മുന്നൂറിൽ പരം ഭാഷകളിൽ വൈവിധ്യമാർന്ന സാംസ്കാരികതകളുമായി ജീവിച്ചിരുന്ന തദ്ദേശജനതയെ കേവലം രണ്ടര ശതമാനമാക്കി ചുരുക്കിക്കൊണ്ട് അധിനിവേശ സംസ്കാരം മേൽക്കൈ നേടിയ കഥയാണ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന് പറയാനുള്ളത്. ഓസ്ട്രേലിയൻ ഭൂഖണ്ഡം നിറഞ്ഞുനിൽക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നൂറ്റാണ്ടുകളായി തുടർന്നുവന്ന യൂറോപ്യൻ അധിനിവേശത്തിൻ്റെ ഫലമായി ഇന്നവിടെ വൃദ്ധജനങ്ങളിൽ ചിലരെങ്കിലും സംസാരിക്കുന്ന എഴുപതോളം തദ്ദേശ ഭാഷകൾ നിലനിൽക്കുന്നു എന്നു പറയാം. എന്നാൽ യഥാർഥത്തിൽ സജീവമായി പ്രയോഗത്തിലുളളത് ഇരുപതിൽ താഴെ പ്രാദേശികഭാഷകൾ മാത്രമാണ്. എല്ലായിടത്തും ആധിപത്യം പുലർത്തുന്നത് ഇംഗ്ലീഷ് ഭാഷ തന്നെ. ഇംഗ്ലീഷ്ബോംബിനാൽ ഇരുന്നൂറ്റി എൺപതോളം തദ്ദേശഭാഷകളും അവ സംസാരിച്ചിരുന്ന ജനതയും ആ ഭൂഖണ്ഡത്തിൽ നിന്ന് ഏറെക്കുറെ പൂർണമായും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയുധം ഉപയോഗിച്ചുകൊണ്ടുള്ള അധിനിവേശത്തെക്കാൾ ക്രൂരവും ഭീകരവും ആയ ഉന്മൂലനമാണ് ഭാഷാധിനിവേശം സൃഷ്ടിക്കുന്നത് എന്നാണ് നാം മനസ്സിലാക്കേണ്ടത്.

‘ഓസ്ട്രേലിയ അധിനിവേശങ്ങളുടെ പുതുലോകം’ എന്ന ഗ്രന്ഥത്തിൽ ഡോ.എസ്.രാജശേഖരൻ ആധുനിക ഓസ്ട്രേലിയയുടെ പുതിയ മുഖത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. നാലു പ്രാവശ്യം ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഗ്രന്ഥകാരൻ യാത്രാനുഭവങ്ങൾ എന്ന നിലയിൽ 40 അധ്യായങ്ങളിലായി ഓസ്ട്രേലിയ അധിനിവേശ ചരിത്രത്തെയും അധിനിവേശാനന്തരം ഉണ്ടായ ആധുനിക സാമൂഹ്യ ചരിത്രത്തെയും പിന്തുടരുന്നു.

ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇംഗ്ലീഷാണ് ഓസ്ട്രേലിയയിലെ പ്രധാന ഭാഷ എന്ന് ഗ്രന്ഥത്തിൽ പറയുന്നു. എന്നാൽ ഇപ്പോൾ വിക്കിപീഡിയയിൽ ലഭിക്കുന്ന വിവരം ഓസ്ട്രേലിയയുടെ ഔദ്യോഗിക ഭാഷ ഓസ്ട്രേലിയൻ ഇംഗ്ലീഷ് എന്നാണ്. 2011 ലെ കണക്കനുസ്സരിച്ച് ജനങ്ങളിൽ 81 ശതമാനവും ഇംഗ്ലീഷ് ഗൃഹഭാഷയായി ഉപയോഗിക്കുന്നു. അധിനിവേശം ഒരു ഭൂഖണ്ഡത്തിലെ ജനതയെ ആകെത്തന്നെ ഉന്മൂലനം ചെയ്തതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഓസ്ട്രേലിയയുടെ ആധുനിക ചരിത്രം. ജനതകളെ ആധുനിക വിദ്യാഭ്യാസം നൽകാനെന്നു പറഞ്ഞ് മെല്ലെ കടന്നുവരുന്ന ഇംഗ്ലീഷ് ക്രമേണ ജനങ്ങളുടെ മാതൃഭാഷകളെ ഉന്മൂലനം ചെയ്ത് ജനവർഗ്ഗങ്ങളെത്തന്നെ ഭൂമിയിൽ നിന്ന് നിഷ്കാസനം ചെയ്യുകയാണ് ചെയ്തത്. ഭീതിദമായ ഈ അപകടത്തെ കണ്ടില്ലെന്നു നടിക്കുന്നത് ആത്മഹത്യാപരമാണ്.

യൂറോപ്പ് അധീശ ശക്തിയാവുന്നു

1850 കളിലെ സ്വർണ്ണപ്പെയ്ത്തും (Gold Rush) രണ്ടാം ലോകമഹായുദ്ധവും വൻതോതിൽ ഓസ്ട്രേലിയയിൽ കുടിയേറ്റക്കാരുണ്ടാകാൻ കാരണമായി. പുതിയ തലമുറ കൂടുതൽ യൂറോപ്യൻ ഏഷ്യൻ സങ്കരവർഗ്ഗമായി മാറി. ഇപ്രകാരം ജനതയിൽ ബഹുസ്വരത പ്രകടമാവുമ്പോഴും ഭരണം അഥവാ അധീശത്വം യൂറോ കേന്ദ്രിത യാഥാസ്ഥിതികത്വത്തിന് തന്നെയാണ്. 1986 ൽ നിയമ നിർമ്മാണത്തിലൂടെ ഓസ്ട്രേലിയ ബ്രിട്ടനുമായുള്ള എല്ലാ ഭരണഘടനാ ബന്ധങ്ങളും ഉപേക്ഷിച്ചുവെങ്കിലും ഭാഷാപരവും മതപരവും സാംസ്കാരികവുമായ കാണാച്ചരടുകളിലൂടെയുള്ള യുറോപ്യൻ നിയന്ത്രണങ്ങൾ പലരീതിയിൽ തുടരുന്നു.

2011ലെ കണക്കനുസ്സരിച്ച് ജനസംഖ്യയിൽ അറുപത്തൊന്ന് ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. മുപ്പതു ശതമാനത്തോളം പേർ മതരഹിതരാണ്. ബുദ്ധമതം, ഇസ്ലാംമതം, ഹിന്ദുമതം തുടങ്ങിയവയ്ക്ക് നാമമാത്രമായ പ്രാതിനിധ്യം ഉണ്ട്. അധിനിവേശാരംഭ കാലത്ത് 10 ലക്ഷത്തോളം തദ്ദേശീയരുണ്ടായിരുന്ന സ്ഥാനത്ത് 2006 ലെ കണക്കുപ്രകാരം അവർ 5, 17,000 ആയി കുറഞ്ഞു. വർഷംതോറും നാട്ടുകാരുടെ സംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നു.ജനുവരി 26 ഓസ്ട്രേലിയൻ ദിനമായി ആഘോഷിക്കപ്പെടുന്നു. അത് ഓസ്ട്രേലിയയുടെ സ്വാതന്ത്ര്യത്തിന്റെ ദിനമല്ല. മറിച്ച് 1788 ൽ ബ്രിട്ടീഷുകാരുടെ ആദ്യത്തെ അധിനിവേശക്കപ്പൽ ഓസ്ട്രേലിയയിൽ വന്നിറങ്ങിയ ദിനമാണ്. അന്നുതന്നെ ഗവർണർ ആർതർ ഫിലിപ്പ് അവിടെ ആദ്യമായി ബ്രിട്ടീഷ് പതാക ഉയർത്തുകയും ചെയ്തു. അതായത് ജനുവരി ഇരുപത്തിയാറ് ബിട്ടീഷുകാരുടെ അധിനിവേശത്തിൻ്റെ ദിനമാണ്. അതിനെ ഓസ്ട്രേലിയയുടെ ദിനമാക്കി ഇന്നും കൊണ്ടാടുന്നു. അടിമത്തത്തിന്റെ ദിനത്തെ ആഘോഷമാക്കി മാറ്റിയ രാജ്യമെന്ന ഗതികേടിൽ ഓസ്ട്രേലിയ എത്തിച്ചേർന്നു എന്നർഥം. തദ്ദേശീയർക്ക് എത്ര അപമാനകരമാണ് അങ്ങനെയൊരു ദിനം ആഘോഷിക്കേണ്ടിവരിക എന്നത് !

മെൽബൺ നഗരത്തെ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം യാത്ര ചെയ്ത് കണ്ടെത്തി സരസമായ ഭാഷയിൽ വിവരിക്കുന്നുണ്ട്. വൻകരയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മെൽബൺ, ആദ്യത്തേത് സിഡ്നിയാണ്. മെട്രോപോളിറ്റൻ നഗരമായ മെൽബണിൽ ലോകജനതയുടെ യഥാർഥ പരിഛേദം തന്നെ കാണാനാവും. ദിവസവും വളർന്നുകൊണ്ടിരിക്കുന്ന ഈ നഗരത്തെ ഉദ്യാനനഗരം എന്നാണറിയപ്പെടുന്നത്. നാൽപ്പതിനായിരം വർഷത്തെ ചരിത്രമുറങ്ങുന്ന ഈ നാട്ടിൽ ഇന്ന് വലിയ ചരിത്രശേഷിപ്പുകളൊന്നും കാണാനാവില്ല. യൂറോപ്യൻ നാഗരികതയുടെ പതിപ്പുകളായി മെൽബണും സിഡ്‌നിയും മറ്റനഗരങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് പനിനീർപ്പൂക്കളുടെയും പ്രണയ സ്മാരകങ്ങളുടെയും നാടായി അറിയപ്പെടുന്ന വെരിബിയും നാൽപ്പതിനായിരം വർഷത്തെ പഴക്കമുള്ള നാടാണ്. ആ പഴയ നാടും ജനതയുമൊക്കെ പൂർണ്ണമായും മൺമറഞ്ഞിരിക്കുന്നു. ഇങ്ങനെ എത്രയെത്ര സംസ്കാരങ്ങളെയും ജനവർഗ്ഗങ്ങളെയും ആണ് യൂറോപ്യൻ അധിനിവേശ ശക്തികൾ ക്രൂരമായി വേട്ടയാടി നശിപ്പിച്ചത്.

മെൽബണിനു പുറത്തുള്ള ഫിലിപ്പ് ഐലന്റ്, സൊറെന് റോ, പോർട്ട് കാംപ്ബെൽ, ലോക്ക് ആർഡ് കടലിടുക്ക്, വാർണാംബുൾ, ലോൺ തുടങ്ങിയ സ്ഥലങ്ങളും മെൽബൺ ലൈബ്രറി, ജന്തുശാല തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ചതിന്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. പ്രൗഢഗംഭീരമായ ലൈബ്രറിയിൽ ഇരുപത് ലക്ഷത്തിലേറെ പുസ്തകങ്ങളും പതിനാറായിരത്തോളം ഡയറികളും രേഖകളുമെല്ലാം ഉണ്ട്, എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഗ്രന്ഥങ്ങൾ അവിടെ ഇല്ലെന്നുതന്നെ പറയാം. ഒരുതരം വംശീയ വൈരം തന്നെയാണ് ഇന്ത്യൻ ഗ്രന്ഥങ്ങളോട് ആ സ്ഥാപനം വച്ചുപുലർത്തുന്നത്. യൂറോപ്യൻ സംസ്കാരത്തിനു മുന്നിൽ ഇന്ത്യ ഇന്നും പിന്നാക്കം നിൽക്കുന്ന രാജ്യം തന്നെ എന്ന ധാർഷ്ട്യമാണ് അവിടെ നിലനിൽക്കുന്നത്. അതവർ ഒരു ലജ്ജയും കൂടാതെ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ ഗ്രന്ഥകാരൻ അപമാനതനായിത്തീരുന്നു. അവിടെ അനുഭവിക്കാൻ ഇടയായ വംശീയ വിദ്വേഷത്തിന്റെ കയ്പുനീർ വേദനയോടെ പരാമർശിക്കുന്നു. ഇതാണ് നാം കൊണ്ടാടുന്ന ഇന്നത്തെ യൂറോപ്യൻ സംസ്കാരത്തിന്റെ യഥാർഥ മുഖം. വേട്ടയാടുന്നവർ ഉത്തമന്മാരും ഇരകൾ അധമന്മാരും ആണെന്ന ധാരണ ലോകമാകെ പടർത്താൻ വേട്ടക്കാർക്കാകുന്നു എന്നതാണ് ലോക സംസ്കാരം നേരിടുന്ന വലിയ വെല്ലുവിളി. ദുർബ്ബലരെ കൊന്നൊടുക്കുന്ന ശക്തൻ ആദരിക്കപ്പെടുന്ന കാട്ടുനിയമമാണ് ലോകത്തെ ഭരിക്കുന്നത്.

അധിനിവേശത്തിൻ്റെ ആരംഭഘട്ടത്തിൽ ബ്രിട്ടനിലെ കുറ്റവാളികളെയും ജയിൽപ്പുള്ളികളെയും ഓസ്ട്രേലിയയിലേക്ക് നാടുകടത്തിയിരുന്നു. നാട്ടുകാരായ സാധുക്കളെ പലപ്രകാരത്തിൽ അവർ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്താണ് ഇന്നു കാണുന്ന വിധത്തിൽ കേവലമൊരു കുടിയേറ്റ രാജ്യം മാത്രമാക്കി അതിനെ മാറ്റിയത്. ഈ വിവരം വായിക്കുമ്പോൾ നാം അറിയാതെ വില്യം ഗിഫോർഡിനെ ഓർത്തു പോകും. ആറ്റിങ്ങലിൽ അഞ്ചുതെങ്ങിൽ കോട്ടകെട്ടി വാണിജ്യം ശക്തിപ്പെടുത്തുന്നതിന് ബ്രിട്ടീഷുകാർ ഇവിടേക്ക് അയച്ചത് വില്യം ഗിഫോർഡെന്ന കുറ്റവാളിയെ ആയിരുന്നല്ലോ.

അയാളും ഇംഗ്നേഷിയോ മാൽറിയോസ് എന്ന പോർട്ടുഗീസുകാരനുമായിച്ചേർന്ന് നാട്ടുകാരെ വൻതോതിൽ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിൻ്റെ ഫലമായാണല്ലോ ആറ്റിങ്ങൽക്കലാപം നടന്നത്. ഓസ്ട്രേലിയയിലും തുടക്കത്തിൽ ഇംഗ്ലീഷ് കടന്നു കയറ്റക്കാരായ കൊടും കുറ്റവാളികളുടെ അതിക്രമങ്ങൾക്കെതിരെ കലാപങ്ങൾ നടന്നിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പൊതുവായ ഒരു വഴിയായിരുന്നു ഇത്തരം കള്ളന്മാരെയും തെമ്മാടികളെയും കടൽക്കൊള്ളക്കാരെയും ഉപയോഗിച്ചുള്ള പിടിച്ചടക്കലുകൾ.

ഓസ്ട്രേലിയയിൽ നിന്നു പഠിക്കേണ്ടത് എന്ത്?

ന്യൂ സൗത്ത് വെയ്ൽസ്, ക്യൂൻസ് ലാൻ്റ്, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ, വിക്ടോറിയ, വെസ്റ്റേൺ ഓസ്ട്രേലിയ, എന്നീ ആറ് സംസ്ഥാനങ്ങളും ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി, നോർത്തേൺ ടെറിട്ടറി എന്നീ ടെറിട്ടറികളും ചേർന്നതാണ് ഓസ്ട്രേലിയൻ രാജ്യം. നോർഫോക്ക് ദ്വീപും ഓസ്ട്രേലിയയുടെ ഭാഗമാണ്. ഈ സ്ഥലനാമങ്ങളെല്ലാം ഇംഗ്ലീഷിൽ ആണെന്നത് ശ്രദ്ധിക്കുമല്ലോ. നാട്ടുഭാഷയിൽ ഇവയ്ക്കുണ്ടായിരുന്ന പേരുകളെല്ലാം ഇന്ന് പൂർണ്ണമായും നഷ്ടമായിരിക്കുകയാണ്. അധിനിവേശ ശക്തികൾ ജനതയെ കൊന്നൊടുക്കിയും ശേഷിച്ചവരെ തങ്ങളുടെ ഭാഷാസംസ്കാരങ്ങളിലേക്ക് പരിവർത്തിപ്പിച്ചം ജനതയെ കീഴടക്കുകയാണുണ്ടായത്. ഇംഗ്ലീഷ് ഭാഷാവൽക്കരണവും ക്രിസ്തുമത വൽക്കരണവുമാണ് ജനതയെ കീഴടക്കാൻ പ്രയോഗിച്ച മാർഗ്ഗങ്ങൾ. അതുപോലെ സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ഇംഗ്ലീഷ് പേരുകളിട്ട് തങ്ങളുടെതാക്കി മാറ്റി. തദ്ദേശീയരുടെ കുട്ടികളെ ബലമായി പിടിച്ചെടുത്ത് സാംസ്കാരികപരിവർത്തനത്തിന് വിധേയരാക്കി മോഷ്ടിക്കപ്പെട്ട തലമുറയെ (stolen generation) സൃഷ്ടിച്ചു. അതുപോലെ ഓസ്ട്രേലിയയെ നിയമ നിർമ്മാണത്തിലൂടെ ആരുടേതുമല്ലാത്ത ഭൂമിയാക്കി (No man’s land)മാറ്റിക്കൊണ്ട് നാട്ടുകാരെ അവഗണിക്കുകയും ഭൂഖണ്ഡമാകെ തങ്ങളുടേതാക്കുകയും ചെയ്തു. ഇങ്ങനെ അതിക്രൂരമായ അധിനിവേശമാണ് ആ മണ്ണിൽ അവർ നടത്തിയത്.

അധിനിവേശ ശക്തികൾ എല്ലായിടത്തും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. കേരളത്തിൽ തന്നെ എത്രയോ സ്ഥല / സ്ഥാപന / സ്ഥാന നാമങ്ങൾ ഇന്നും ഇഗ്ലീഷായി തുടരുന്നു. കോട്ടൺ ഹില്ലും  ബാർട്ടൺ ഹില്ലും , ഈസ്റ്റ് ഫോർട്ടും ഓവർ ബ്രിഡ്ജും പബ്ലിക് ലൈബ്രറിയും ചിഫ് എഞ്ചിനിയേഴ്സ് ഓഫീസും റെയിൽവേ സ്റ്റേഷനും പോലീസ് സ്റ്റേഷനും ചില ഉദാഹരണങ്ങൾ മാത്രം. വിക്ടോറിയ ജൂബിലി ടൗൺഹാൾ നാം ഈയിടെ മാത്രമാണ് അയ്യൻകാളി ഹാളാക്കിയത്. ട്രിവാൻഡ്രവും ക്വയിലോണും കാലിക്കറ്റും ആലപ്പിയും വളരെ കാലമായിട്ടില്ല തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും ആലപ്പുഴയുമായി മലയാളത്തിൽ തിരിച്ചെത്തിയിട്ട്. ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക്, അപ്പർ ഡിവിഷൻ ക്ലർക്ക്, ഹെഡ് ക്ലാർക്ക്, ഡോക്ടർ, എഞ്ചിനിയർ, ടീച്ചർ, ഹെഡ് മാസ്റ്റർ, പ്രൊഫസർ തുടങ്ങി ഒട്ടേറെ ഔദ്യോഗിക നാമങ്ങൾ ഇംഗ്ലീഷിൽ തന്നെ തുടരുന്നു. മലയാളത്തിൽ നിലവിലിരുന്ന ശിപായി, ഗുമസ്കൻ, മേധാവി, ആയ, ഗ്രാമസേവകൻ, തുടങ്ങിയ എത്രയോ ഔദ്യോഗിക നാമങ്ങൾ ഇംഗ്ലീഷിനു വഴിമാറിക്കൊടുത്തു. ചീഫ് സെക്രട്ടറി മുതൽ താഴോട്ട് അനവധി ഇംഗ്ലീഷ് സെക്രട്ടറിമാർ മാത്രമല്ലാ, സാൻഡ്വിച്ച് ബ്ലോക്കും നോർത്ത് ഗേറ്റും സൗത്ത് ഗേറ്റും ഒക്കെയായി നമ്മുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് വിലസുന്നു. ഇതൊക്കെ നമ്മുടെ ഭാഷയിലായാൽ വളരെ മോശമായിപ്പോകും എന്നൊരു അപകർഷത നമ്മെ വിടാതെ പിടികൂടിയിരിക്കുകയാണ്. തദ്ദേശീയരിൽ ഇപ്രകാരം അധമബോധം കുത്തിവയ്ക്കുന്നതിൽ യൂറോപ്യൻ അധിനിവേശ ശക്തികൾ ഇപ്പോഴും വിജയിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസം നഴ്സറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഇംഗ്ലീഷ് മാധ്യമത്തിൽ കൂടുതൽ മാറിക്കൊണ്ടിരിക്കുകയും മലയാളം മാധ്യമം അവഗണിക്കപ്പെടുകയും ചെയ്യുന്നു. സ്വാതത്ര്യത്തിനു ശേഷമാണ് ഈ പ്രവണത വ്യാപകമായത് എന്നത് അധിനിവേശം സൃഷ്ടിക്കുന്ന അധമബോധത്തിൻ്റെ ആഴത്തെയാണ് കാണിക്കുന്നത്. കേരളം / ഇന്ത്യ ഓസ്ട്രേലിയയായിക്കൊണ്ടിരിക്കുകയാണോ എന്ന് ഏതൊരു വായനക്കാരനും ചിന്തിച്ചു പോകും ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ.

മാതൃഭാഷയിലൂടെ നവീന വിജ്ഞാനമാർജ്ജിച്ച് സ്വന്തം വിഭവങ്ങളെ പുതിയലോകത്തിന് ഉപകാരപ്രദമായ ഉൽപ്പന്നങ്ങളാക്കി ലോകവിപണി കീഴടക്കി സമ്പന്നമാവുക എന്നതാണ് ഏതൊരു ജനവർഗ്ഗവും സ്വീകരിക്കേണ്ട വികസന മാർഗ്ഗം. ചൈനയുടെയും ജപ്പാൻ്റെയും മറ്റും വികസനപാത അതാണ്. മൂന്നാം ലോകങ്ങളായി ഇന്നും തുടരുന്ന രാജ്യങ്ങൾ പഴയ ബിട്ടീഷ് കോളനികളായ 53 രാജ്യങ്ങളാണ്. അവയെ ഇന്നും ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടിഷ് കോമൺവെൽത്ത് രാജ്യങ്ങൾ വിദ്യാഭ്യാസത്തിലും സമ്പദ് വ്യവസ്ഥയിലുമെല്ലാം യൂറോപ്യൻ മാതൃക പിന്തുടരാൻ നിർബന്ധിതരാണ്. അതിനാൽത്തന്നെ സ്വന്തമായ വിദ്യഭ്യാസപദ്ധതികൾക്ക് രൂപം നൽകാൻ അവർക്ക് കഴിയുന്നില്ല. നമ്മുടെ അഭ്യസ്തവിദ്യാർത്ഥികൾ ടെക്നോപാർക്കിലും മറ്റും ഇരുന്ന് ചെയ്യുന്ന ജോലികൾ നമ്മുടെ രാജ്യത്തിന്റെതല്ല. ഔട്ട്സോഴ്സിങ് എന്ന ഓമനപ്പേരിൽ യൂറോപ്യൻ രാജ്യങ്ങൾ കുറഞ്ഞ വേതനത്തിൽ നമ്മുടെ യുവാക്കളെക്കൊണ്ട് പണിയെടുപ്പിക്കുകയാണ്. അതിലൂടെ നമുക്ക് പണം കിട്ടുമെന്നല്ലാതെ രാജ്യത്ത് വികസനം നടക്കുകയില്ല. നാമിന്നും അവരുടെ അടിമപ്പണിക്കാർ മാത്രം. സ്വാഭാവികമായും വികസനം മുരടിച്ച് സമ്പദ്ഘടന തകർന്ന് മൂന്നാംലോക പട്ടിണിരാജ്യങ്ങളായി ബ്രിട്ടീഷ് കോൺവെൽത്ത് രാജ്യങ്ങൾ തുടരുന്നു. കോമൺവെൽത്ത് ചട്ടക്കൂടിൽ നിന്ന് മുക്തമായി സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യ മുൻകൈ എടുത്തേ മതിയാവൂ. മറ്റു മൂന്നാം ലോക രാജ്യങ്ങൾക്ക് മാതൃകയാവാൻ ഇന്ത്യയ്ക്ക് കഴിയണം. സമഗ്രവിദ്യാഭ്യാസം സാധ്യമാവുന്നത് മാതൃഭാഷകളിലൂടെ മാത്രമാണ്. സമഗ്രവിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിന്റെ സമഗ്രവികസനം സാധ്യമാവുകയുള്ളൂ.

ഇംഗ്ലീഷ് ഭാഷയിലൂടെ ആധുനിക വിജ്ഞാനം നേടുന്ന ചെറു ന്യൂനപക്ഷം രാജ്യത്തിന്റെ മൊത്തം വികസനത്തിന് വഴിതെളിക്കുകയില്ല. നാട് വികസിക്കാതാവുമ്പോൾ അഭ്യസ്തവിദ്യരായ നാട്ടുകാർ അന്യരാജ്യങ്ങളിലേക്ക് കുടിയേറാൻ ഇടയാവുന്നു. ഇക്കാലത്ത് കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുമൊക്കെ ധാരാളം ആൾക്കാർ കുടുംബസമേതം അന്യഭാഷകൾ പഠിച്ച് അന്യനാടുകളിലേക്ക് കുടിയേറുന്നത് നമ്മുടെ വികസന പ്രതിസന്ധിയുടെ മറ്റൊരു പ്രതിഫലനമാണ്. സ്വന്തം നാടുവിട്ട് കുടുംബസമേതം പോകുന്നവർ ജീവിതം വഴിമുട്ടുമ്പോഴാണ് അവസാന മാർഗ്ഗമെന്ന നിലയിൽ നാടുവിടുന്നത് എന്നു നാമറിയണം. ആരും സന്തോഷത്തോടെയാവില്ലാ അത്തരം ഒരു മാർഗ്ഗം തെരഞ്ഞെടുക്കുന്നത്. സ്വന്തം നാടും ഭാഷയും ജീവിതത്തിന് വഴി തെളിക്കാതെ വരുമ്പോൾ അവർക്ക് അന്യനാടും അന്യഭാഷയും ആശ്രയമായിത്തീരുകയാണ്.

ആധുനിക വിജ്ഞാനങ്ങൾ കടന്നുചെല്ലാത്ത മാതൃഭാഷകളിലൂടെ പഴയ കാലത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ് വ്യവഹരിക്കപ്പെടുന്നത്. മഹാഭൂരിപക്ഷത്തിന്റെ വ്യവഹാരമണ്ഡലം മാതൃഭാഷയായിരിക്കെ ആധുനിക ശാസ്ത്ര വിഷയങ്ങൾ മാതൃഭാഷയിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ മാതൃഭാഷകൾ ശക്തിപ്പെടേണ്ടതുണ്ട്. അതിനു സാധ്യമാകാത്തിടത്തോളം കാലം അന്യഭാഷയിലൂടെ വിജ്ഞാനം നേടിയ ന്യൂനപക്ഷത്തിന്റെ ബോധമണ്ഡലത്തിലോ ജീവിതത്തിലോ വിജ്ഞാന വെളിച്ചം പരക്കുകയില്ല. അവർ പൊതുബോധമണ്ഡലത്തിൽ അകപെട്ട് പഴയകാല ജീവിതം തന്നെ നയിക്കാൻ നിർബ്ബന്ധിതരായിത്തിരും. ഇന്ത്യയിൽ ആഭ്യസ്തവിദ്യർ പോലും ഗോമൂത്രം കൂടിക്കാനും ചാണകം ദേഹത്തു പൂശി കോവിഡ് പോലുള്ള മഹാമാരിയെ ചെറുക്കാനും തയ്യാറായി വരുന്നത് അതിനാലാണ്. ഇന്ന് കോമൺവെൽത്ത് വിഷയങ്ങളുടെ പരിധിയിൽ ഉൾപ്പെടാത്ത ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യയ്ക്ക് ഏറെ മുന്നേറാൻ കഴിഞ്ഞു. ചന്ദ്രയാൻ മൂന്ന് വിജയകരമായി പ്രവർത്തനം തുടരുന്നു. ആദിത്യ എൽ.വൺ ഭ്രമണപഥത്തിലാണ്. അപ്പോഴും നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് വേദങ്ങളിൽ നിന്നാണ് ഈ ശാസ്ത്ര സാങ്കേതിക വളർച്ചയെല്ലാം ഉണ്ടായത് എന്നാണ്. ക്ഷേത്രങ്ങളിൽ പൂജകൾ നടത്തിയതിനാലാണ് ഈ സംരംഭങ്ങൾ വിജയിച്ചത് എന്നാണ്. ഇത് ഇന്നത്തെ ഇന്ത്യയുടെ വൈപരീത്യമാണ്. ഈ വൈരുധ്യത്തെ അതിജീവിച്ചാലേ യഥാർഥ വികസന പാതയിലേക്ക് നമുക്ക് എത്താൻ കഴിയുകയുള്ളൂ. ഇന്ത്യൻ പ്രാദേശിക ഭാഷകളിലൂടെ ആധുനിക വിജ്ഞാനങ്ങൾ പകർന്ന് ജനതയെ വിദ്യാസമ്പന്നരാക്കുമ്പോഴാണ് വിജ്ഞാന സമൂഹമായി ജനത മാറുന്നത്. ഉൽപാദന – വികസന സമൂഹമായി മാറുന്നതും അങ്ങനെയാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് മൂന്നാം ലോക പട്ടികയിൽ നിന്ന് കരകയറാനുള്ള മാർഗ്ഗം അതാണ്. അങ്ങനെ സംഭവിക്കാത്ത പക്ഷം ഇന്ത്യ ഭാവിയിൽ മറ്റൊരു ഓസ്ട്രേലിയ ആയി മാറും.

ഓസ്ട്രേലിയ ഇന്നൊരു സമ്പന്ന രാജ്യമാണ്. തദ്ദേശ ജനതയെ കൊന്നൊടുക്കിക്കൊണ്ട് ബ്രിട്ടൻ അതിനെ കുടിയേറ്റ രാജ്യമാക്കിമാറ്റി. ലോകത്തിന്റെ വിവിധരാജ്യങ്ങളിലുള്ള ജനവിഭാഗങ്ങൾ അവിടെ കുടിയേറി ആവോളം സമ്പന്നരായി മാറിക്കൊണ്ടിരിക്കുന്നു. അവർ ആഴ്ചയിൽ നാലുദിവസം അധ്വാനിക്കുകയും മൂന്നുദിവസം കൂട്ടായി വിനോദയാത്രകൾ നടത്തി വിശിഷ്ടഭോജ്യങ്ങൾ ഭുജിച്ച് ലഹരി പേയങ്ങൾ കടിച്ച് എല്ലാം മറന്ന് ആനന്ദത്തിൽ ആറാടി ജീവിതം ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. ഈ ആഘോഷങ്ങൾക്കിടയിൽ അലിയുമ്പോൾ മറന്നുപോകരുത് അവിടെ ജീവിച്ചിരുന്ന ലക്ഷോപലക്ഷം സാധുജനതയെ. വൈവിധ്യമാർന്ന ലോകസംസ്കാരത്തിൽ തങ്ങളുടെതായ സംഭാവനകൾ അർപ്പിച്ച് ജീവിച്ചിരുന്ന ഒരു ജനതയെയും സംസ്കാരത്തെയും ആ മണ്ണിൽ ചവിട്ടിത്താഴ്ത്തിയാണ് സാമ്രാജ്യത്വം അവിടെ അവരുടെ കോളനി സ്ഥാപിച്ചത്.

യൂറോപ്യൻ സാമ്രാജ്യത്വ നൃശംസതകളുടെ വിളയാടലുകളാണ് നാമവിടെ ഇന്നു കാണുന്നത്. സ്വന്തം വികസനവഴികൾ കണ്ടെത്താനാവാതെ ഇരുളിൽ തപ്പുന്ന നമ്മെപ്പോലുള്ള മൂന്നാംലോകരാജ്യങ്ങൾ സ്വന്തം ജനതയെ ഇത്തരം യൂറോപ്യൻ അധിനിവേശ ഭൂഭാഗങ്ങളിലേക്ക് തള്ളിവിട്ട് അവരുടെ രാഷ്ട്രീയ നൃശംസതകൾക്ക് കൂട്ട ചേർക്കുകയാണ്. വ്യത്യസ്തങ്ങളായ അനവധി ഭാഷാസംസ്കാരങ്ങളെയും സ്വന്തം ജീവിതങ്ങളെയും അവഗണിച്ചുകൊണ്ട് ഇംഗ്ലീഷ്സാമ്രാജ്യത്വത്തിന്റെ ഏകമുഖമായ നവജീവിതമാണ് ഓസ്ട്രേലിയ ലോകർക്ക് മുന്നിൽ തുറന്നിടുന്നത്. ഓസ്ട്രേലിയ തുറക്കുന്ന ഈ പൊതുവഴിയാണോ അതോ സ്വന്തം ജനതകളെ സംരക്ഷിച്ചുകൊണ്ട് തനതായ നാട്ടിടവഴികളിലൂടെയുള്ള സ്വത്വബോധമാർന്ന ജീവിതമാണോ നമുക്കു വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്. ഇംഗ്ലീഷിലൂടെ സാധ്യമാവുമെന്ന് വ്യാമോഹിക്കുന്ന ഏകമുഖമായ ലോകമാണോ, അതോ വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ട് ബഹുസ്വരതയാർന്ന ലോകമാണോ നാം ലക്ഷ്യമിടേണ്ടത് എന്നതാണ് നമുക്കു മുന്നിലുള്ളത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഓസ്ട്രേലിയയുടെ അനുഭവപാഠങ്ങൾ കൂടി ഉൾക്കൊള്ളുന്നത് ഗുണകരമാവും.

  • ഹരിദാസൻ