എ ഐ സി ടി ഇ നടപ്പിലാക്കിയ പ്രാദേശികഭാഷകളിൽ കൂടി എഞ്ചിനീയറിംഗ് പഠനം സാധ്യമാക്കാനുള്ള തീരുമാനത്തോട് കേരളം മുഖംതിരിഞ്ഞിരിക്കുന്നത് ശരിയല്ല എന്ന് പ്രസിദ്ധ വിദ്യാഭ്യാസവിചക്ഷണനും ശാസ്ത്രപ്രചാരകനുമായ ശ്രീ ആർ വി ജി മേനോൻ അഭിപ്രായപ്പെട്ടു. എൻജിനീയറിംഗ് പഠനം ആഴത്തിൽ കുട്ടികളുടെ ഉള്ളിലേക്ക് എത്തേണ്ടതാണ്. അതിന് പലപ്പോഴും തടസ്സം നിൽക്കുന്നത് മാധ്യമമാണ്. പ്രാദേശിക ഭാഷകളിൽ കൂടി എൻജിനീയറിങ് പഠനം സാധ്യമാകുന്നത് വിഷയത്തെ ശരിയായി മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കും. സാങ്കേതികപദങ്ങളുടെ പേരിൽ എൻജിനീയറിങ് പഠനം മാതൃഭാഷയിൽ സാധ്യമാകില്ല എന്ന വാദം നിലനിൽക്കാത്ത താണ്. സാങ്കേതിക പദങ്ങൾ അതുപോലെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ പഠനം മലയാളത്തിൽ സാധ്യമാകും. പഠിക്കാനും പരീക്ഷ എഴുതാനും മാതൃഭാഷയിൽ സാധിക്കുന്നതോടെ എൻജിനീയറിങ് പഠനം കൂടുതൽ സൂക്ഷ്മവും പ്രായോഗികവുമാവും എന്നും അദ്ദേഹം വിലയിരുത്തി. ലോകത്തെ ഒട്ടേറെ വികസിതരാജ്യങ്ങളിൽ അവരുടെ പ്രാദേശിക ഭാഷയിൽ ആണ് എഞ്ചിനീയറിങ്ങും മെഡിസിനും പഠിക്കുന്നത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മലയാള ഐക്യവേദി സംസ്ഥാനസമിതി സംഘടിപ്പിച്ച എൻജിനീയറിങ് പഠനം മലയാളത്തിൽ എന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതൃഭാഷ സാങ്കേതിക വിദ്യാഭ്യാസത്തിന് പര്യാപ്തമല്ല എന്ന വാദത്തിന്റെ പൊള്ളത്തരം, ലോകത്താകമാനം നടക്കുന്ന ഭാഷയുടേയും വിദ്യാഭ്യാസത്തെയും മേഖലയിലെ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ പി പവിത്രൻ തുറന്നുകാട്ടി. സംവാദത്തിൽ വിഷയവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ഉന്നയിക്കപ്പെട്ടു. ആർ വി ജി മേനോനും പി പവിത്രനും സംശയങ്ങൾക്ക് മറുപടി പറഞ്ഞു.
മലയാള ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് സി അരവിന്ദൻ പരിപാടിയില് അധ്യക്ഷത വഹിച്ചു. ഐക്യവേദി സെക്രട്ടറി കെ ഹരികുമാർ സ്വാഗതവും വിദ്യാർത്ഥി മലയാളവേദി സംസ്ഥാന ചെയര്പേഴ്സന് എസ് ആര് അഭിരാമി നന്ദിയും രേഖപ്പെടുത്തി.