മതേതരവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിന്റെ നിലനില്പിൽ മാതൃഭാഷയുടെ നില്പും കെല്പും പ്രധാനമാണെന്ന് ആധുനിക ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഭാഷ കേവലം ഒരുപകരണമോ ആശയവിനിമയോപാധിയോ മാത്രമല്ല എന്ന രാഷ്ട്രീയമായ തിരിച്ചറിവാണ് 2009-ൽ മലയാള ഐക്യവേദിയുടെ രൂപീകരണത്തിലേക്ക് വഴിതെളിച്ചത്. മാതൃഭാഷ ജനിതക സങ്കല്പമല്ല എന്നും സാമൂഹ്യവും ചരിത്രപരവും സൌന്ദര്യാത്മകവുമായ പ്രതിഭാസമാണെന്നു പറയാനുമാണ് ഇക്കാലമത്രയും മലയാള ഐക്യവേദി ശ്രമിച്ചത്. കഴിഞ്ഞ പന്ത്രണ്ടു വർഷക്കാലയളവിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ മാതൃഭാഷയ്ക്കുവേണ്ടി നടന്ന സമരങ്ങളോരോന്നും കേരളീയ സമൂഹത്തിന്റെ അടിവേരിനെ സ്പർശിക്കുന്നവയായിരുന്നു. ഈ പ്രായോഗികവും ആശയപരവുമായ സമരങ്ങൾക്ക് നേരിട്ടുള്ള ഫലങ്ങൾ നിരവധിയുണ്ട്. അവബോധപരമായ ഫലങ്ങൾ അതിനെക്കാൾ പ്രധാനമാണ്. അവയെല്ലാം കേരളചരിത്രത്തിന്റെ ഭാഗവുമാണ്.

ഈയൊരു പ്രവർത്തനത്തിന്റെ തുടർച്ചയും നീട്ടിവയ്ക്കലുമാണ് ‘മാതൃഭാഷ’ എന്ന ഈ പ്രസിദ്ധീകരണം. മാസത്തിൽ ഒന്ന് എന്ന നലയിലാണ് ഇത് പ്രസിദ്ധീകരിക്കുക. ഇപ്പോൾ പി.ഡി.എഫ്. രൂപത്തിലുള്ള മാസിക വൈകാതെതന്നെ ഇതര സങ്കേതങ്ങളിലേക്കും മാറും. മാതൃഭാഷകളുടെ വിശാലമായ ഐക്യത്തെയാണ് ‘മാതൃഭാഷ’ പ്രതിനിധീകരിക്കുക. ജനാധിപത്യവും ഭാഷാസമത്വവുമാണ് ഇതിന്റെ കാതൽ. കേരളീയ സന്ദർഭത്തിൽ, ഭാഷാന്യൂനപക്ഷ സമൂഹങ്ങളുടെയും ഗോത്രഭാഷാ സമൂഹങ്ങളുടെയും മാതൃഭാഷാവകാശത്തിനൊപ്പമായിരുന്നു എക്കാലവും മലയാള ഐക്യവേദി. മാതൃഭാഷാവിവേചനത്തെ അടിസ്ഥാന മനുഷ്യാവകാശ പ്രശ്നമായും തുല്യനീതിയുടെ നിഷേധമായും കാണുന്ന നിലപാടാണ് ‘മാതൃഭാഷ’ ഉയർത്തിപ്പിടിക്കുക. അത്തരത്തിൽ, ഭാഷാരാഷ്ട്രീയത്തിന്റെ മുഖപത്രം എന്ന നിലയിലാണ് ഇതിലെ ഉള്ളടക്കത്തെ വിഭാവനം ചെയ്യുന്നത്.

ആദ്യലക്കം കുറച്ച് തിടുക്കത്തിൽ തയ്യാറാക്കേണ്ടിവന്നതാണ്. മലയാള ഐക്യവേദിയുടെ ചരിത്രത്തെയും വർത്തമാനത്തെയും സംക്ഷിപ്തമായി അവതരിപ്പിക്കുന്ന കെ.എം. ഭരതന്റെ ലേഖനത്തോടെയാണ് ഇത് തുറക്കുന്നത്. തൊഴിലും മാതൃഭാഷയും എന്ന വിഷയത്തെ സംബോധന ചെയ്യാനാണ് ഈ ലക്കം ശ്രമിക്കുന്നത്. ഈ വിഷയത്തിലുള്ള സംഘടനയുടെ സമരമുഖങ്ങളെ സംബോധന ചെയ്യുന്നു എൻ പി പ്രിയേഷും എസ് രൂപിമയും സുഭാഷും പി പ്രേമചന്ദ്രനും. തൊഴിലും ഭാഷയും തമ്മിലുള്ള ബന്ധത്തെയും വിദ്യാഭ്യാസ മേഖലയിലെ ഭാഷാനയത്തിലെ ഉപരിവർഗതാത്പര്യങ്ങളെയും വ്യക്തമാക്കുന്നു സി എം മുരളീധരന്റെ ലേഖനം. തൊഴിൽ മലയാള സമരത്തിന്റെ ഫലശ്രുതിയെക്കുറിച്ച് ആർ നന്ദകുമാറും ആരോഗ്യവിദ്യാഭ്യാസം മാതൃഭാഷയിലാവേണ്ടതിനെക്കുറിച്ച് വി വിനോദും എഞ്ചിനീയറിംഗ് പഠനത്തിന്റെ മാധ്യമത്തെക്കുറിച്ച് ഹരിദാസനും എഴുതുന്നു, ഡിജിറ്റൽ മലയാളത്തിന്റെ തൊഴിൽസാധ്യതകളെക്കുറിച്ചാണ് ഋഷികേശ് ഭാസ്കരൻ എഴുതുന്നത്. മാധ്യമ മലയാളത്തിന്റെ വർത്തമാനത്തിലേക്ക് വഴിതുറക്കുന്നു പി സുരേഷിന്റെ ലേഖനം. മാതൃഭാഷകളുടെ അഖിലേന്ത്യാ കൂട്ടായ്മയുടെ വഴികളാണ് പി പവിത്രൻ വ്യക്തമാക്കുന്നത്. ഭാഷയുടെ ഈ മുഖപത്രത്തിലേക്ക് ഏവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

പി പ്രേമചന്ദ്രൻ
മുഖ്യ പത്രാധിപർ