1. ഏകഭാഷ അടിച്ചേൽപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും ആ സംവിധാനത്തിന്റെ ആണിക്കല്ലായ ഭാഷാ സംസ്ഥാനങ്ങളെയും തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുക.

ഇന്ത്യയുടെ വൈവിധ്യങ്ങളെ തകർത്തുകൊണ്ട് ഏകഭാഷാവാദം അടിച്ചേൽപ്പിക്കുന്ന നയം ഫെഡറലിസത്തിനു വിരുദ്ധമാണ്. മാതൃഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിന്റെ ചരിത്രം രാജാധികാരത്തിന്റെ നാട്ടുരാജ്യ സംവിധാനങ്ങളെ തകർത്ത് ഒരു ആധുനിക രാഷ്ട്രം നിർമ്മിക്കപ്പെട്ടതിന്റെ ചരിത്രമാണ്. ഇന്ത്യൻ ആധുനികീകരണത്തിന്റെ ഈ ചരിത്രത്തെ നിരാകരിക്കലാണ് ഏകഭാഷാ വാദം. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ ആണിക്കല്ലായ ഭാഷാ സംസ്ഥാനങ്ങളെയും അതുവഴി ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്ര സങ്കല്പത്തെത്തന്നെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ യൂണിയൻ ഗവണ്മെന്റ് അവസാനിപ്പിക്കുക.

  1. ഭാഷാപഠനത്തെ പരിമിതപ്പെടുത്തുകയും സൗന്ദര്യാത്മക വിദ്യാഭ്യാസമെന്ന സങ്കൽപ്പത്തെ തകർക്കുകയും ചെയ്യുന്ന ബിരുദ പുനഃസംഘടനാനടപടികൾ റദ്ദാക്കുക. ശ്യാം ബി. മേനോൻ കമ്മീഷൻ റിപ്പോർട്ട്‌ മലയാളത്തിൽ ലഭ്യമാക്കുക .

പാർലമെന്റിൽ ചർച്ച ചെയ്യാതെ നടപ്പാക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ നയമായ എൻ.ഇ.പി. 2020, മുൻപുണ്ടായിരുന്ന മൂന്ന് നയങ്ങളുടെയും വിച്ഛേദമാണ്. വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ചു ബിർള അംബാനി കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ വരെ ഉൾപ്പെട്ടിരിക്കുന്ന എൻ.ഇ.പി. 2020 അടിസ്ഥാനപരമായി മുതലാളിത്തത്തിന് അനുകൂലമായാണ് രൂപകല്പനചെയ്യപ്പെട്ടിട്ടുള്ളത്. എൻ.ഇ.പി. 2020-നെ രാഷ്ട്രീയ അജണ്ടയായി തന്നെ മനസ്സിലാക്കുകയും രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. യൂണിയൻ സർക്കാരിന്റെ നേതൃത്വത്തിൽ നിരന്തരമായി നടന്നുവരുന്ന ഏകതാ വാദങ്ങളുടെ തുടർച്ചയാണ് എൻ.ഇ.പി. 2020. ഇത് വിദ്യാഭ്യാസത്തിലെ ഫെഡറൽ മൂല്യങ്ങളെ തകർക്കുകയും പകരം അക്കാദമികമായ സമഗ്രാധിപത്യത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. നൈപുണി വികസനമെന്ന മറവിൽ ‘പൗരാണിക’ വിജ്ഞാനത്തെയും പ്രാദേശിക ഭാഷകൾക്ക് മുൻഗണനയെന്നതിന്റെ മറവിൽ അമിത പ്രാധാന്യത്തോടെ സംസ്കൃതവും പ്രസ്തുത നയം ഒളിച്ചുകടത്തുന്നു. സൗജന്യ വിദ്യാഭ്യാസമെന്ന ജനാധിപത്യ ആശയത്തെ അവഗണിക്കുകയും സ്വകാര്യ-സ്വാശ്രയ-സ്വയംഭരണ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആശയവിനിമയം നടത്താൻ ശേഷിയുള്ളതുകൊണ്ട് ഭാഷ പ്രത്യേകം പഠിക്കേണ്ടതില്ല എന്ന അങ്ങേയറ്റം നിരുത്തരവാദപരമായ നിർദ്ദേശം മുന്നോട്ടു വയ്ക്കുന്ന എൻ.ഇ.പി. 2020 സൗന്ദര്യാത്മക വിദ്യാഭ്യാസമെന്ന സങ്കല്പത്തെ പാടെ ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. സൗജന്യവിദ്യാഭ്യാസം, സംവരണം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം മുതലായ വാക്കുകളൊന്നും എൻ.ഇ.പി. 2020-ൽ കാണാൻ കഴിയുകയില്ല.

എൻ.ഇ.പി. 2020-ന് ബദലായി കേരള സർക്കാർ പിന്തുടരുന്നത് ശ്യാം ബി. മേനോൻ ചെയർമാനായ ‘കമ്മീഷൻ ഫോർ റീഫോംസ് ഇൻ ഹയർ എഡ്യൂക്കേഷൻ’ റിപ്പോർട്ടാണ്. എന്നാലിത് അടിസ്ഥാനപരമായ നയങ്ങളിൽ എൻ.ഇ.പി. 2020-ൽ നിന്നും കാര്യമായ വ്യത്യസ്തതകളൊന്നും മുന്നോട്ടുവയ്ക്കുന്നില്ല എന്നു കാണാം. ശ്യാം ബി. മേനോൻ കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ചു ഏറ്റവും പ്രസക്തമായ വസ്തുതയെന്തെന്നാൽ, പ്രസ്തുത റിപ്പോർട്ട്‌ മലയാളത്തിൽ ലഭ്യമല്ല എന്നുള്ളതാണ്. (അതേസമയം എൻ.ഇ.പി. 2020 റിപ്പോർട്ട്‌ മലയാളത്തിൽ ലഭ്യമാണ്.) ഇത് കേരള സർക്കാറിന്റെ ഭരണഭാഷാ നയത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. അതിനാൽ തന്നെ, ശ്യാം ബി. മേനോൻ കമ്മീഷൻ റിപ്പോർട്ട്‌ എത്രയും വേഗം മലയാളത്തിൽ ലഭ്യമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാകേണ്ടതുണ്ട്.

2013-ൽ ഡൽഹി സർവ്വകലാശാല തുടങ്ങിയ നാലു വർഷ കോഴ്സ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. നിലവിൽ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽനിന്നും പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന വലിയ വിമർശനങ്ങൾ കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് യൂണിയൻ സർക്കാരും കേരള സർക്കാരും പുതിയ വിദ്യാഭ്യാസ നയങ്ങൾ തിടുക്കത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്.

ആയതിനാൽ, ഭാഷാപഠനത്തെ പരിമിതപ്പെടുത്തുകയും സൗന്ദര്യാത്മക വിദ്യാഭ്യാസമെന്ന സങ്കല്പത്തെ തകർക്കുകയും ചെയ്യുന്ന ബിരുദ പുനഃസംഘടനാ പ്രവർത്തനങ്ങൾ റദ്ദാക്കുകയും ശ്യാം ബി. മേനോൻ കമ്മീഷൻ റിപ്പോർട്ട്‌ മലയാളത്തിൽ ലഭ്യമാക്കുകയും ചെയ്യണം.

3.സർക്കാർ പ്രസിദ്ധീകരണങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിക്കുക

ഒരു ഭാഷയിൽ വിജ്ഞാനനിർമ്മിതി സാധ്യമാവണമെങ്കിൽ പ്രസ്തുത ഭാഷ ഡിജിറ്റലായി കൂടി ലഭ്യമായിരിക്കുക എന്നത് ഇന്ന് അനിവാര്യമാണ്. മലയാളം ഡിജിറ്റലായി ലഭ്യമായിട്ടുള്ള ഭാഷയായിരിക്കെത്തന്നെ നാം നേരിടുന്ന വെല്ലുവിളി മലയാളത്തിലുണ്ടാകുന്ന പ്രസിദ്ധീകരങ്ങൾ പലതും ഡിജിറ്റലായി ലഭ്യമല്ല എന്നതാണ്. അതിനാൽ, കേരള സാഹിത്യ അക്കാദമി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, ചലച്ചിത്ര അക്കാദമി, സംഗീത – നാടക അക്കാദമി, വിവിധങ്ങളായ സർവ്വകലാശാലകൾ മുതലായ സ്ഥാപനങ്ങൾ സർക്കാർ പണമുപയോഗിച്ച് പുറത്തിറക്കുന്ന എല്ലാ ആനുകാലികങ്ങളും പുസ്തകങ്ങളും ജേർണലുകളും വൈകാതെ ഡിജിറ്റലായിക്കൂടി ലഭ്യമാക്കുക. മികച്ച പല വൈജ്ഞാനിക ഗ്രന്ഥങ്ങളും, പലതിന്റെയും തുടർ പതിപ്പുകളും സാമ്പത്തിക പ്രതിസന്ധി മൂലം അച്ചടിക്കാൻ കഴിയുന്നില്ല എന്ന പ്രശ്നവും ഇതിലൂടെ പരിഹരിക്കപ്പെടും.

  1. മലയാള പഠന നിയമം നടപ്പിലാക്കുക

കേരള സർക്കാർ 2017-ൽ പാസ്സാക്കിയ മലയാള പഠന നിയമം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും, പിന്തുടരുന്ന സിലബസ് ഏതുതന്നെ ആയാലും മലയാളം ഒരു ഭാഷയായി പഠിക്കണമെന്ന നിയമം കൊണ്ടുവന്നു. കേരളത്തിനകത്തു മലയാളം പഠിച്ച് ഇവിടെ ജീവിക്കാമെന്ന് തീരുമാനിച്ച കുട്ടികൾക്ക് ആ ഭാഷ പഠിക്കുന്നതിനു സംസ്ഥാന സർക്കാർ പരമാവധി പിന്തുണ നൽകണമെന്നും പ്രസ്തുത നിയമം പറയുന്നു. എന്നാൽ, ഇതുവരേയും ഇതു നടപ്പായിട്ടില്ല. സമൂലമായ വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിൽ, ഭാഷാപഠനം തന്നെ അപകടാവസ്ഥയിലായ ഈ ഘട്ടത്തിൽ, മലയാളപഠന നിയമം അടിയന്തിരമായി നടപ്പിലാക്കുക.

  1. പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകുന്നുവെന്ന് അവകാശപ്പെടുകയും അതേ സമയം ലക്ഷദ്വീപിൽ മലയാളം മീഡിയം നിർത്തലാക്കുകയും ചെയ്യുന്ന, ഭാഷാ വൈവിധ്യങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ പിൻവലിക്കുക.

പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകുന്നുവെന്ന യൂണിയൻ ഗവണ്മെന്റിന്റെ വാദങ്ങൾ അങ്ങേയറ്റം കപടമാണെന്നു തെളിയുന്നു ലക്ഷദ്വീപിലെ മലയാളം മീഡിയം നിർത്തലാക്കിയതിലൂടെ. ലക്ഷദ്വീപിലെ മലയാളം മീഡിയം നിർത്തലാക്കിയതുൾപ്പെടെ ഇന്ത്യയുടെ ഭാഷാ വൈവിധ്യങ്ങളെ തകർക്കുന്ന സകല നടപടികളും പിൻവലിക്കാൻ യൂണിയൻ ഗവണ്മെന്റ് തയ്യാറാവുക.

  1. ഹയർ സെക്കൻഡറിയിൽ ഭാഷാ വിഷയങ്ങളുടെ അശാസ്ത്രീയ തസ്തിക നിർണ്ണയം അവസാനിപ്പിക്കുക. നിർത്തലാക്കിയ മലയാള ജൂനിയർ അധ്യാപക തസ്തികകൾ പുന:സ്ഥാപിക്കുക.

2023 മുതൽ ഹയർ സെക്കന്ററിതലത്തിൽ ഭാഷാവിഷയങ്ങളുടെ തസ്തികനിർണയം അശാസ്ത്രീയമായാണ് നടപ്പിലാക്കുന്നത്. മറ്റുവിഷയങ്ങളിൽനിന്നു വ്യത്യസ്തമായി മലയാളം, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾക്ക് പഠിതാക്കളായ കുട്ടികളുടെ ആകെ എണ്ണം പൂർണമായും കണക്കാക്കാതെ തസ്തിക നിർണയിക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്‌. ഇത് സ്കൂളിലെ അദ്ധ്യാപകതസ്തിക ഇല്ലാതാക്കും എന്നു മാത്രമല്ല നിലവിലുള്ള അദ്ധ്യാപകർക്ക് ജോലിഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.

ഈ വിചിത്രനിയമപ്രകാരം കഴിഞ്ഞ വർഷം 46 മലയാളം ജൂനിയർ അദ്ധ്യാപക തസ്തികകളാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇതേത്തുടർന്ന് പി.എസ്.സി. (കാറ്റഗറി നമ്പർ 328/2017) റാങ്ക് പട്ടികയിലുൾപ്പെട്ട, ജോലി സാധ്യതയുണ്ടായിരുന്നവർക്ക് അവസരം നഷ്ടപ്പെടുകയും ചെയ്തു. അത് കൂടാതെ 16 സീനിയർ അധ്യാപക തസ്തികകൾ ജൂനിയറാക്കി മാറ്റിതീർക്കുകകയും ചെയ്തിട്ടുണ്ട്. ബിരുദാനന്തരബിരുദത്തോടൊപ്പം പിഎച്ച്ഡി ഉൾപ്പെടെയുള്ള ഉയർന്ന യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളോടു ചെയ്യുന്ന വലിയ നീതി നിഷേധമാണിത്.