നിങ്ങളുടെ കുട്ടിയെ മെഡിക്കൽ/എഞ്ചിനീയറിങ്ങ് എൻട്രൻസിന് അയക്കണമോ, ഒരു സംശയവും വേണ്ട, അവനെ/അവളെ ഇംഗ്ലീഷ്മീഡിയത്തിൽ ചേർത്തേ പറ്റൂ. നല്ല വരുമാനം കിട്ടുന്ന ജോലിയെന്തെങ്കിലും ലഭിക്കണമെങ്കിൽ ഇംഗ്ലീഷ്മീഡിയത്തിൽ ചേർക്കാതെ രക്ഷയില്ല. പഠിച്ചുവരുന്നവർക്കെല്ലാം ജോലി നിങ്ങൾ ഇവിടെ ഉറപ്പുവരുത്തുമോ; ഇല്ലല്ലോ? അതായത് അവർക്ക് നാളെ പുറത്തുപോയേ പറ്റൂ. അപ്പോൾ നിങ്ങളുടെ മലയാളം കൊണ്ടെന്ത് കാര്യം. ഞാനെന്റെ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെയേ ചേർക്കൂ. മികച്ച രീതിയിൽ സംവിധാനം ചെയ്ത ഒരു ഓർക്കസ്ട്രപോലെ നമ്മുടെ സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്ന് ഉച്ചസ്ഥായിയിൽ സ്ഥിരമായി ഉയർന്നുവരുന്ന ചില വാദങ്ങളാണിവ. ഈ വാദഗതികളെ കേരളപരിസരത്തുനിന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാൻ നമ്മുടെ അക്കാദമിക പണ്ഡിതന്മാർ തുനിഞ്ഞതായി കാണുന്നില്ല. തീർച്ചയായും ഗൗരവാവഹമായ അന്വേഷണങ്ങൾ നടക്കേണ്ട ഒരു മേഖലയാണിത്.
കേരളത്തിൽ മാത്രമുണ്ടായ സവിശേഷമായ ഒരു സ്ഥിതിവിശേഷമല്ല ഇത് എന്നതാണ് വസ്തുത. ലോകമൊട്ടാകെ ഇംഗ്ലീഷ് പഠനത്തിന്, വിശിഷ്യ ഇംഗ്ലീഷ് മാധ്യമപഠനത്തിനുള്ള ആവശ്യങ്ങൾ ഒരു ജ്വരംപോലെ പടർന്നുകയറുകയാണ് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. 1990 കളോടെ നടപ്പിലാക്കപ്പെട്ട നവലിബറൽ നയങ്ങളുടെ തുടർച്ചയാണ് ഇത് എന്നതാണ് വാസ്തവം. ലോക തൊഴിൽകമ്പോളത്തിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം മുമ്പെങ്ങുമില്ലാത്തവിധം പ്രധാനപ്പെട്ട ഒരു ഘടകമായി മാറിയിട്ടുണ്ട്. അതിന്റെ ഫലമായി, മാതൃഭാഷാധിഷ്ഠിതവിദ്യാഭ്യാസത്തിൽ ഉറച്ചുനിന്ന ഇംഗ്ലീഷേതര രാജ്യങ്ങളിൽപ്പോലും ഇംഗ്ലീഷ്പഠനം ഒരു മുഖ്യവിഷയമായി മാറിയിട്ടുണ്ട്. ഈ വസ്തുതയ്ക്കുനേരെ ആർക്കും കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയുകയില്ല. പരസ്പരം ഔപചാരികമായ ബന്ധങ്ങൾ കഴിഞ്ഞാൽ, വെള്ളം കേറാത്ത അറകൾപോലെ കിടന്നിരുന്ന ലോകരാഷ്ട്രങ്ങൾ ഇന്ന് മറ്റൊരു പശ്ചാത്തലത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. ദേശീയതയെ മറികടക്കുന്ന സാർവദേശീയതയുടെ അംശങ്ങൾ അവിടെ കാണാം. രാഷ്ട്രങ്ങൾ പൂർണമനസ്സാലെ എത്തിച്ചേർന്ന ഒരു സാഹോദര്യസമീപനമാണിതെന്നല്ല വിവക്ഷ. ദേശീയതകൾക്കും ദേശരാഷ്ട്രസർക്കാരുകൾക്കുമുപരിയായുള്ള സാർവദേശീയ ചട്ടങ്ങളും വ്യാപാര ഉടമ്പടികളുമെല്ലാമായി അവരങ്ങനെയാവാൻ നിർബന്ധിക്കപ്പെട്ടതാണ് എന്നതാണ് വാസ്തവം. ഭൂപടങ്ങളിലെ അതിർത്തികളെ മറികടന്നുകൊണ്ടുള്ള കുടിയേറ്റങ്ങളും ഫ്ലോട്ടിങ്ങ് സമൂഹങ്ങളുമൊക്കെ ഇന്നിന്റെ നേർക്കാഴ്ചകളാണ്; യാഥാർത്ഥ്യങ്ങളാണ്. ഈയൊരു പശ്ചാത്തലത്തിൽ വേണം കേരളത്തിലെ പ്രശ്നത്തെ വിലയിരുത്താനും നമ്മുടെ വിദ്യാഭ്യാസരംഗത്തെ ഭാഷാപ്രശ്നത്തെ അഭിസംബോധന ചെയ്യാനും.
കേരളം- സവിശേഷതകളും സമസ്യകളും
സാമൂഹികവികസനസൂചികകളിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളം പുലർത്തിപ്പോരുന്ന വൈജാത്യം നമുക്കെല്ലാമറിയാവുന്നതാണ്. ജനനനിരക്ക്, മരണനിരക്ക്, ശിശുമരണ നിരക്ക്, പ്രതിശീർഷ ആയുർദൈർഘ്യം തുടങ്ങിയ കണക്കുകളിലും ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലഭ്യതയുടെ കാര്യത്തിലും കേരളത്തിന്റ കണക്കുകൾ നമുക്ക് അഭിമാനത്തിന് വകനൽകുന്നു. പൊതുജനാരോഗ്യസംവിധാനം, പൊതുവിദ്യാഭ്യാസം, പൊതുവിതരണം, സാമൂഹികസുരക്ഷാപദ്ധതികൾ എന്നിവയിലെല്ലാം കൈക്കൊണ്ട വ്യത്യസ്തസമീപനങ്ങളാണ് കേരളത്തെ കേരളമാക്കിയതുതന്നെ. അവയാകട്ടെ ചരിത്രപരമായ കാരണങ്ങളാൽ വളർന്നുവന്നവയുമാണ്. സമ്പത്തുൽപ്പാദനത്തിൽ ഗണ്യമായ നേട്ടങ്ങൾ ഇല്ലാതിരിക്കെത്തന്നെ ഇത്തരം നേട്ടങ്ങൾ നേടാൻ കഴിഞ്ഞതിനെ സവിശേഷമായ താൽപ്പര്യത്തോടെ സാമ്പത്തിക- സാമൂഹികശാസ്ത്ര പണ്ഡിതർ നോക്കിക്കണ്ടു. അവരതിനെ കേരള മാതൃകയെന്നും കേരള അനുഭവമെന്നുമെല്ലാം വിശേഷിപ്പിച്ചു. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, ദേശീയപ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നീ ധാരകളുടെ ഇടപെടലുകളിലൂടെ രൂപപ്പെട്ടുവന്ന ഒരു സവിശേഷ അനുഭവമായാണ് കേരളത്തിന്റെ അവസ്ഥയെ വിലയിരുത്തപ്പെട്ടത്.
ആദ്യഘട്ടത്തിലേതിൽ നിന്ന് വ്യത്യസ്തമായി, 1980 കളുടെ അവസാനത്തോടെ സാമ്പത്തികവികസനരംഗത്തും കേരളം മുന്നേറിത്തുടങ്ങിയിരുന്നു. തുടർച്ചയായ വർഷങ്ങളിൽ അത് വളർച്ചാനിരക്ക് നിലനിർത്തിപ്പോന്നു. മൊത്തം ആഭ്യന്തര ഉൽപ്പാദനം, പ്രതിശീർഷ വരുമാനം തുടങ്ങിയവയിലെല്ലാം കുതിച്ചു ചാട്ടമുണ്ടായി. ഇവയിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാവുകയും ചെയ്തു. നേട്ടങ്ങളുടെ ഈ കണക്കുകൾക്കിടയിലും കേരള വികസനമാതൃക ചില ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോൾ ചർച്ചാവിഷയമായിട്ടുള്ളത്.
ഉൽപ്പാദനരംഗങ്ങളിലെ മുരടിപ്പ്, പരിസ്ഥിതിരംഗത്തെ വെല്ലുവിളികൾ, വർധിച്ചുവരുന്ന അസമത്വം എന്നിവയോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മ. 2019 ജൂണിൽ നിയമസഭയിൽ നൽകിയ വിശദീകരണത്തിൽ ജനസംഖ്യയുടെ 10.67 ശതമാനമാണ് തൊഴിലില്ലായ്മാനിരക്ക് (ദേശീയ ശരാശരി 6.1%). ഏറ്റവുമൊടുവിലായി കേന്ദ്രസർക്കാർ നടത്തിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലാത്തവർ കേരളത്തിൽ 40.5 ശതമാനമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൻ്റെ ദേശീയശരാശരി 21 ശതമാനമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്ക് തൊട്ടുമുന്നെയുള്ള കണക്കാണിതെന്ന് ഓർക്കണം. കോവിഡ് ബാധ നിരവധി പേരെ തൊഴിൽരഹിതരാക്കിയിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ.
കേരളത്തിലെ തൊഴിലില്ലായ്മ ചില പ്രത്യേകതകളുള്ളതാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് കേരളത്തിലേത് എന്നതാണ് ആദ്യത്തേത്. എംപ്ലോയ്മെന്റ്റ് എക്സേഞ്ചുകളിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിനു മുകളിലാണ്. മറ്റുദേശങ്ങളിലേക്ക് തൊഴിൽ തേടിപ്പോവുന്നവർ കേരളത്തിൽ വലിയതോതിലുണ്ട്. നമുക്കതൊരു പുതിയ അനുഭവമല്ല. ബർമയിലും സിലോണിലും സിങ്കപ്പൂരിലുമൊക്കെ ജീവിതം പച്ചപിടിപ്പിക്കാൻ പോയവർ ഓരോ നാട്ടിലെയും ജീവിതകഥകളിലുണ്ട്. മലയാളികളാരും അതുവരെ കടന്നുചെല്ലാത്ത നാട്ടിൽ എത്തിച്ചേരുകയെന്നത്, പ്രസിദ്ധ സഞ്ചാരസാഹിത്യകാരനായ എസ്.കെ പൊറ്റെക്കാടിന് നടക്കാതെപോയ ഒരു സ്വപ്നമായിരുന്നല്ലോ. ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഓണംകേറാമൂലകളിൽപ്പോലും മലയാളികളെ അദ്ദേഹം കണ്ടുമുട്ടി. 1970 കൾ വരെ വിദേശങ്ങളിലേക്ക് എന്നതിനെക്കാൾ, മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കായിരുന്നു ധാരാളംപേർ ഉപജീവനമാർഗമന്വേഷിച്ചുപോയത്. മദ്രാസ്, ബോംബെ, ഡൽഹി തുടങ്ങിയ മെട്രോനഗരങ്ങളിലേക്ക് വലിയതോതിൽ മലയാളികൾ കടന്നുചെന്നു.
1970 കളുടെ തുടക്കത്തിൽ ഗൾഫ് മേഖലയിലെ പുതിയ സാമ്പത്തിക ചലനങ്ങളെത്തുടർന്നാണ് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വലിയതോതിൽ വർധിക്കുന്നത്. എൺപതുകളുടെ തുടക്കമാവുമ്പോഴേക്കും വിദേശമലയാളികളുടെ എണ്ണം രണ്ടരലക്ഷത്തോളമായി മാറി. 2020 ഏപ്രിൽ 27ന് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ഇരുദയരാജൻ എഴുതിയ ലേഖനത്തിൽ (An Expert Explains: What is the future of migration from Kerala?) കേരളത്തിൽ നിന്നുള്ള പ്രവാസത്തിന്റെ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സെൻ്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയ കേരള മൈഗ്രേഷൻ സർവെ (Kerala Migration Survey -KMS) അടിസ്ഥാനപ്പെടുത്തിയാണ് ലേഖനം. 1998 ൽ ആദ്യ സർവെ നടക്കുമ്പോൾ 15 ലക്ഷം കേരളീയർ വിദേശങ്ങളിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. അന്നത്തെ കണക്കനുസരിച്ച് ഏതാണ്ട് ഏഴരലക്ഷത്തോളം പേരാണ് മുൻപ്രവാസികളായി കേരളത്തിൽ ഉണ്ടായിരുന്നത്. വിവിധ വർഷങ്ങളിൽ സർവെ ആവർത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ 2018 ൽ നടത്തിയ സർവെ പ്രകാരം 21,21,887 പേരാണ് വിദേശത്തുള്ളത്. 2016 ലെ കണക്കിൽ നിന്ന് 2,78,488 പേർ കുറവാണ് ഇത്. വർധിച്ചുകൊണ്ടിരുന്ന പ്രവാസത്തിന്റെ നിരക്ക് 2008 മുതൽ കുറഞ്ഞുവന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതൽ പേർ ജോലിയെടുക്കുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. ആകെ പ്രവാസികളുടെ 89.2 %. ഗൾഫിൽ ഏതാണ്ട് നാലിലൊരാൾ മലയാളിയാണെന്ന് കണക്കാക്കാമെന്ന് ഇരുദയരാജൻ പറയുന്നു.
പ്രതിസന്ധിയിലായ കേരള സമ്പദ്വ്യവസ്ഥയെ ഒരുകാലത്ത് താങ്ങിനിർത്തിയത് വിദേശമലയാളികളുടെ സമ്പത്തുകൊണ്ടായിരുന്നുഎന്ന് നമുക്കറിയാം. അതിപ്പോഴും തുടരുകയും ചെയ്യുന്നു. പക്ഷേ, ഗൾഫിലെ കുടിയേറ്റം പലപ്പോഴായി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ഗൾഫ് യുദ്ധം, ലോക സാമ്പത്തിക പ്രതിസന്ധി, സൌദിവൽക്കരണം (നിതാഖത്) തുടങ്ങിയ അവസരങ്ങളോർക്കുക. കോവിഡ് വ്യാപനം വലിയ തോതിൽ പ്രവാസികളുടെ തിരിച്ചുവരവിന് കാരണമായി. അഞ്ചുലക്ഷത്തിനുമുകളിൽ പ്രവാസികൾക്ക് ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ടു എന്ന് ഇയ്യിടെ വന്ന ചില പത്രവാർത്തകളിൽ കാണുന്നു.
വിദേശപ്രവാസം വലിയതോതിൽ നടക്കുന്ന അതേ അവസരത്തിൽതന്നെ കേരളത്തിൽ ജോലി ചെയ്യാൻ ആളുകളില്ലാത്ത സ്ഥിതിയും നാമനുഭവിച്ചു. ആളുകളെ കാത്ത് തൊഴിലവസരങ്ങൾ ഉണ്ടായിരിക്കുകയും എന്നാൽ അതേ അവസരത്തിൽത്തന്നെ തൊഴിലില്ലാപ്പടയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വിചിത്രമായ ഒരവസ്ഥയാണത്. ഇതിനെത്തുടർന്നാണ് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽതേടി വലിയതോതിലുള്ള കുടിയേറ്റം കേരളത്തിലുണ്ടാവുന്നത്. 2013 ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ കണക്കാക്കിയതുപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ചുലക്ഷം പേർ മറ്റു പ്രദേശങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറിയിട്ടുണ്ട്. വർഷം തോറും 2.35 ലക്ഷംവച്ച് ഇത് കൂടിക്കൊണ്ടിരിക്കുന്നതായും കണക്കാക്കിയിട്ടുണ്ട്. വിവിധ തൊഴിലുകളോട് മലയാളികൾ പുലർത്തുന്നമനോഭാവത്തിൻ്റെ പ്രശ്നം ഇതിനുപുറകിലുണ്ട്. വൈറ്റ്കോളർ ജോലികൾക്ക്, വിശിഷ്യ സർക്കാർ മേഖലയിലുള്ള ജോലികളോട് വലിയ തോതിൽ ആഭിമുഖ്യം പുലർത്തുന്നവരാണ് ഏറെയും. സർക്കാർ മേഖലയിൽ ഏറ്റവും താഴ്ന്ന തസ്തികയിലേക്കുള്ള അപേക്ഷകരിൽ ബഹുഭൂരിഭാഗവും നിശ്ചിത വിദ്യാഭ്യാസയോഗ്യതിയിൽ കൂടുതൽ യോഗ്യതകൾ നേടിയവരാണ്. മറ്റുമേഖലകളിലുള്ള തൊഴിലുകളോട് താല്പര്യമില്ലായ്മയാണ് പൊതുവെ മലയാളി പുലർത്തുന്നത്. എന്നാൽ വിദേശങ്ങളിൽ വിശിഷ്യ ഗൾഫിൽ എത്തിച്ചേരുന്നതിൽ വലിയൊരു പങ്കും അത്തരം ജോലികളിലാണ് അവിടെ ഏർപ്പെടുന്നതെന്നാണ് വാസ്തവം.96.2 ശതമാനമെന്ന കണക്കോടെ ഇന്ത്യയിലെ ഏറ്റവും കൂടിയ സാക്ഷരതാനിരക്കുമായാണ് കേരളം നിലനിൽക്കുന്നത്. നമ്മുടെ തൊഴിലന്വേഷകരിൽ ഭൂരിഭാഗവും പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുകയോ അത് പാസാകുകയോ ചെയ്തവരാണെന്ന് കരുതിപ്പോരുന്നു. ഹയർസെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞവരിൽ പ്രൊഫഷണലോ അല്ലാത്തതോ ആയ ഉന്നതവിദ്യാഭ്യാസത്തിന് പോവുന്നവർ വളരെയധികമില്ലെന്നേ കണക്കാക്കാൻ പറ്റൂ. സ്വാശ്രയകോഴ്സുകൾ കൂടി കണക്കിലെടുത്താലും ഇതിൽ വലിയ മാറ്റം വരുമെന്ന് തോന്നുന്നില്ല. ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് കടന്നുചെല്ലുന്നവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. അപ്പോൾ നമ്മുടെ ആൺകുട്ടികൾ എങ്ങോട്ടാണ് പോവുന്നത്? ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടക്കേണ്ടതുണ്ട്. ഏതാനും വർഷം മുമ്പ് സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരായിരുന്നു നാട്ടിലെ തൊഴിൽസേനയിലെ ഭൂരിപക്ഷവും. ഇന്നതുമാറി ഹയർസെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയവരായി മാറിയിരിക്കുന്നു. വിജയശതമാനം എൺപതുശതമാനത്തിനു മുകളിലായതിനാൽ ഭൂരിപക്ഷവും അത് വിജയകരമായി പൂർത്തിയാക്കിയവരുമാണ്.
മറ്റൊരു കാര്യം ഔപചാരികമായി തൊഴിലന്വേഷകരുടെ പടയിൽ അണിചേരുമ്പോഴും ഇവരാരും രാവിലെമുതൽ വൈകുംവരെ വെറുതെ ഇരിക്കുന്നവരല്ല. ഏതെങ്കിലും തരത്തിൽഉപജീവനപ്രവർത്തികളിൽ അവർ ഏർപ്പെടുന്നുണ്ട്. അത് നാട്ടിലോ മറ്റു പ്രദേശങ്ങളിലോ ആവാം. ഏറ്റവും പ്രധാനപ്പെട്ട വസ്തുത പന്ത്രണ്ടോ അതിലധികമോ വർഷം നീണ്ട പഠനകാലം കൊണ്ട് ഇവർക്ക് ഏതെങ്കിലും മേഖലയിൽ നൈപുണികൾ വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. ഇത് തൊഴിലന്വേഷകരുടെ മാത്രം പ്രശ്നമല്ല, വിവിധ മേഖലകളിൽ പണിയെടുത്തുകൊണ്ടിരിക്കുന്നവരും ഏതെങ്കിലും തരത്തിലുള്ള നൈപുണീവർധന അവരുടെ തൊഴിൽജീവിതത്തിനിടയിൽ നേടുന്നില്ല എന്നതത്രെ വസ്തുത. പ്രായോഗികമായി പഠിച്ചെടുത്ത പണിയെ ആസൂത്രിതമായ രീതിയിൽ പുതിയ തലങ്ങളിലേക്ക് ഉയർത്താൻ അവർക്ക് കഴിയാതെ പോവുന്നു. എന്നാൽ ഈ വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ ആസൂത്രണമോ നയപരിപാടികളോ അല്ല നാട്ടിൽ രൂപമെടുക്കുന്നത്. പുറത്തേക്ക് പോവുന്ന പത്തുശതമാനമോ അതിലും താഴെയോ വരുന്ന ഒരു വിഭാഗത്തിന്റെ കണക്കാണ് എല്ലാവരും പറയുന്നത്. പുറത്ത് പോയവരിൽത്തന്നെ ഭൂരിപക്ഷവും ആരാണ്? ഏതു തരത്തിലുള്ള അറിവോ സ്കില്ലോ ആണ് അവർക്ക് പ്രയോജനപ്പെട്ടത് എന്ന് നാം പരിശോധിക്കേണ്ടതില്ലേ? അതിജീവനത്തിനും ഉപജീവനത്തിനും ഉതകുന്ന നൈപുണികൾ വളർത്താൻ സഹായിക്കുന്ന വിദ്യാഭ്യാസവും പരിശീലനവുമല്ലേ നാം ഒരുക്കേണ്ടത്? ഇംഗ്ലീഷ് ഭാഷയിൽ പഠിച്ചതുകൊണ്ടുമാത്ര നമ്മുടെ കുട്ടികൾ രക്ഷപ്പെടുമോ? നാട്ടിൽ ലഭ്യമായ വിഭവങ്ങളെയും അധ്വാനശേഷിയേയും സമജ്ഞസമായിയോജിപ്പിക്കാൻ കഴിയുമ്പോഴാണല്ലോ യഥാർത്ഥവികസനം ഉണ്ടാകുന്നത്. അപ്പോൾ ഇവിടുത്തെ അധ്വാനശേഷിയെ പ്രയോജനപ്പെടുത്താനുള്ള കാര്യങ്ങൾക്കല്ലേ നാം മുൻഗണന നൽകേണ്ടത്? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
വിദ്യാഭ്യാസം, ഭാഷ, തൊഴിൽ
വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്ത് എന്ന അടിസ്ഥാനകാര്യം പലപ്പോഴും പലരും മറന്നുപോവുന്നു. നാടിന്റെ ഉൽപ്പാദനപ്രവർത്തനങ്ങളുമായി പുതിയ തലമുറയെ കണ്ണിചേർക്കുക എന്ന ലക്ഷ്യം അതിനുണ്ട്. കുട്ടികളിലുള്ള ബഹുമുഖമായ കഴിവുകളെ പോഷിപ്പിക്കുകയും യുക്തിപരമായി ചിന്തിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതിൽ ഊന്നേണ്ടതുണ്ട്. അറിവുനിർമാണത്തിന്റെ രീതിശാസ്ത്രം സ്വായത്തമാക്കുക എന്നതാണ് അവിടെ പ്രധാനം. അറിവുനിർമാണത്തിലേക്ക് അവർക്ക് മുന്നേറാൻ കഴിയണം. അടിസ്ഥാനകാര്യങ്ങളെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഉൾക്കൊള്ളാൻ കുട്ടികൾക്ക് കഴിയുക അവരുടെ സാമൂഹികചുറ്റുപാടുകളിലെ ഭാഷയിലൂടെയാണ്. അറിവുകളും നൈപുണികളും നേടുന്നതിൽ ഭാഷ ഒരു തടസ്സമായി മാറരുത്. പിന്തള്ളപ്പെടുന്നവരിൽ ഏറെയും ഈ ബുദ്ധിമുട്ട് പലതരത്തിൽ നേരിടുന്നവരാണ്. തീർച്ചയായും ആഗോളബന്ധഭാഷകളും വൈജ്ഞാനികഭാഷകളും വ്യക്തികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അത് ആർജിക്കാനുള്ള- ഏറ്റവും മികച്ച രീതിയിൽ ആർജിക്കാനുള്ള- അവസരം അവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. മാതൃഭാഷയോടൊപ്പം പ്രാധാന്യം നൽകിക്കൊണ്ട് അത് പഠിക്കാനുള്ള അവസരം ഒരുക്കണം. എന്നാൽ ഭാഷേതരവിഷയങ്ങളുടെ പഠനം മറ്റൊരു ഭാഷയിലൂടെ നടത്തുന്നത് ഭാവിയിലേക്കുള്ള അവരുടെ ചുവടുവയ്പിനെ പ്രതികൂലമായി ബാധിക്കും എന്നുകൂടി ഓർക്കണം.
വിദ്യാഭ്യാസത്തിന്റെ വൈവിധ്യവൽക്കരണത്തിലൂടെ വ്യത്യസ്തമായ നിരവധി തൊഴിൽമേഖലകളിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാൻ കഴിയും. മെക്കാനിക്കൽ മേഖല, ഐ ടി മേഖല, ഇലക്ട്രിക്കൽ മേഖല, സോളാർ എഞ്ചിനീയറിങ്ങ്, റഫ്രിജറേഷൻ, വാട്ടർ ഹാർവെസ്റ്റിങ്ങ്, ടൂറിസം, വിവിധതരം ക്രാഫ്റ്റുകൾ എന്നിങ്ങനെ ഓരോരുത്തരുടെയും താൽപ്പര്യമുള്ള മേഖലകൾ കണ്ടെത്തി അതിലേക്ക് നയിക്കാൻ കഴിയും. ചെറിയതും വലിയതുമായ തോതിൽ യന്ത്രവൽക്കരണ സഹായത്തോടെ, ഇന്ന് അനാകർഷകമെന്ന് കരുതപ്പെടുന്ന രംഗങ്ങളെയും ആകർഷകങ്ങളാക്കി മാറ്റാൻ കഴിയും. എന്തിന് ഭാഷപോലും ഇത്തരത്തിൽ പ്രയോജനപ്പെടുത്താം. ഈ ലേഖകന്റെ ഭാഷാസൂത്രണവും പൊരുളും വഴികളും എന്ന പുസ്തകത്തിൽ എട്ടാം ക്ലാസ് മുതൽ കുട്ടികളുടെ താൽപ്പര്യമനുസരിച്ച് മൂന്നാംഭാഷ പഠിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനെക്കുറിച്ച് ഒരു നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ജർമൻ, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയതുപോലുള്ള ഭാഷകൾകൂടി അത്തരത്തിൽ പഠിക്കാൻ അവസരമൊരുക്കാം.
ടൂറിസം ഭാവിയിൽ കേരളത്തിൽ ഒരുപ്രധാനരംഗമായി കടന്നുവരുമ്പോൾ ഇവിടേയ്ക്ക് കടന്നുവരുന്ന സഞ്ചാരികൾക്കും ഇവിടത്തെ സേവനദാതാക്കൾക്കുമിടയിൽ പാലമിടുന്നവരായി അത്തരത്തിൽ നൈപുണി നേടുന്നവർക്ക് പ്രവർത്തിക്കാൻ കഴിയും. സഞ്ചാരികൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ, അവരുടെ സ്വന്തം ഭാഷയിൽ കാര്യങ്ങൾ നടത്തിക്കൊടുക്കാൻ ഇവിടെ ആളുകളുണ്ടാവുക എന്നത് വലിയ തോതിൽ അംഗീകരിക്കപ്പെടുമെന്നതിൽ തർക്കമില്ല.
നൈപുണീവികസനം എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാപഞ്ചായത്ത് കഴിഞ്ഞ ഇരുപതുവർഷത്തോളമായി നടത്തിപ്പോരുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിന്റെ അനുഭവങ്ങളെ വിലയിരുത്തുന്നത് ഏറെ പ്രസക്തമായിരിക്കുമെന്ന് തോന്നുന്നു. നിരവധി മേഖലകളിലായി ഏതാണ്ട് അമ്പതിനായിരത്തിനടുത്ത് ആളുകൾ അവിടത്തെ കോഴ്സുകളിലൂടെ ഇതിനകം കടന്നുപോയിട്ടുണ്ടാവും. അതിൽ വലിയൊരു ശതമാനം പേർ അതിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു. എന്നാൽ, ചില കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ കേന്ദ്ര ഏജൻസികളാണ് നൽകുന്നത് എന്നതിനാൽ അത്തരം വിഷയങ്ങളുടെ പരീക്ഷ അവർക്ക് ഇംഗ്ലീഷ് ഭാഷയിലാണ് എഴുതേണ്ടത് എന്ന ദുഃസ്ഥിതി നിലനിൽക്കുന്നു. പ്രായോഗികമായി മികച്ചരീതിയിൽ പ്രകടനം കാഴ്ചവെക്കാനറിയുമെങ്കിലും അത് ഇംഗ്ലീഷിൽ എഴുതി അവതരിപ്പിക്കേണ്ടി വരുന്നത് പലരേയും പരാജിതരാക്കുന്നു.
ആഭ്യന്തരമായി എത്രതന്നെ തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിച്ചാലും എല്ലാവർക്കും ഇവിടെത്തന്നെ തൊഴിൽ നൽകാൻ കഴിയുമെന്ന് അവകാശപ്പെടുന്നില്ല. അപ്പോഴും കുറച്ചുപേർക്ക് പുറത്തേക്ക് പോവേണ്ടി വരും. അങ്ങനെ പോവുന്നവരുടെ കാര്യം തന്നെ ഒന്ന് പരിശോധിച്ചുനോക്കൂ. ഇപ്പോൾ പുറത്തുപോയവർ ഏതെല്ലാം തരത്തിലുള്ള അറിവുകളും നൈപുണികളുമായാണ് പോയത്? പരിശോധിച്ചുനോക്കേണ്ടതല്ലേ? ഇംഗ്ലീഷ് ഭാഷയിലുള്ള ആഴത്തിലുള്ള പരിജ്ഞാനമെന്ന ഒറ്റ ഘടകം മാത്രമാണോ അവർക്ക് പ്രയോജനപ്പെട്ടത്? നൈപുണീവികസനം ഇവിടെത്തന്നെ തൊഴിലെടുക്കുന്നവർക്കുവേണ്ടിയുള്ള ഒരു കാര്യമല്ലെന്നോർക്കണം.
വിദേശത്തേക്കുപോവുന്നവർക്കും അത്പ്രധാനമാണ്. ഗൾഫിലേക്കു പോയവരിൽത്തന്നെ വിശേഷനൈപുണികളുള്ളവർക്ക് മുൻഗണനയുണ്ടെന്നാണ് അറിയുന്നത്.
അന്താരാഷ്ട്ര തൊഴിൽവിപണിയുടെ കാര്യം പരിശോധിച്ച പണ്ഡിതർ ചൂണ്ടിക്കാണിച്ച ഏതാനും കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഈ ലഘുകുറിപ്പ് അവസാനിപ്പിക്കാം. ഇവ കേരളത്തിന്റെ സവിശേഷസാഹചര്യത്തെക്കുറിച്ചല്ലെങ്കിലും നമുക്കും പ്രസക്തമാണ്.
ഒന്ന്, ലോകത്തിന്റെ പല ഭാഗത്തും ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ടുമാത്രം തൊഴിൽ നേടാൻ കഴിയില്ല. ഇംഗ്ലീഷ് പ്രധാഭാഷയായി നിൽക്കുന്ന രാജ്യങ്ങളായി യു എസ്, യു കെ, ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നിങ്ങനെ കുറച്ചെണ്ണമേയുള്ളൂ. ചൈന, ജപ്പാൻ, ജർമനി, ഫ്രാൻസ്, തെക്കേ അമേരിക്ക, റഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിൽ അവിടുത്തെ ഭാഷയ്ക്കാണ് പ്രാധാന്യം. യൂറോപ്യൻ രാജ്യങ്ങളിൽ തന്നെ അവരവരുടെ ഭാഷയാണ് പ്രധാനം. ഇത്തരം പ്രദേശങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ അവിടുത്തെ ഭാഷ പഠിച്ചെടുത്തേ പറ്റൂ.
രണ്ട്, ഇംഗ്ലീഷ് ഭാഷ പ്രധാനമാണെന്ന് വരുന്ന സന്ദർഭങ്ങളിൽപ്പോലും/പ്രദേശങ്ങളിൽപ്പോലും ആശയവിനിമയം നടത്താനുള്ള ഇംഗ്ലീഷ് പരിജ്ഞാനമാണ് ആവശ്യമായി വരുന്നത്. തങ്ങളുടെ സവിശേഷവൈജ്ഞാനികമേഖലയിൽ ആഴത്തിലുള്ള അറിവ് ഉണ്ടാവുക എന്നതാണ് പ്രധാനം. വിഷയത്തിലുള്ള അറിവിന്റെ വ്യാപ്തിയെ ഭാഷയിലുള്ള അറിവുകൊണ്ട് പകരം വെക്കാനാവില്ല. മൂന്ന്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം മുഖ്യആവശ്യമായി വരുന്ന തൊഴിലുകൾ ലോകതൊഴിൽ വിപണിയിലെ ആകെ തൊഴിലുകളുടെ വളരെ ചെറിയൊരു ശതമാനം മാത്രമെ വരുന്നുള്ളൂ. തൊഴിൽ കമ്പോളത്തിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തൊഴിലന്വേഷകന്റെ സവിശേഷമായ വിദ്യാഭ്യാസനേട്ടങ്ങളോട് കൂട്ടുചേർന്നുനിൽക്കുമ്പോൾ മാത്രമാണ് ഇംഗ്ലീഷ് പരിജ്ഞാനവും ഒരു ഘടകമായി മാറുന്നത്. ഇംഗ്ലീഷ്മാധ്യമ വിദ്യാഭ്യാസത്തിലൂടെ കടന്നുപോയതുകൊണ്ടുമാത്രം ഇത്തരം തൊഴിലവസരങ്ങൾ ലഭ്യമാവുമെന്നുള്ളത് ഇംഗ്ലീഷേതരരാജ്യങ്ങളിൽ പടർന്നുപിടിച്ച തെറ്റായ ഒരു ചിന്താധാരയുടെ ഫലമായാണ്. നവലിബറൽ നയങ്ങളുടെ സ്വാധീനഫലമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇംഗ്ലീഷധിഷ്ഠിത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള മുറവിളി ഉയർന്നുവരുന്നുണ്ട് എന്ന് തുടക്കത്തിൽ സൂചിപ്പിച്ചല്ലോ. പ്രത്യേകിച്ച് കോളനിയനന്തരരാജ്യങ്ങളിൽ. ഈ ചിന്താധാര വളരെ ശ്രദ്ധാപൂർവം വളർത്തിയെടുത്ത ഭാഷാപരമായ സാമ്രാജ്യത്വം എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനും അമേരിക്കയും നൽകുന്ന സാമ്പത്തികസഹായങ്ങൾ, യൂറോകേന്ദ്രിതമായ ഗവേഷണങ്ങൾ, വരേണ്യവർഗത്തിന്റെ പിന്തുണയോടെ കോളനിവാഴ്ചക്കാലത്തും അതിനുശേഷവും നടപ്പാക്കിയ വിദ്യാഭ്യാസനയങ്ങൾ തുടങ്ങിയവയാണ് ഇംഗ്ലീഷിന്റെ വ്യാപനത്തിന്റെയും അതിനെക്കുറിച്ചുള്ള മിഥ്യാധാരണകളുടെ വളർച്ചയുടെയും പുറകിലുള്ളത്. നിയോലിബറൽ നയങ്ങൾ ജനകോടികളുടെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ പ്രയോജനപ്പെട്ടിട്ടില്ല എന്നതു പോലെ തന്നെ, ഇംഗ്ലീഷിൻ്റെ ആഗോളപ്രചാരം ജനകോടികളുടെ ജീവിതാവസരങ്ങളെ മെച്ചപ്പെടുത്തുന്നതിന് പ്രയോജനപ്പെട്ടിട്ടില്ല എന്ന തോമസ് റിസൻ്റൊയുടെ (കനഡയിലെ യൂനിവേഴ്സിറ്റി ഓഫ് കാൽഗരിയിലെ പ്രൊഫസർ) വിലയിരുത്തലും ശ്രദ്ധേയമാണ്. തുച്ഛവരുമാനക്കാരും സാമൂഹികസുരക്ഷയോ സാമൂഹികചലനാത്മകതയോ നേടാൻ കഴിയാത്തവരുമായ ദരിദ്രരാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ സമ്പദ്വ്യവസ്ഥയ്ക്ക് പുറത്താണെന്ന വസ്തുത അദ്ദേഹം ലാംഗ്വേജ് പോളിസി ഏന്റ് പൊളിറ്റിക്കൽ ഇക്കണോമി- ഇംഗ്ലീഷ് ഇൻ എ ഗ്ലോബൽ കോൺടെക്സ്റ്റ് എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ വിദ്യാഭ്യാസമേഖലയിലെ ഭാഷാനയ രൂപീകരണം ഉപരിവർഗത്തിന്റെ താത്പര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്നത് അത്യന്തം ഗൌരവാവഹമായ കാര്യമാണ്.
- സി . എം മുരളീധരൻ