തിലോ പഠനം നടത്താൻ ആഗ്രഹിക്കുന്ന ഓരോ മലയാളിക്കും അതിനുള്ള അവസരമൊരുക്കാൻ കഴിയണം.
അതിനാവശ്യമായ തയ്യാറെടുപ്പുകളാണ് വിവിധ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകേണ്ടത്. ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, ശാസ്ത്ര സാങ്കേതിക പദാവലികൾ എന്നിവ തയ്യാറാക്കുന്നതിന് കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടും മലയാളം സർവ്വകലാശാലയും നേതൃത്വം നൽകണം. അതിനുതകുന്ന തലത്തിലേക്ക് അവയെ വളർത്തണം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ജന്മദൗത്യം തിരിച്ചറിഞ്ഞ് ഉചിതമായ രീതിയിൽ പ്രവർത്തിക്കണം. ഏതു വിഷയവും മലയാളത്തിൽ പഠിക്കാൻ അവസരമൊരുക്കുന്ന വിദ്യാകേന്ദ്രമായി മലയാളം സർവ്വകലാശാല മാറണം. ഒരു ജ്ഞാനസമൂഹമായി മാറാനുള്ള പ്രവർത്തനത്തിൽ മുന്നുപാധിയായി മാറേണ്ടത് ആ സമൂഹത്തിന്റെ മാതൃഭാഷയാണ്. ആ വഴിയിൽ കൂടി ഭരണകൂടത്തിന്റെ ശ്രദ്ധയും കരുതലും ആവശ്യമാണ്. ഗാന്ധിയുടെ ഒരു വാചകം ഉദ്ധരിച്ചു കൊണ്ട് അവസാനിപ്പിക്കട്ടെ. “നമ്മുടെ ഭാഷ നമ്മുടെ പ്രതിഫലനമാണ്.നല്ല ചിന്തകളെ പ്രകടിപ്പിക്കുവാൻ അത് സഹായിക്കുന്നില്ല എന്ന് നിങ്ങൾ പറയുകയാണെങ്കിൽ നമുക്ക് ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത്.”