കൊല്ലം തോറും നടത്തിവരാറുള്ള ഭരണഭാഷാ വാരം എന്ന ആണ്ടുനേർച്ച ഈ വർഷവും പൂർവ്വാധികം ഭംഗിയോടെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. നവം.1 മുതൽ 7 വരെയാണ് ഉത്സവ മഹാമഹം സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ അരങ്ങേറുക.മാവേലി സ്റ്റോറിലെ ബില്ലുകൾ ഇപ്പോഴും മലയാളത്തിലല്ല. ഗ്രാമത്തിലെ ജനങ്ങൾക്ക് അവരുടെ ഭാഷയിൽ നീതി ലഭ്യമാക്കാൻ നിയുക്തമായ ഗ്രാമക്കോടതികളുടെ പോലും ഉത്തരവുകൾ മലയാളത്തിലല്ല. സെക്രട്ടറിയേറ്റിൽ നിന്നിറങ്ങുന്ന ഉത്തരവുകൾ മിക്കതും സായിപ്പിൻ ഭാഷയിൽ തന്നെ. 2024 ആഗസ്റ്റ് വരെ മലയാളത്തിലായിരുന്ന ചീഫ് സെക്രട്ടറി നടത്തുന്ന ഉന്നതതല യോഗത്തിൻ്റെ നടപടിക്കുറിപ്പിൽ നിന്നുപോലും മാതൃഭാഷയെ പടിയടച്ചു പിണ്ഢം വെച്ചു കഴിഞ്ഞു. നേരത്തെ മലയാളത്തിലായിരുന്ന പെൻഷൻ ബുക്കും, പി.എസ്.സി ഹാൾ ടിക്കറ്റുമെല്ലാം വീണ്ടും വിദേശ ഭാഷയിലേക്ക് പിൻമാറുകയാണ് കേരളത്തിൽ.പ്രതിജ്ഞ നടക്കും, ബാനർ കെട്ടും, ഇംഗ്ലീഷ് വാക്കിന് കടിച്ചാൽ പൊട്ടാത്ത മലയാളം എഴുതിവെക്കും. നയം മലയാളമാണെന്ന് മൈക്കിന് മുന്നിൽ പറയും. കൊടി ഉയരും, ചെണ്ടമേളവും കഥകളിയും നടക്കും.പക്ഷേ… വഞ്ചി തിരുനക്കരയിൽ നിന്നധികം പോവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ജനാധിപത്യമെന്നാൽ വോട്ടെടുപ്പും അധികാരവും മാത്രമല്ല. സർക്കാർ വിവരങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ മനസിലാവുന്നതു കൂടിയാണ്.#ഭരണഭാഷമാതൃഭാഷ