കോഴിക്കോട്: ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതരഭാഷകളുമായി കലർപ്പു പാടില്ലെന്ന ഭാഷാശുദ്ധിവാദമല്ല മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരമെന്നും അത് പലനിലകളിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ അവകാശസമരമാണെന്നും പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ആദി അഭിപ്രായപ്പെട്ടു. മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര ഭാഷകളിൽ നിന്ന് ധാരാളം ആശയങ്ങളും പദാവലികളും കടന്നു വന്നാണ് എല്ലാ ലോകഭാഷകളും ഇന്ന് കാണും വിധം വികസിച്ചത്. ഇംഗ്ലീഷ് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എന്നാൽ ഭരണത്തിൻ്റെയും നീതിന്യായ വ്യവസ്ഥയുടെയും വികസനത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയുമൊക്കെ ഭാഷയായി മറ്റൊരു ഭാഷയെ ആശ്രയിക്കേണ്ടി വരുമ്പോൾ അത് ജനാധിപത്യത്തിൻ്റെയും മനുഷ്യാവകാശത്തിൻ്റെയും നിഷേധമാണ്. ക്വിയർ, ട്രാൻസ്ജൻഡർ രാഷ്ട്രീയമടക്കമുള്ള നവീനാശയങ്ങൾ സൂചിപ്പിക്കാൻ മലയാളത്തിൽ പദമുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. ആ പദങ്ങൾ തന്നെയാണ് അതിൻ്റെ മലയാള പദങ്ങൾ. മലയാളികൾക്കിടയിൽ എളുപ്പത്തിൽ വിനിമയം ചെയ്യാവുന്ന പദങ്ങൾക്ക് മറ്റു പദങ്ങൾ നിർമ്മിക്കലല്ല മാതൃഭാഷയുടെ രാഷ്ട്രീയംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാലപ്പുറം ഗണപത് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് സി. കെ സതീഷ്കുമാർ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഡി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മിഥുൻ ഗോപി സ്വാഗതം പറഞ്ഞു. കെ.എം അതുല്യ, സചിത്രൻ പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി 8, 9 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായാണ് ജില്ല സമ്മേളനം നടന്നത്.