തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ വകുപ്പ് സെക്രട്ടറിമാരുമായുള്ള പ്രതിമാസ യോഗത്തിൻ്റെ നടപടികൾ 2024 ആഗസ്റ്റ് വരെ മലയാളത്തിലുള്ള കുറിപ്പുകളായാണ് പുറത്തിറങ്ങിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ കുറിപ്പുകൾ മുഴുവനായും ഇംഗ്ലീഷിലേയ്ക്ക് മാറി. ഇത് ചൂണ്ടിക്കാട്ടി മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി രൂപിമ എസ്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയ്ക്കാകട്ടെ ഇംഗ്ലീഷിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയത്. ഭരണഭാഷാ നയത്തെത്തന്നെ അട്ടിമറിക്കുന്ന ഇത്തരം പ്രവണതകളുടെ അനൗചിത്യം ബോധ്യപ്പെടുത്തി വീണ്ടും അയച്ച പരാതിയിന്മേലാണ് ഇനിയുള്ള യോഗ തീരുമാനങ്ങൾ മലയാളത്തിൽ കൂടി പുറത്തിറക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചത്.