പാലക്കാട്: കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായ ഹയർസെക്കൻഡറിയിൽ ഇന്നും തുടരുന്ന അതീവ ഗുരുതരമായ മാതൃഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന്, ജനുവരി 25-ന് പാലക്കാട് ചേർന്ന മലയാളം ഐക്യവേദി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറിയിൽ മറ്റു വിഷയങ്ങൾക്കെല്ലാം 50 കുട്ടികളാണ് പരമാവധി ഒരു വിഷയത്തിന് വേണ്ടുന്നത്. ചുരുങ്ങിയത് 25 കുട്ടികളും. എന്നാൽ മലയാളമടക്കമുള്ള രണ്ടാം ഭാഷകൾക്ക് ഒരു ക്ലാസ് തികയാൻ 65 കുട്ടികൾ വേണമെന്നാണ് വകുപ്പ് നിർബന്ധം പിടിക്കുന്നത്. അത് കൂടാതെ മാർജിനിൽ ഇംക്രീസ് എന്ന നിലയിൽ പ്രവേശിപ്പിക്കുന്ന 30 ശതമാനം കുട്ടികളെ ഈ കണക്കെടുപ്പിൽ ഒഴിവാക്കുകയും ചെയ്യുന്നു. ഫലത്തിൽ മാതൃഭാഷയുടെ ക്ലാസ് മുറിയിൽ 80 മുതൽ 100 വരെ കുട്ടികൾ ഉണ്ടെങ്കിലും അവർ ഒറ്റ ഡിവിഷനിൽ തിങ്ങി ഇരിക്കേണ്ടുന്ന അവസ്ഥയാണ്, ഇത് ഭാഷാ പഠനത്തെ ഗുരുതരമായി ബാധിക്കുകയും അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു. മറ്റു വിഷയങ്ങളെ പോലെ തന്നെ മാതൃഭാഷയെയും പരിഗണിക്കുകയും മാർജിനിൽ ഇംക്രീസ് അടക്കം പരിഗണിച്ചുകൊണ്ട് ഭാഷാ തസ്തികകൾ അനുവദിക്കുകയും ചെയ്യണമെന്നാണ് സംഘടന പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടത്.